മഞ്ജുവാര്യരുടെ മൊഴി ആറ് മാസം മുമ്പെടുത്തത്, ഇത്രയും നാള്‍ മിണ്ടാതിരുന്നിട്ടാണ് ഇപ്പോള്‍ ആരോപണവുമായി എത്തുന്നത്; ജസ്റ്റിസ് ഹണി എം വര്‍ഗീസിന് പിന്തുണയുമായി ജസ്റ്റിസ് കെമാല്‍ പാഷ
Kerala News
മഞ്ജുവാര്യരുടെ മൊഴി ആറ് മാസം മുമ്പെടുത്തത്, ഇത്രയും നാള്‍ മിണ്ടാതിരുന്നിട്ടാണ് ഇപ്പോള്‍ ആരോപണവുമായി എത്തുന്നത്; ജസ്റ്റിസ് ഹണി എം വര്‍ഗീസിന് പിന്തുണയുമായി ജസ്റ്റിസ് കെമാല്‍ പാഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th November 2020, 10:52 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ആരോപണത്തില്‍ ജസ്റ്റിസ് ഹണി എം വര്‍ഗീസിന് പിന്തുണയുമായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ.

ജുഡിഷ്യല്‍ ഓഫിസര്‍ക്ക് ആരും ഇല്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ഹൈക്കോടതിയെങ്കിലും ഇക്കാര്യം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇങ്ങനെ കാര്യങ്ങള്‍ പോയാല്‍ ഒരു ജുഡിഷ്യല്‍ ഓഫിസര്‍ക്ക് കൃത്യം നിര്‍വഹിക്കാനാകില്ല, പ്രോസിക്യൂഷന്‍ ഇങ്ങനെ പെരുമാറാന്‍ പാടുള്ളതല്ല, കോടതി ഇതിന് അനുവദിക്കാനും പാടില്ല. ഇപ്പോള്‍ പ്രോസിക്യൂഷന്‍ പറഞ്ഞ് കൊടുപ്പിച്ചതാണ് ഹൈക്കോടതിയിലുള്ള ഇരയുടെ കേസ്. ഇവര്‍ പറയുന്നതു പോലെയല്ല കേസ് നടത്തേണ്ടത് എന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

ദിലീപ് കുറ്റക്കാരനാണെങ്കില്‍ തെളിവുണ്ടെങ്കില്‍ ശിക്ഷിക്കണം. തെളിവുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നമായി ഉയര്‍ത്തുന്നത്. അതെഴുതിയില്ല, ഇതെഴുതിയില്ല എന്നതൊക്കെയാണ്. കോടതി എഴുതാന്‍ പാടില്ലാത്തതിനാലാണ് എഴുതാതിരുന്നത്. ജഡ്ജി ഗൗരവമായി നില്‍ക്കുമ്പോള്‍ പ്രതിഭാഗത്തിനും വാദി ഭാഗത്തിനും എതിര്‍പ്പുണ്ടാകും. ഇവിടെ പ്രതി ഭാഗത്തിന് ഒന്നും പറയാന്‍ സാധിക്കില്ല. പറഞ്ഞാല്‍ ഇവരെ സ്വാധീനിച്ചിട്ടാണെന്ന് കരുതുമെന്നും കെമാല്‍ പാഷ പറഞ്ഞു.

ഏതോ സെറ്റില്‍ വച്ച് ഇരയാക്കപ്പെട്ട നടിയെക്കുറിച്ച് ‘അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും’ എന്ന് ദിലീപ് ആരോടോ പറഞ്ഞത് കേട്ടെന്ന് ഒരു നടി പറഞ്ഞതായാണ് ഇരയുടെ ഒരു മൊഴി. അത് കോടതി എഴുതിയില്ല എന്നതാണ് ഒരു ആക്ഷേപം. ഇത് ഒരു ജഡ്ജിയാണ് കേട്ടുകൊണ്ടിരിക്കുന്നത് എന്നതില്‍ അത്ഭുതം തോന്നുന്നു. ഇത് കേട്ടുകേള്‍വിയാണ്; തെളിവാകില്ല. നേരിട്ട് ഇരയോട് ‘നിന്നെ ഞാന്‍ കത്തിക്കും’ എന്ന് പറഞ്ഞാല്‍ അത് തെളിവാണ്. മറ്റൊരാള്‍ പറഞ്ഞത് ആരോടോ പറയുന്നത് കേട്ടു എന്നതാണ് ഇവിടെ. ഇത് ഒരിക്കലും റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ലാത്തതാണ് എന്നും അദ്ദേഹം പറഞ്ഞു.

