| Wednesday, 16th March 2022, 11:30 pm

'കഞ്ഞിയെടുക്കട്ടെ മാണിക്യാ' ഞാന്‍ തന്നെ സ്റ്റിക്കര്‍ ആക്കിവെച്ചിരുന്നു; ഇതുസംബന്ധിച്ച ട്രോളുകള്‍ ആസ്വദിച്ചിരുന്നു: മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയിലെ ‘കഞ്ഞിയെടുക്കെട്ടെ മാണിക്യാ’
എന്ന ഡയലോഗുമായി ബന്ധപ്പെട്ട ട്രോളുകള്‍ ഇഷ്ടമാണെന്നും, അത് ആസ്വദിച്ചിരുന്നുവെന്നും മഞ്ജു വാര്യര്‍. ഭീഷ്മ പര്‍വ്വം സിനിമയില്‍ ‘കഞ്ഞി’ ഡയലോഗ് റീപ്ലേസ് ചെയ്തതിനെക്കുറിച്ച് അറിയില്ലെന്നും സിനിമ കാണാന്‍ സമയം ലഭിച്ചിട്ടില്ലെന്നും മഞ്ജു പറഞ്ഞു.

അതുസംബന്ധിച്ച് എന്ത് ട്രോള്‍ എവിടെ കണ്ടാലും സുഹൃത്തുക്കള്‍ എനിക്ക് അയച്ചുതരും. എനിക്കത് ഇഷ്ടമാണെന്ന് അവര്‍ക്കറിയാം. ഗ്രൂപ്പിലൊക്കെ ഇടാന്‍ ഞാന്‍ തന്നെ അത് സ്റ്റിക്കറായിവെച്ചിട്ടുണ്ടായിരുന്നുവെന്നും മഞ്ജു പറഞ്ഞു.

ലളിതം സുന്ദരം എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

ലളിതം സുന്ദരം എന്നത് എന്റെ ആദ്യത്തെ ഒ.ടി.ടി സിനിമയാണെന്നത് ഞാന്‍ ഇപ്പോഴാണ് ഓര്‍ക്കുന്നത്. ഇത് തീര്‍ച്ചയായും തിയേറ്ററിന് വേണ്ടി നിര്‍മിച്ച സിനിമയാണ്. ഇപ്പോഴത്തെ ഒരു സാഹചര്യം കാരണം ഒ.ടി.ടിക്ക് നല്‍കിയതാണ്. കൊവിഡ് അനിശ്ചിതാവസ്ഥയിലായ സമയത്താണ് സിനിമയുടെ റിലീസ് സംബന്ധമായ കാര്യങ്ങള്‍ നടന്നതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

തിയേറ്ററില്‍ സിനിമ റിലീസ് ചെയ്യാന്‍ കഴിയാത്തതില്‍ ചെറിയ വിഷമമുണ്ടെങ്കിലും ഇപ്പോള്‍ മലയാളം സിനിമക്ക് ഒ.ടി.ടിയില്‍ ലഭിക്കുന്ന റീച്ച് കണക്കിലെടുത്ത് പ്രതീക്ഷയുണ്ട്. ലളിതം സുന്ദരം വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ ആസ്വദിക്കാന്‍ പറ്റുന്ന സിനിമയാണ്. ഒ.ടി.ടി റിലീസ് തീരുമാനിക്കുന്നതിന് മുമ്പ് ഫിയോക് അടക്കമുള്ള സംഘടനകളുടെ അനുവാദം വാങ്ങിയിരുന്നവെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

മഞ്ജു വാര്യറും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് ലളിതം സുന്ദരം. മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചേട്ടനും അനിയത്തിയുമായാണ് മഞ്ജുവും ബിജു മേനോനും ചിത്രത്തിലെത്തുന്നത്.

മഞ്ജു വാര്യര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിനൊപ്പം സെഞ്ച്വറിയും നിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്.

പി. സുകുമാര്‍, ഗൗതം ശങ്കര്‍ എന്നിവരാണ് ലളിതം സുന്ദരത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലിജോ പോള്‍ ആണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, രമ്യ നമ്പീശന്‍, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

CONTENT HIGHLIGHTS:  Manju Warrier says that she likes trolls related to the dialogue Kanjiyedukkette Manikya’ from the movie Odiyan and enjoyed it.

We use cookies to give you the best possible experience. Learn more