മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും പ്രജേഷ് സെന്നാണ്.
നടി ശിവദയും സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. റേഡിയോ ജോക്കിയായ ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡോക്ടറുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്.
സിനിമ കാണുമ്പോള്‍ വലിയ ചിന്തകളൊന്നുമില്ലാതെ ശൂന്യമായ മനസ്സോട് കൂടി പോകണമെന്നും, കുറ്റം കണ്ടുപിടിക്കാന്‍ വേണ്ടി സിനിമ കാണാന്‍ പോകരുതെന്നും പറയുകയാണ് മഞ്ജു വാര്യര്‍. റേഡിയോ സുനോ എന്ന ചാനലില്‍ സംസാരിക്കുകയായിരുന്നു താരം.
”മേരി ആവാസ് സുനോ കാണുമ്പോള്‍ വലിയ ചിന്തകളൊന്നുമില്ലാതെ ശൂന്യമായ മനസ്സോട് കൂടി പോകണം എന്നാണ് എനിക്ക് പറയാനുള്ളത്. അതായത് ഒരു മുന്‍വിധിയോട് കൂടി ഇതിന് എന്താ കുറ്റം കണ്ട് പിടിക്കുക എന്ന് ആലോചിച്ച് സിനിമ കാണാന്‍ പോകരുത്. എങ്കില്‍ മാത്രമേ നമുക്ക് ആ സിനിമ ഒരു പുതുമയോടെ കാണാന്‍ കഴിയുള്ളു.
എല്ലാ സിനിമകളും അങ്ങനെ കാണണം എന്നാണ് എന്റെ അഭിപ്രായം. പണ്ടൊക്കെ അങ്ങനെയായുരുന്നു. ആ ഒരു സുഖം വീണ്ടും ആള്‍ക്കാര്‍ക്ക് ഉണ്ടാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,” മഞ്ജു വാര്യര്‍ പറഞ്ഞു.
നിഷ്‌കളങ്കമായി സിനിമയെ ആസ്വദിക്കാനുള്ള മനസ്സ് പ്രേക്ഷകര്‍ക്ക് കുറഞ്ഞു തുടങ്ങിയെന്നും മഞ്ജു പറഞ്ഞു.
”നിഷ്‌കളങ്കമായി ഒരു സിനിമയെ ആസ്വദിക്കാനുള്ള ഒരു മനസ്സ് ഇപ്പോഴുള്ള പ്രേക്ഷകര്‍ക്ക് കുറഞ്ഞ് തുടങ്ങിയിട്ടുണ്ട് അല്ലെങ്കില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇതിനെ കുറിച്ച് എന്ത് ഫേസ്ബുക്ക് പോസ്റ്റ് എഴുതാം എന്ന ചിന്തിയോട് കൂടി സിനിമ കാണുന്ന ഒരുപാട് പേരുണ്ട് എന്ന് എനിക്ക് ഇപ്പോള്‍ തോന്നാറുണ്ട്. സിനിമ തീരുന്നതിന് മുമ്പ് തന്നെ റിവ്യുവും ചിലര്‍ എഴുതാറുണ്ട്,” മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ എ.ഇ എന്നിവരും വേഷമിട്ടിട്ടുണ്ട്.
ബി. രാകേഷാണ് മേരി ആവാസ് സുനോ നിര്‍മിച്ചത്. സംഗീതം എം. ജയചന്ദ്രന്‍. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റിങ് ബിജിത് ബാല. ചിത്രം മെയ് 13ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു.
Content Highlight: Manju Warrier says audience should watch the movies without any prejudice