[] സമൂഹത്തിന്റെ സൂക്ഷ്മമായ ശ്രദ്ധ സ്ത്രീക്കും ലഭിക്കണം എന്ന ആഗ്രഹമുണ്ടെന്നും സ്ത്രീകളുടെ കഴിവ് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും താന്‍ പിന്തുണയ്ക്കുമെന്നും മലയാള സിനിമയുടെ പ്രിയ നടി മഞ്ജു വാരിയര്‍. ഒരിടവേളക്ക് ശേഷം വെള്ളിത്തിരയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മഞ്ജു.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു നീണ്ട ഇടവേളക്ക് ശേഷം രണ്ടാം വരവ് നടത്തുന്നത്. അഭിനയിക്കണമെന്ന് പറഞ്ഞ് തന്നെ സമീപിച്ചവരെല്ലാം സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളുള്ള കഥയുമായാണ് വരുന്നതെന്ന് മഞ്ജു പറയുന്നു. അത്തരം സബ്ജക്ടുകള്‍ കൂടുതല്‍ ഉണ്ടായിവരുന്നത് ഒരു ട്രെന്‍ഡ് ആകുകയാണോ എന്നെനിക്കറിയില്ലെന്നും മഞ്ജു അഭിപ്രായപ്പെട്ടു.
ഹൗ ഓള്‍ഡ് ആര്‍ യു വിലെ എന്റെ കഥാപാത്രം ശക്തമാണ്. ഒരു പ്രത്യേകതയുമില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ വീട്ടമ്മ. വളരെ റിയലിസ്റ്റിക്കായ കഥയാണ് സിനിമ പറയുന്നത്. പ്രായത്തെക്കുറിച്ചുള്ള ആശങ്കകളും ചോദ്യങ്ങളും ഇത് ആളുകളില്‍ ഉണ്ടാക്കുന്ന വിവിധ പ്രതികരണങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്- മഞ്ജു തന്റെ പുതിയ സിനിമ വിശേഷം പങ്കുവെച്ചു.
സാധാരണ പ്രേക്ഷകയായി സിനിമ ആസ്വദിക്കാറാണ് പതിവെന്ന് പറഞ്ഞ മഞ്ജു സിനിമയുടെ ഗ്രാഫും സ്റ്റാറ്റിസ്റ്റിക്‌സും നോക്കാതെയാണ് സിനിമ കാണാറെന്നും പറഞ്ഞു. കുറെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കണം. നൃത്തരംഗത്തും കുറെ മുന്നോട്ടുപോകണം. ചെയ്യുന്ന കാര്യങ്ങള്‍ ആത്മാര്‍ഥതയോടെ ഭംഗിയായി ചെയ്യണം. ഇതൊക്കെയാണ് തന്റെ സ്വപ്‌നമെന്നും ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വ്യക്തമാക്കി.