| Thursday, 1st August 2024, 9:01 pm

ജെന്‍ഡര്‍ അടിസ്ഥാനത്തില്‍ നായിക - നായകനെന്നത് ഔട്ട്ഡേറ്റഡ്; സിനിമക്ക് ആവശ്യമായ കഥാപാത്രങ്ങള്‍ മതി: മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ ജെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ നായിക – നായകന്‍ എന്ന് പറയുന്നത് ഔട്ട്ഡേറ്റഡാണെന്ന് പറയുകയാണ് മഞ്ജു വാര്യര്‍. ഒരു സിനിമയില്‍ അതിലെ കഥാപാത്രത്തിനും കോണ്ടന്റിനുമാണ് പ്രാധാന്യമെന്നും പ്രധാനകഥാപാത്രമായി എത്തുന്നത് ആണാണോ പെണ്ണാണോ തേര്‍ഡ് ജെന്ററാണോ എന്നതില്‍ പ്രാധാന്യമില്ലെന്നും മഞ്ജു പറയുന്നു. ആ രീതിയിലേക്ക് സിനിമയും പ്രേക്ഷകരുടെ അഭിരുചികളും ചിന്തയും വളരുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

നായികമാര്‍ കുറയുന്ന മലയാള സിനിമയെ കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ മറുപടി നല്‍കുകയായിരുന്നു മഞ്ജു. ഒരു സിനിമക്ക് അതിന് ആവശ്യമായ കഥാപാത്രങ്ങള്‍ മതിയാകും എന്നാണ് താരം പറയുന്നത്. ഇതൊക്കെ പണ്ട് തന്നെ സംസാരിച്ചു തീരേണ്ട വിഷയമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

‘ഒരു സിനിമയില്‍ ആ സിനിമക്ക് ആവശ്യമായ കഥാപാത്രങ്ങള്‍ മാത്രം മതിയാകും. എന്നാല്‍ എന്നെ സംബന്ധിച്ച് നായിക – നായകന്‍ എന്നൊക്കെ ജെന്‍ഡറിനെ അടിസ്ഥാനമാക്കി പറയുന്നത് ഔട്ട്ഡേറ്റഡാണ്. അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയില്‍ അതിലെ കഥാപാത്രത്തിനും കോണ്ടന്റിനുമാണ് പ്രാധാന്യം. അവിടെ ആണാണോ പെണ്ണാണോ തേര്‍ഡ് ജെന്ററാണോ എന്നതിന് പ്രാധാന്യമില്ല.

ആ ഒരു ലെവലിലേക്ക് സിനിമയും അത് കാണുന്ന നമ്മുടെ പ്രേക്ഷകരുടെ അഭിരുചികളും ചിന്തയുമൊക്കെ വളരുകയാണ്. ഞാന്‍ വിശ്വസിക്കുന്നത് പണ്ടേ ഇതൊക്കെ സംസാരിച്ചു തീരേണ്ട വിഷയങ്ങളാണ് എന്നാണ്. ഒരു പുതിയ സിനിമ വന്നാല്‍, അത് എന്‍ഗേജിങ്ങാണെങ്കില്‍ നമ്മുടെ പ്രേക്ഷകര്‍ അതിനെ ഏറ്റെടുക്കും. അവിടെ ആരെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത് എന്നതില്‍ പ്രാധാന്യമുണ്ടാകില്ല,’ മഞ്ജു വാര്യര്‍ പറഞ്ഞു.


Content Highlight: Manju Warrier Says That It Is Outdated To Say Heroine-Hero Based On Gender

We use cookies to give you the best possible experience. Learn more