| Friday, 17th June 2022, 8:48 pm

ജാക്ക് ആന്‍ഡ് ജില്‍ ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി മഞ്ജുവിന്റെ ക്ലാസിക്കല്‍ ഫൈറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍ മെയ് 20നായിരുന്നു തിയേറ്ററുകളിലെത്തിയത്. സന്തോഷ് ശിവനില്‍ നിന്നും ഉറുമിയും അനന്തഭദ്രവും പോലെയൊരു മാജിക് പ്രതീക്ഷിച്ച പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതായിരുന്നു ചിത്രത്തിന്റെ തിയേറ്ററിലെ പ്രകടനം.

ജൂണ്‍ 16ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതോടെ ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തല പൊക്കുകയാണ്.

മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. യുക്തിക്ക് ഒട്ടും യോജിക്കാത്ത തരത്തിലുള്ള കഥയാണ് ജാക്ക് ആന്‍ഡ് ജില്ലിന്റേത്. മലയാളത്തില്‍ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത സൈ ഫൈ ഴോണറിലാണ് ജാക്ക് ആന്‍ഡ് ജില്‍ ഒരുങ്ങിയത്. ആധുനിക കാലത്തിന്റെ അടയാളമായ സൈ ഫൈ ചിത്രമാണെങ്കിലും പതിറ്റാണ്ടിന് മുമ്പ് മലയാള ചിത്രങ്ങളില്‍ പറഞ്ഞ പ്രതികാരം തന്നെയായിരുന്നു കേന്ദ്ര പ്രമേയം.

മഞ്ജു വാര്യരുടെ പ്രകടനത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കിടിയിലും മൊത്തത്തില്‍ ചിത്രം പ്രേക്ഷകനെ മനം മടുപ്പിച്ചപ്പോള്‍ അല്‍പം ആശ്വാസമായത് മഞ്ജുവിന്റെ ചില ഫൈറ്റ് സ്വീകന്‍സുകളായിരുന്നു. സിനിമയില്‍ മഞ്ജു വാര്യര്‍ക്കാണ് വില്ലന്മാരുമായി ഫൈറ്റുള്ളത്.

ക്ലൈമാക്സ് രംഗങ്ങളിലുള്‍പ്പെടെ ഫൈറ്റ് രംഗങ്ങള്‍ വരുന്നുണ്ട്. മനോഹരമായ രീതിയിലാണ് ഈ ഫൈറ്റുകള്‍ പകര്‍ത്തിയത്. ചിത്രത്തിന്റെ പകുതിയില്‍ ഭരതനാട്യത്തിന്റെ വേഷവിധാനങ്ങളുമണിഞ്ഞ് മഞ്ജുവിന്റെ ഒരു ഫൈറ്റുണ്ട്. നൃത്തത്തിന്റെ ചുവടുകളോടെയാണ് മഞ്ജു ഈ ഫൈറ്റ് ചെയ്യുന്നത്. ചിത്രത്തിലെ ഏറ്റവും മികച്ച രംഗങ്ങളായിരുന്നു ഇത്. ഈ ഫൈറ്റിന് അകമ്പടിയായി വന്ന അംഗനേ എന്ന ഗാനവും രംഗങ്ങളോട് ഇഴചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു.

കളരിയുടെ ഫ്‌ളേവറുകളാണ് ഫൈറ്റിന് ഉപയോഗിച്ചിരിക്കുന്നത്. അതിനായി മഞ്ജു കളരി പഠിച്ചിരുന്നു. ഷൂട്ടില്ലാത്ത സമയത്ത് ഉല്ലാസ് എന്ന ഗുരുവിന്റെ അടുത്ത് മഞ്ജു പരിശീലനം ചെയ്യും. എവിടെയും ഡ്യൂപ്പ് ഉപയോഗിക്കാതെ നല്ല മെയ്‌വഴക്കത്തോടെയാണ് മഞ്ജു ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. ക്യാമറയ്ക്ക് മുന്നിലെ മഞ്ജുവിന്റെ പ്രകടനം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ഒരു വ്യത്യസ്ത പരീക്ഷണമാണ് ചിത്രത്തിലൂടെ ഉദ്ദേശിച്ചതെങ്കിലും മുഴുവനായി പാളിപ്പോയെന്ന് തന്നെ പറയേണ്ടി വരും. ഒരു ഗുണവുമില്ലാതെ എന്തൊക്കെയോ കാണിച്ച് കൂട്ടി പ്രേക്ഷകനെ ഒരു തരത്തിലും സംതൃപ്തിപ്പെടുത്താതെ വലിയ നിരാശയാണ് ചിത്രം സമ്മാനിക്കുന്നത്. നെടുമുടി വേണു, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ് തുടങ്ങി വന്‍ താരനിര ഉണ്ടെങ്കിലും വേണ്ട രീതിയില്‍ ഇവര്‍ ഉപയോഗിക്കപ്പെട്ടില്ല. പെര്‍ഫോമന്‍സുകളില്‍ കഴിവുള്ള ഈ താരനിര പല സന്ദര്‍ഭങ്ങളിലും ഓവര്‍ ആക്ട് ചെയ്ത് മനം മടുപ്പിക്കുന്ന അനുഭവമാണ് സമ്മാനിച്ചത്.

Content Highlight: Manju warrier’s Classical Fight became a  Discussion After Jack & Jill OTT Release

We use cookies to give you the best possible experience. Learn more