| Wednesday, 5th April 2023, 6:58 pm

മണ്ണെണ്ണകൊണ്ട് മഞ്ജുവിന്റെ ദേഹത്തെ പെയിന്റ് ഇളക്കാന്‍ നോക്കി, പിന്നെ ബഹളമായി, നിലവിളിയായി: മഞ്ജുവിന്റെ അമ്മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യരുടെ കുട്ടിക്കാലത്തെ അനുഭവം പങ്കുവെക്കുകയാണ് അമ്മ ഗിരിജ വാര്യര്‍. ചെറുപ്പത്തില്‍ മുട്ടുകുത്തി നടക്കുന്ന പ്രായത്തില്‍ പെയിന്റെടുത്ത് ദേഹത്ത് ഒഴിച്ച അനുഭവത്തെ കുറിച്ച് പറയുകയായിരുന്നു അവര്‍. വീട്ടില്‍ ഉപയോഗിച്ചുകഴിഞ്ഞ് ബാക്കിവന്ന പെയിന്റ് ആയിരുന്നെന്നും എങ്ങനെയോ അത് അവളുടെ കയ്യില്‍ കിട്ടിയതാണെന്നും മഞ്ജുവിന്റെ അമ്മ പറഞ്ഞു.

പണിത്തിരക്കിനിടയില്‍ കുറെ സമയമായിട്ടും കുഞ്ഞിന്റെ അനക്കം കാണാതായപ്പോള്‍ വിളിച്ചുനോക്കിയതാണെന്നും അന്വേഷിച്ച് ചെന്നപ്പോഴാണ് പച്ചനിറത്തിലുള്ള ഒരു കുഞ്ഞുരൂപം കണ്ടതെന്നും അവര്‍ പറഞ്ഞു. പച്ചപ്പെയിന്റ് ദേഹത്ത് വീണ് കഥകളിയിലെ വേഷം പോലെയായിരുന്നെന്നും തുണിയില്‍ മണ്ണെണ്ണ മുക്കി പെയിന്റ് തുടച്ചുകഴിയുന്നതിനുമുന്‍പ് അവള്‍ വാടിത്തളര്‍ന്ന് തുടങ്ങിയെന്നും അമ്മ പറഞ്ഞു.

തുണിയില്‍ മണ്ണെണ്ണ മുക്കി പെയിന്റ് തുടച്ചുകഴിയുന്നതിനുമുന്‍പ് അവള്‍ വാടിത്തളര്‍ന്ന് തുടങ്ങിയെന്നും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായെന്ന് പറഞ്ഞ അവര്‍ മണ്ണെണ്ണകൊണ്ട് കൊച്ചുകുഞ്ഞിന്റെ ദേഹത്തിലെ പെയിന്റ് ഇളക്കാന്‍ നോക്കിയ തന്റെ ബുദ്ധിമോശത്തെപ്പറ്റി ഡോക്ടര്‍ കുറെ കുറ്റപ്പെടുത്തിയെന്നും പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘മധുവും രഞ്ജിത്തും ബീനയും കൂടെ അവളെ കണ്ണിലുണ്ണിപോലെയാണ് കൊണ്ടുനടന്നിരുന്നത്. ആര് എടുക്കണം ആര് കൊഞ്ചിക്കണം എന്നതിനൊക്കെ അവിടെ മത്സരമായിരുന്നു. മിക്കവാറും ഞങ്ങള്‍ മുതിര്‍ന്നവര്‍ ഇടപടേണ്ടി വരുന്ന വിഷയമായി അതുമാറും.

മാധേട്ടന്‍ ഓഫീസിലേക്കും മധു സ്‌കൂളിലേക്കും ഇറങ്ങുന്നതുവരെ അവള്‍ അവരുടെ പിന്നാലെ ആയിരിക്കും. അത് കഴിഞ്ഞാല്‍ മുട്ടുകുത്തിയും പിടിച്ചുനടന്നുമൊക്കെ വീടുമുഴുവന്‍ കറങ്ങി നടക്കും. ഇടക്കൊക്കെ റോസ്‌ലിന്റെ ശബ്ദം മതിലിനരികെ കേള്‍ക്കുമ്പോള്‍ വാതിലിനരികില്‍ ഓടിപ്പാഞ്ഞെത്തും.

