| Thursday, 16th February 2017, 9:56 pm

'ഏതൊരു അഭിനേത്രിയെയും പോലെ ആമി എന്നെയും കൊതിപ്പിക്കുന്നു'; 'ആമിയെ സിനിമയായും എന്റേത് അതിലെ കഥാപാത്രമായും മാത്രം കാണുക': മഞ്ജു വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ അഭിനയിക്കുക എന്നത് ഏതൊരു അഭിനേത്രിയെ പേലെ തന്നെയും കൊതിപ്പിക്കുന്നെന്ന് മഞ്ജു വാര്യര്‍. ആമിയെ ഒരു സിനിമയായി മാത്രം കാണുക എന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് എന്നു പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റില്‍ സിനിമയിലെ വേഷം രാഷ്ട്രീയ പ്രഖ്യാപനമായിട്ടല്ലെന്നും മഞ്ജു വ്യക്തമാക്കുന്നുണ്ട്.


Also read കമലിന്റെ ‘ആമി’ ഏറ്റെടുക്കുന്ന മഞ്ജുവാര്യര്‍ക്കുനേരെ സംഘികളുടെ സൈബര്‍ ആക്രമണം 


“ഞാന്‍ ഇതില്‍ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. ചിത്രത്തിന്റെ സംവിധായകന്‍ കമല്‍സാറിനെ ചുറ്റിയുളള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷം ചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുത്. കമല്‍ സാര്‍ എനിക്ക് ഗുരുതുല്യനാണ്.” മഞ്ജു പറഞ്ഞു. കമലിന്റെ രാഷ്ട്രീയമല്ല മറിച്ച് ഇരുപത് വര്‍ഷത്തിനു ശേഷം ആ കലാകാരന്റെ ഒപ്പം പ്രവര്‍ത്തിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് താനെന്നും മഞ്ജു പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കമലിന്റെ ആമിയില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിനെത്തുടര്‍ന്ന് നടിക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം ആരംഭിച്ചിരുന്നു. “കെയര്‍ ഓഫ് സൈറ ബാനു” എന്ന ചിത്രത്തിലെ തട്ടമിട്ടുകൊണ്ടുള്ള ചിത്രം മഞ്ജു ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ ആക്കിയിരുന്നു. ഈ ചിത്രത്തിനു താഴെയാണ് മഞ്ജുവിന് “നേര്‍വഴി” ഉപദേശിച്ചുകൊണ്ടുള്ള സംഘികളുടെ കമന്റുകള്‍ വന്നിരുന്നത്. ഇതേ തുടര്‍ന്നാണ് ആരാധകരുടെ പിന്തുണ തേടി മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്.


Dont miss ദല്‍ഹി സ്‌ഫോടന പരമ്പരയില്‍ പൊലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരെ പത്ത് വര്‍ഷത്തിനുശേഷം കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതേ വിട്ടു


സിനിമ ഒരു കലാരൂപമാണെങ്കിലും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല രാഷ്ട്രീയ നിലപാടുകളാണെങ്കിലും അവര്‍ അതെല്ലാം മറന്ന് ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നത് നല്ല സിനിമ സൃഷ്ടിക്കാനാണെന്നു പറഞ്ഞ മഞ്ജു വലിയ വേഷം ഏറ്റെടുക്കുമ്പോള്‍ നിങ്ങളുടെ പിന്തുണയാണ് കരുത്തെന്നും കൂടെയുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

“മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന “ആമി” എന്ന സിനിമയില്‍ മാധവിക്കുട്ടിയായി അഭിനയിക്കാനൊരുങ്ങുകയാണ്. ഇതിനകം ഈ ചിത്രത്തെച്ചൊല്ലി ധാരാളം വാദപ്രതിവാദങ്ങളും പ്രചാരണങ്ങളും ഉയര്‍ന്നതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാന്‍ ഇതില്‍ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. ചിത്രത്തിന്റെ സംവിധായകന്‍ കമല്‍സാറിനെ ചുറ്റിയുളള രാഷ്ട്രീയചര്‍ച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുത്. കമല്‍ സാര്‍ എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ “ഈ പുഴയും കടന്നും”, “കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തും” പോലെയുള്ള സിനിമകള്‍ എന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്. കമല്‍ സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവര്‍ഷത്തിനുശേഷം ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോള്‍ ഉള്ളില്‍.
ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ “എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം”. മറ്റൊന്ന് കൂടി. എന്നും രണ്ടുനേരം അമ്പലത്തില്‍ ദീപാരാധന തൊഴുന്നയാളാണ് ഞാന്‍. അതേപോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോള്‍ പ്രണമിക്കുകയും ചെയ്യുന്നു.
മാധവിക്കുട്ടിയെന്ന എഴുത്തുകാരി ഒരു ഇതിഹാസമാണ്. അവരെ വെളളിത്തിരയില്‍ അവതരിപ്പിക്കാനുള്ള അവസരം ഏതൊരു അഭിനേത്രിയേയും പോലെ എന്നെയും കൊതിപ്പിക്കുന്നു. ദയവായി ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക. സിനിമ ഒരു കലാരൂപമാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല ആശയസംഹിതകളും രാഷ്ട്രീയനിലപാടുകളുമുണ്ടാകാം. അവര്‍ അത് മറന്ന് ഒരേ മനസോടെയും നിറത്തോടെയും പ്രവര്‍ത്തിക്കുന്നത് നല്ലൊരുസിനിമ സൃഷ്ടിക്കാനാണ്. “ആമി”യിലും അതുതന്നെയാണ് സംഭവിക്കുക. ഇല്ലാത്ത അര്‍ഥതലങ്ങള്‍ നല്‍കി വിവാദമുണ്ടാക്കുന്നവര്‍ ഉദ്ദേശിക്കുന്നത് മറ്റുപലതുമാണ്. അത് തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമര്‍പ്പണമാകുമെന്നുമാണ് വിശ്വാസം.
അതുകൊണ്ട് പ്രിയപ്പെട്ടവരേ…എന്നെ മുന്‍നിര്‍ത്തി ചേരിതിരിഞ്ഞുള്ള വിവാദ ചര്‍ച്ചകള്‍ക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഈ വലിയ വേഷം ഏറ്റെടുക്കുമ്പോള്‍ നിങ്ങളുടെ പിന്തുണമാത്രമാണ് കരുത്ത്. കൂടെയുണ്ടാകണം…”

We use cookies to give you the best possible experience. Learn more