| Friday, 19th May 2017, 10:51 am

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചരണം; മഞ്ജു വാര്യര്‍ പൊലീസില്‍ പരാതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തനിക്കെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്നാരോപിച്ച് നടി മഞ്ജുവാര്യര്‍ പൊലീല്‍ പരാതിനല്‍കി.

ഇന്നലെ കന്റോണ്‍മന്റെ് എസ്.ഐ ഷാഫിക്കാണ് മഞ്ജു നേരിട്ട് പരാതി നല്‍കിയത്. ബുധനാഴ്ച തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനിടയില്‍ തന്നെ ഒരുസംഘമാളുകള്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രമുഖനടന്റെ നേതൃത്വത്തിലുള്ള ഫാന്‍സുകാരാണ് ഇതിന് പിന്നിലെന്നുമായിരുന്നു വാര്‍ത്തകള്‍.

ഇവ വ്യാജമാണെന്നും തന്നെയാരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മഞ്ജു പരാതിയില്‍ പറയുന്നു. വാര്‍ത്തക്ക് പിന്നില്‍ മറ്റ് പലലക്ഷ്യങ്ങളുണ്ടെന്നും അവ അന്വേഷിച്ച് കണ്ടെത്തണമെന്നുമാണ് മഞ്ജുവാര്യര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


Also Read സമയം വരുമ്പോള്‍ തയ്യാറായിരിക്കണം; രാഷ്ട്രീയ പ്രവേശന സാധ്യത വീണ്ടും മുന്നോട്ട് വെച്ച് രജനീകാന്ത് 


പരാതിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് സംശയിക്കുന്ന ചെങ്കല്‍ചൂള സ്വദേശിയായ ശരത് എന്ന യുവാവിനെ പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്തു.

സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും വാര്‍ത്ത നല്‍കിയത് താനല്ലെന്നുമാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. വാട്സ്ആപ് വഴി പ്രചരിച്ച വാര്‍ത്ത മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നെന്നും ഇയാള്‍ പറയുന്നു.

അതേസമയം സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരത്തെ ചെങ്കല്‍ചൂളയിലെ ലൊക്കേഷനിലെത്തിയ നടിയെ ഒരു സംഘം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നുമായിരുന്നു റിപ്പോര്‍ട്ട്.
സിനിമാ ഷൂട്ടിംഗിന് തടസ്സമുണ്ടാക്കാതിരിക്കാന്‍ വേണ്ടിയാണ് എല്ലാം ഒതുക്കിത്തീര്‍ത്തതെന്നും മഞ്ജുവിനെ ലൊക്കേഷനില്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത് ഒരു നടന്റെ ഫാന്‍സ് ആണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചെങ്കല്‍ച്ചൂള കോളനിയിലെ സാധാരണ സ്ത്രീയായി മഞ്ജു അഭിനയിക്കുന്നത്. വിധവയും പതിനഞ്ച് വയസ്സുള്ള മകളുടെ അമ്മയുമായ സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. മകളെ വളര്‍ത്താന്‍ പാടുപെടുന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്.

We use cookies to give you the best possible experience. Learn more