ഫോറന്‍സിക് റിപ്പോര്‍ട്ട് വിളിച്ചു ചോദിച്ചു എന്നതാണ് ജഡ്ജിക്കെതിരെ ഉയര്‍ത്തിയ ഒരു ആരോപണം. ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് വന്നില്ലെങ്കില്‍ ചോദിക്കാന്‍ കോടതിക്ക് അധികാരമുണ്ട്. ഒരു റിപ്പോര്‍ട്ട് വന്നിട്ടില്ലെങ്കില്‍ നടപടി എടുത്തതാണ് എന്റെ ചരിത്രം. വിളിച്ച് ചോദിക്കാനൊന്നും നില്‍ക്കില്ല, സമന്‍സ് അയയ്ക്കും. ഡയറക്ടര്‍ നേരിട്ട് ഹാജരാകാന്‍ പറയും. ഇവര്‍ വിളിച്ചു ചോദിച്ചതില്‍ നിയമപരമായി ഒരു അപാകതയുമില്ല. ഇരയെ വിസ്തരിക്കുമ്പോള്‍ 20ല്‍ പരം അഭിഭാഷകര്‍ കോടതിയില്‍ ഉണ്ടായിരുന്നു എന്നതാണ് കോടതി മാറ്റുന്നതിന് ആവശ്യപ്പെട്ട് ഉയര്‍ത്തിയ ഒരു ആരോപണം. ഈ കേസില്‍ എത്ര പ്രതികളുണ്ടെന്ന് നോക്കണം. അവര്‍ക്കെല്ലാം കുറഞ്ഞത് ഓരോ അഭിഭാഷകനെങ്കിലുമുണ്ട്. അവര്‍ക്കെല്ലാം കോടതിയില്‍ വിസ്താരം കേള്‍ക്കേണ്ടതുണ്ട്. ഇര പറയുന്നത് കേള്‍ക്കണ്ടതുണ്ട്. അവരെ ഇറക്കിവിടാനാവില്ല. അതില്‍ ഒരു തെറ്റുമില്ല എന്നതാണ് വസ്തുത – കെമാല്‍ പാഷ പറയുന്നു.

നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തപ്പോള്‍ രേഖപ്പെടുത്തിയില്ലെന്നതാണ് മറ്റൊരു ആരോപണം. അവരുടെ മൊഴിയെടുത്തിട്ട് ആറു മാസം കഴിഞ്ഞതാണ്. അതുപോലെ മറ്റൊരു സാക്ഷിയുടെ മൊഴിയെടുത്തിട്ട് എട്ടു മാസമായി. ഇത്രയും നാള്‍ മിണ്ടാതിരുന്നിട്ടാണ് ഇപ്പോള്‍ ആരോപണവുമായി എത്തുന്നത്. ഒക്കാത്ത കാര്യങ്ങളും തെളിവില്ലാത്ത കാര്യങ്ങളും കാണുമ്പോള്‍ ഇതെന്താണെന്ന് ജഡ്ജി ചോദിച്ചെന്നിരിക്കും. അത് കോടതി നടപടിയാണ്. ആരോപണ വിധേയയായിട്ടുള്ള വനിതാ ജഡ്ജി ഹണി മൂന്നു വര്‍ഷം മുമ്പു വരെ നേരിട്ടു പരിചയമുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ ജില്ലാ ജഡ്ജി ആയിരിക്കെ കോടതിയില്‍ അഡീഷനല്‍ പ്രോസിക്യൂട്ടറായി വരികയും മുമ്പില്‍ ഒരുപാട് കേസ് നടത്തുകയും ചെയ്തിട്ടുണ്ട്. അന്തസായ പെരുമാറ്റമാണ് ഇവരുടേത് എന്നു മാത്രമല്ല, ഞാന്‍ അറിയുന്ന വ്യക്തി എന്ന നിലയില്‍ കള്ളത്തരം ചെയ്യുന്ന ആളല്ല. ആവശ്യമില്ലാതെ കോടതിയില്‍ എന്തെങ്കിലും പറഞ്ഞാല്‍ തെറ്റെന്ന് പറയാന്‍ ആര്‍ജവമുള്ള ജഡ്ജിയാണവര്‍. അങ്ങനെ ഭാഗം ചേരുന്ന ഒരാളല്ല ഈ ജഡ്ജി എന്ന് നേരിട്ടറിയാമെന്നും കെമാല്‍ പാഷ പറഞ്ഞു.

കോടതിയില്‍ ഇത്തരം അനാവശ്യം വിളിച്ചു പറഞ്ഞാല്‍ ഇവര്‍ ആരോടും പറയാനാവാത്ത നിസഹായാവസ്ഥയിലാകും. ഇവരുടെ അടുത്ത് കേസ് നേരെ ചൊവ്വേ പോകുമെന്ന് ഉറപ്പാണ്. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കും എന്നതിലും തര്‍ക്കമില്ല. മറ്റൊരാളുടെ മുന്നില്‍ വന്നാല്‍ എന്താകുമെന്ന് പറയാനും സാധിക്കില്ല. യഥാര്‍ഥത്തില്‍ പ്രതിക്ക് ഇത് സന്തോഷമാകുമെന്നാണ് മനസിലാകുന്നത്. മറ്റൊരാളായിരുന്നു ജഡ്ജിയെങ്കില്‍ ഇത് പറഞ്ഞെന്നു വരില്ല. കുഴപ്പക്കാരെ അറിയാം, അല്ലാത്തവരെയും അറിയാം. ഇവരെക്കുറിച്ച് ഇങ്ങനെ പറയുന്നത് ദോഷമാണെന്നും കെമാല്‍ പാഷ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Manju Warrier’s statement was made six months ago. Justice Kemal Pasha with support for Justice Honey M Varghese