'എനിക്കു വേണ്ടിയും ഒരു കഥാപാത്രം കരുതിയിരുന്നു, പക്ഷെ ആ സിനിമ സംഭവിച്ചില്ല...'; ഐ.വി ശശിയെ കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നു
Daily News
'എനിക്കു വേണ്ടിയും ഒരു കഥാപാത്രം കരുതിയിരുന്നു, പക്ഷെ ആ സിനിമ സംഭവിച്ചില്ല...'; ഐ.വി ശശിയെ കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th October 2017, 9:31 am

കോഴിക്കോട്: മുതിര്‍ന്ന സംവിധായകന്‍ ഐ.വി ശശിയുടെ വിയോഗത്തില്‍ ദു:ഖിതരാണ് മലയാള സിനിമാ ലോകം. മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും ഹിറ്റ്‌മേക്കറുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

മലയാള സിനിമയിലെ ഒരു അതുല്യപ്രതിഭ കൂടി നമ്മെ വിട്ടു പോയിരിക്കുന്നു. ഒരു പക്ഷെ എന്നെപ്പോലെ തന്നെ സിനിമയില്‍ ഒട്ടു മിക്കവര്‍ക്കും “ഹിറ്റ് മേക്കര്‍” അല്ലെങ്കില്‍ “മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍” എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേര് ഐ. വി.ശശി എന്നായിരിക്കുമെന്നായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം.

ഐ. വി. ശശി സര്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സിനിമ മനസ്സില്‍ ആലോചിച്ചപ്പോള്‍ എനിക്കു വേണ്ടിയും ഒരു കഥാപാത്രം കരുതിയിരുന്നു എന്നു ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. പക്ഷെ ആ സിനിമ സംഭവിച്ചില്ലെന്നും മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


Also Read: ‘മോദി തരംഗം അവസാനിക്കുന്നു’; ഉത്തരാഖണ്ഡില്‍ ജയിക്കാന്‍ സഹായിച്ച ‘ഇ.വി.എം മാജിക്ക്’ ഇനി ഉണ്ടാകില്ലെന്നും ഹരീഷ് റാവത്ത്


“എന്നെന്നും ഓര്‍ക്കാന്‍ ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച പ്രിയപ്പെട്ട ശശി സര്‍, മലയാള സിനിമയെ സ്‌നേഹിക്കുന്ന ഏതൊരാളുടെയും ഉള്ളില്‍ അങ്ങ് എന്നും ജീവിക്കും. അങ്ങേക്ക് ഏറ്റവും പ്രിയപ്പെട്ട ആ തൊപ്പി അങ്ങയുടെ പേരില്‍ത്തന്നെ എന്നും അറിയപ്പെടും.” മഞ്ജു പറയുന്നു.

അതേസമയം, ഐ വി ശശിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. വൈകിട്ട് ആറ് മണിയോടെ പോരൂര്‍ വൈദ്യുതശ്മശാനത്തിലാകും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. അഞ്ച് മണി വരെ ചെന്നൈ സാലിഗ്രാമത്തുള്ള വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. ഓസ്‌ട്രേലിയയിലുള്ള മകള്‍ അനു ഉച്ചതിരിഞ്ഞ് ചെന്നൈയില്‍ എത്തും. അതിനു ശേഷമായിരിയ്ക്കും ചടങ്ങുകള്‍ നടക്കുക.

മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മലയാള സിനിമയിലെ ഒരു അതുല്യപ്രതിഭ കൂടി നമ്മെ വിട്ടു പോയിരിക്കുന്നു. ഒരു പക്ഷെ എന്നെപ്പോലെ തന്നെ സിനിമയില്‍ ഒട്ടു മിക്കവര്‍ക്കും “ഹിറ്റ് മേക്കര്‍” അല്ലെങ്കില്‍ “മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍” എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേര് ഐ. വി.ശശി എന്നായിരിക്കും. താരങ്ങളെക്കാള്‍ കരുത്തനായ സംവിധായകനായി, ദക്ഷിണേന്ത്യന്‍ സിനിമയില്‍ എന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ആര്‍ക്കും മറികടക്കാനാവാത്ത നേട്ടങ്ങള്‍ കൊയ്ത ഐ. വി. ശശി സര്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സിനിമ മനസ്സില്‍ ആലോചിച്ചപ്പോള്‍ എനിക്കു വേണ്ടിയും ഒരു കഥാപാത്രം കരുതിയിരുന്നു എന്നു ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. പക്ഷെ ആ സിനിമ സംഭവിച്ചില്ല. സിനിമയില്‍ ഒരു കാലഘട്ടത്തെ സൃഷ്ടിച്ച ആ വലിയ സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. എന്നെന്നും ഓര്‍ക്കാന്‍ ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച പ്രിയപ്പെട്ട ശശി സര്‍, മലയാള സിനിമയെ സ്‌നേഹിക്കുന്ന ഏതൊരാളുടെയും ഉള്ളില്‍ അങ്ങ് എന്നും ജീവിക്കും. അങ്ങേക്ക് ഏറ്റവും പ്രിയപ്പെട്ട ആ തൊപ്പി അങ്ങയുടെ പേരില്‍ത്തന്നെ എന്നും അറിയപ്പെടും.