| Thursday, 17th March 2022, 5:12 pm

എന്റെ ഡ്രസ് ട്രെന്റിങ്ങ് ആവണമെന്നോര്‍ത്ത് ധരിക്കുന്നതല്ല; ചെലോര്‍ക്ക് ശെരിയാവും, ചെലോര്‍ക്ക് ശെരിയാവില്ല അത്രയേ ഉള്ളു, ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്ന് കേള്‍ക്കേണ്ട: മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്റെ സംവിധാനത്തില്‍ സുരേഷ്ഗോപിയും മുരളിയും പ്രധാന വേഷത്തില്‍ എത്തിയ സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് മഞ്ജു വാര്യര്‍ അഭിനയരംഗത്തേക്ക് കടക്കുന്നത്.

പിന്നീട് ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മികച്ച നടി എന്ന പേര് മഞ്ജു നേടിയെടുത്തു. ഒരുപാട് നാളുകള്‍ സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരുന്നത്.

മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചുവരവും താരത്തിന്റെ മേക്കോവറുമെല്ലാം വളരെ അതിശയത്തോടെയാണ് പ്രേക്ഷകര്‍ കണ്ടത്. പ്രായത്തെ വെല്ലുന്ന ഡ്രസിങും മേക്കപ്പും ഹെയര്‍ സ്റ്റൈലുമൊക്കെയാണ് താരത്തെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

മഞ്ജു വാര്യര്‍ ഇടുന്ന ഡ്രസും ഹെയര്‍ സ്‌റ്റൈലുമൊക്കെ പലരും അനുകരിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഡ്രസിങിനെ കുറിച്ച് സംസാരിക്കുകയാണ് താരം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലളിതം സുന്ദരത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി മാന്‍ ബ്രോഡ്കാസ്റ്റിങിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസുതുറക്കുന്നത്.

താന്‍ ട്രെന്റിങാവണമെന്നോര്‍ത്ത് മനപൂര്‍വമല്ല ഡ്രസ് ധരിക്കുന്നതാണെന്നാണ് മഞ്ജു പറയുന്നത്.

‘ഇടുന്ന ഡ്രസ്സുകളൊക്കെ ട്രെന്റിങ്ങ് ആവണമെന്നോര്‍ത്ത് ബോധപൂര്‍വം ധരിക്കുന്നതല്ല. ഇതെല്ലാം എന്റെ കൈശമുള്ള വസ്ത്രങ്ങളാണ്. ചെലോര്‍ക്ക് ശെരിയാവും, ചെലോര്‍ക്ക് ശെരിയാവില്ല അത്രയേ ഉള്ളു. പാവാടയൊക്കെ ഞാന്‍ പണ്ടും ഇടാറുള്ളതാണ്. ആരും കാണാറില്ല എന്ന് മാത്രം,’ മഞ്ജു വാര്യര്‍ പറയുന്നു.

ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്ന് കേള്‍ക്കുന്നതില്‍ ഒട്ടും സാറ്റിസ്ഫാക്ഷന്‍ ഇല്ലെന്നും എപ്പോഴും സന്തോഷമായിട്ട് ഇരിക്കാനാണ് താല്‍പര്യമെന്നും മഞ്ജു പറയുന്നു.

‘ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്ന് കേള്‍ക്കുന്നതില്‍ ഒട്ടും സാറ്റിസ്ഫാക്ഷന്‍ ഇല്ല. എപ്പോഴും ഹാപ്പി ആയിട്ട് ഇരിക്കണം. ലുക്ക്‌സിലൊന്നും ഒരു കാര്യമില്ല. അതൊക്കെ നാച്ചുറലാണ്. പ്രായമാകുമ്പോള്‍ നരകള്‍ വീഴും അതിലൊന്നും എനിക്ക് പ്രശ്‌നമില്ല. ലുക്ക് മാത്രമായിരിക്കരുത് ജീവിതത്തിലെ പ്രധാനപ്പെട്ട ലക്ഷ്യം,’ താരം പറയുന്നു.

നവ്യാ നായര്‍, മീരാ ജാസ്മിന്‍, ഭാവന തുടങ്ങിയവരെ പഴയ നായികമാര്‍ എന്ന് വിളിക്കുന്നത് തന്നെ ശരിയല്ല എന്നാണ് താരം പറയുന്നത്.

‘പഴയ നടിമാര്‍, നടന്‍മാര്‍ എന്ന പ്രയോഗം ഒരിക്കലും ശരിയല്ല. ഒരിക്കല്‍ ഒരു ആക്ടര്‍ ആയാല്‍ അവര്‍ ജീവിതകാലം മുഴുവന്‍ ഒരു ആക്ടര്‍ ആണ്. നവ്യാ നായര്‍, മീരാ ജാസ്മിന്‍, ഭാവന ഇവരെല്ലാം എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് അവരുടെ തിരിച്ചുവരവില്‍ സന്തോഷമേ ഉള്ളു,’ മഞ്ജു പറഞ്ഞു.


Content Highlights: Manju Warrier says about her hair styles and dressing

We use cookies to give you the best possible experience. Learn more