| Monday, 9th May 2022, 6:59 pm

ആത്മാര്‍ത്ഥമായ പ്രണയം മാത്രം മതി, നമ്മുടെ ജീവിതത്തെ അങ്ങനെയങ്ങ് കൊണ്ടുപോകാന്‍; പ്രണയഭാവസാന്ദ്രമായി മേരി ആവാസ് സുനോ ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യര്‍, ജയസൂര്യ, ശിവദ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ അണിയിച്ചൊരുക്കുന്ന പുതിയ ചിത്രം മേരി ആവാസ് സുനോയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മഞ്ജുവും ജയസൂര്യയും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും മേരി ആവാസ് സുനോയ്ക്കുണ്ട്.

ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. പ്രജേഷ് സെന്നിന്റേത് തന്നെയാണ് തിരക്കഥ.

റേഡിയോ ജോക്കിയായ ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡോക്ടറുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്.

നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളും ഇതിനകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മെയ് 13നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്.

ഒരു ഫീല്‍ ഗുഡ് മൂവിയാണ് മേരി ആവാസ് സുനോയെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാനായതില്‍ വലിയ സന്തോഷമുണ്ടെന്നുമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ടീസര്‍ ലോഞ്ചിനിടെ മഞ്ജു വാര്യരും ജയസൂര്യയും പറഞ്ഞത്.

എന്റര്‍ടെയ്ന്‍മെന്റിനും ഇമോഷനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന സിനിമയാവും
മേരി ആവാസ് സുനോയെന്ന് പ്രജേഷ് സെന്നും പറഞ്ഞു.

മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന ആദ്യ ചിത്രമാണെന്ന സന്തോഷമുണ്ടെന്നും ഇരുവരുടേയും കോമ്പിനേഷന്‍ നന്നായി വന്നിട്ടുണ്ടെന്നും ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ ജോണി ആന്റണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി.സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന്‍ എ.ഇ എന്നിവരും വേഷമിട്ടിട്ടുണ്ട്.

സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

എം.ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.

എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ എന്‍.എം. ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്, മേക്കപ്പ്- പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.

സൗണ്ട് ഡിസൈന്‍ അരുണ വര്‍മ, പശ്ചാത്തലസംഗീതം- യാക്സണ്‍ ഗ്യാരി പെരേര, നേഹ നായര്‍, വിഎഫ്എക്സ്- നിഥിന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, സ്റ്റില്‍സ്- ലെബിസണ്‍ ഗോപി, പി.ആര്‍.ഒ -വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിസൈന്‍-താമിര്‍ ഓ.കെ, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാര്‍, ഷിജു സുലൈഖ ബഷീര്‍, ഡയറക്ടേഴ്സ് അസിസ്റ്റന്റ് എം.കുഞ്ഞാപ്പ.

Content highlight: Manju Warrier – Jayasurya – Shivada movie, Meri Awas Suno trailer out

We use cookies to give you the best possible experience. Learn more