കല്‍പ്പറ്റ: ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി നടി മഞ്ജു വാര്യര്‍ വഞ്ചിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കി. വീടുവെച്ചു നല്‍കാന്‍ സര്‍ക്കാരിന് 10 ലക്ഷം രൂപ നല്‍കുമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഇനിയും നാണക്കേട് സഹിക്കാന്‍ വയ്യെന്നും താരം സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കി.
വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയില്‍ പണിയ വിഭാഗത്തിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് മഞ്ജൂ വാര്യരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതു സംബന്ധിച്ച് വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി-വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയിരുന്നു.
പദ്ധതി നടത്തിപ്പിന്റെ പ്രാരംഭമായി മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ സ്ഥലസര്‍വെ നടത്തിയിരുന്നു. മഞ്ജു വാര്യരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പനമരം പഞ്ചായത്ത് ഭരണസമിതിയോഗം ചേര്‍ന്ന് പദ്ധതി അംഗീകരിച്ചു. അതിനു ശേഷം അവര്‍ പിന്‍വാങ്ങുകയായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ പ്രദേശത്ത് വ്യാപക നാശനഷ്ടമുണ്ടായെന്നും പ്രദേശത്തുകാര്‍ക്കായി മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരും പഞ്ചായത്ത് അധികൃതരും സഹായങ്ങളെല്ലാം നിഷേധിച്ചെന്നും കോളനിക്കാര്‍ ആരോപിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് നടിക്കെതിരെ പനമരം പഞ്ചായത്തിലെ പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ ഈ മാസം 15ന് നടി നേരിട്ടു ഹാജരാകണമെന്ന് അതോറിട്ടി നടിക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതേ പരാതിയില്‍ മുന്‍ ഹിയറിങ്ങുകളില്‍ മഞ്ജു ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന് 15ന് നിര്‍ബന്ധമായും ഹാജരാകണമെന്ന് ഡി.എല്‍.എസ്.എ നോട്ടീസില്‍ മഞ്ജു വാര്യരോട് ആവശ്യപ്പെടുകയായിരുന്നു.
57 കുടുംബങ്ങള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപ ചിലവില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് സംഭവത്തെ കുറിച്ച് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ നേരത്തെ പ്രതികരിച്ചിരുന്നത്.
അതേസമയം അതോറിറ്റിയുടെ കര്‍ശന നടപടി ഒഴിവാക്കുന്നതിനായി കോളനിയില്‍ 40 വീടുകളില്‍ ചോര്‍ച്ച തടയുന്നതിനായി മഞ്ജു വാര്യര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഷീറ്റ് വിരിച്ചിരുന്നു.