പൃഥ്വിരാജ് ചിത്രം കാപ്പയില്‍ നിന്നും മഞ്ജു വാര്യര്‍ പിന്മാറി. കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. അജിത് നായകനായ പുതിയ തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളെ തുടര്‍ന്നാണ് കാപ്പയില്‍ നിന്ന് മഞ്ജു പിന്‍മാറിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊട്ട മധു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 2021 ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന സിനിമ കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. വേണുവിനെ സംവിധായകനായി തീരുമാനിച്ചായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രഖ്യാപനം. പിന്നീട് ഇത് ഷാജി കൈലാസിലേക്ക് എത്തുകയായിരുന്നു.
പൃഥ്വിരാജിനൊപ്പം, ആസിഫ് അലി, അന്ന ബെന്‍ എന്നിവരും കാപ്പയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറ്റ് അറുപതോളം അഭിനേതാക്കളും വിവിധ കഥാപാത്രങ്ങളായി എത്തും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് കാപ്പയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിന്റെ കഥ പറയുന്ന നോവെല്ലയാണ് ശംഖുമുഖി. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും.
ജിനു വി. എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മിക്കുന്ന ചിത്രമാണ് കാപ്പ.
ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. എഡിറ്റിങ് മഹേഷ് നാരായണന്‍. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീറ സനീഷ്. ചമയം റോണക്‌സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്.
Content Highlight: Manju Warrier has backed out of Prithviraj’s film Kappa