ആ പ്രായത്തിലാണ് ഒരു ദിവസം അവള്‍ പെയിന്റ് എടുത്ത് തലയില്‍ക്കൂടെ ഒഴിച്ചത്. വീട്ടില്‍ ഉപയോഗിച്ചുകഴിഞ്ഞ് ബാക്കിവന്ന പെയിന്റ് ആയിരുന്നു. എങ്ങനെയോ അത് അവളുടെ കയ്യില്‍ കിട്ടി. അടപ്പ് എങ്ങനെ തുറന്നുവെന്ന് അറിഞ്ഞുകൂടാ. പണിത്തിരക്കിനിടയില്‍ കുറെ സമയമായിട്ടും അവളുടെ അനക്കം കാണാതായപ്പോള്‍ വിളിച്ചുനോക്കിയതാണ്. അന്വേഷിച്ച് ചെല്ലുമ്പോള്‍ പെയിന്റ് സൂക്ഷിച്ചിരുന്ന മുറിയില്‍ ഒരനക്കം.

പച്ചനിറത്തിലുള്ള ഒരു കുഞ്ഞുരൂപം അങ്ങനെ ഇരിക്കുന്നുണ്ട്. പാവം അനങ്ങാന്‍ പറ്റുന്നില്ല. പച്ചപ്പെയിന്റ് എടുത്ത് തലയിലൂടെ ഒഴിച്ചിരിക്കുകയാണ്. എണീക്കാന്‍ നോക്കുമ്പോള്‍ പെയിന്റില്‍ വഴുക്കിപോകുന്നു. ശബ്ദം ഉണ്ടാക്കാനും പറ്റുന്നില്ല. പെയിന്റ് പുരണ്ട് ചുണ്ടുകള്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു. ശരിക്കും കഥകളിയിലെ പച്ചവേഷം പോലെ. കണ്ണുകള്‍ മാത്രം ദയനീയമായി ചിമ്മിത്തുറക്കുന്നു.

പെട്ടെന്ന് എന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയും കിട്ടിയില്ല. മണ്ണെണ്ണയില്‍ പെയിന്റ് അലിഞ്ഞു പോകുമെന്ന് പണ്ടെന്നോ പഠിച്ചിട്ടുണ്ട്. പിന്നെ വേറെ ഒന്നും ഓര്‍ത്തില്ല. തുണിയില്‍ മണ്ണെണ്ണ മുക്കി പെയിന്റ് തുടച്ചുകഴിയുന്നതിനുമുന്‍പ് അവള്‍ വാടിത്തളര്‍ന്ന് തുടങ്ങി. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നതുപോലെ. പിന്നെ നിലവിളിയായി. ബഹളമായി.

റോസ്‌ലിന്‍ ബഹളംകേട്ട് ഓടിവന്നു. അലക്‌സും വീട്ടിലുണ്ടായിരുന്നു. പെട്ടെന്ന് വണ്ടിയിറിക്കി ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി. മണ്ണെണ്ണകൊണ്ട് കൊച്ചുകുഞ്ഞിന്റെ ദേഹത്തിലെ പെയിന്റ് ഇളക്കാന്‍ നോക്കിയ എന്റെ ബുദ്ധിമോശത്തെപ്പറ്റി ഡോക്ടര്‍ കുറെ കുറ്റപ്പെടുത്തിയെങ്കിലും അവളെ രക്ഷപ്പെടുത്തിയതിന് ഞാന്‍ ഡോക്ടറോട് നന്ദി പറഞ്ഞു. ദൈവദൂതന്മാരെപ്പോലെ രക്ഷിക്കാനെത്തിയ അലക്‌സിനോടും റോസ് ലിനോടും ഉള്ള നന്ദി എനിക്ക് മനസില്‍ കുറിച്ചിടാനെ പറ്റിയുള്ളൂ,’ മഞ്ജുവിന്റെ അമ്മ പറഞ്ഞു.

Content Highlight: Manju Warrier’s mother shares experience of her childhood

We use cookies to give you the best possible experience. Learn more