മഞ്ജു വാര്യരുടെ സിനിമകള്‍ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് നടിയുടെ ഓഫ് സ്‌ക്രീന്‍ സാന്നിധ്യവും. തിരിച്ചുവരവിന് ശേഷം, സിനിമയുമായി ബന്ധപ്പെട്ടതല്ലാതെ മഞ്ജുവെത്തുന്ന പരിപാടികള്‍ പോലും ഏറെ ശ്രദ്ധ നേടാറുണ്ട്.
സിനിമയുടെ പ്രൊമോഷന്‍ സമയത്തും അല്ലാതെയും നടി നല്‍കുന്ന ചില അഭിമുഖങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ സ്വന്തം അഭിമുഖങ്ങള്‍ അത്ര മികച്ചതായൊന്നും തനിക്ക് തോന്നാറില്ലെന്ന് തുറന്നുപറയുകയാണ് മഞ്ജു. ബിഹൈന്‍ഡ്‌വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഒരുപാട് സംസാരിക്കാന്‍ അറിയാത്ത ആളായതുകൊണ്ട്… എനിക്ക് എന്റെ ഇന്റര്‍വ്യൂസ് കണ്ടിരിക്കാന്‍ ഭയങ്കര ബോറടിയാ,’ മഞ്ജു പറയുന്നു.
ഏതെങ്കിലും അഭിമുഖങ്ങളില്‍ നിന്നും എഴുന്നേറ്റ് ഓടാന്‍ തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടി നല്‍കവേയായിരുന്നു സ്വന്തം അഭിമുഖങ്ങളെ കുറിച്ച് മഞ്ജു സംസാരിച്ചത്.
മഞ്ജു എളിമ കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നായിരുന്നു ഇതിന് അവതാരകയുടെ കമന്റ്. അതിനും മഞ്ജു രസകരമായ മറുപടി നല്‍കി. ‘എളിമയല്ല. സത്യമാണ്. ഇന്റര്‍വ്യൂസൊക്കെ എനിക്ക് ചമ്മലാണ്,’ മഞ്ജു പറഞ്ഞു.
പ്രജേഷ് സെന്‍ സംവിധാനം ചെയ്ത മേരി ആവാസ് സുനോയും സന്തോഷ് ശിവന്റെ ജാക്ക് ആന്റ് ജില്ലുമാണ് മഞ്ജുവിന്റേതായി അവസാനമെത്തിയ ചിത്രങ്ങള്‍. ആയിഷ, വെള്ളരിപ്പട്ടണം എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന മലയാള സിനിമകള്‍.
അജിത്തിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് മഞ്ജുവിന്റെ വരാനിരിക്കുന്ന വമ്പന്‍ പ്രോജക്ട്. വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് കേന്ദ്ര കഥാപാത്രമായെത്തിയ അസുരനിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച മഞ്ജു വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു.
അജിത്ത് സിനിമയിലൂടെ തമിഴിലെ മഞ്ജുവിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം അജിത്തിനും സംഘത്തിനുമൊപ്പം മഞ്ജു ബൈക്ക് റൈഡ് നടത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
Content Highlight: Manju Warrier says she finds her own interviews boring