മലയാളികളുടെ സ്വന്തം നെടുമുടി വേണുവിന് ആദരാഞ്ജലികളര്‍പ്പിച്ച് മഞ്ജു വാര്യര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച ഹൃദയഹാരിയായ കുറിപ്പിലാണ് മഞ്ജു അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിക്കുന്നത്.
‘അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട… ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’ വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങു പോലെ പ്രകാശിക്കുന്നുണ്ടായിരുന്നു.
എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛന്‍വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന, ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി. ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞുപോകുന്നത്.
‘ദയ’യില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ ‘ഉദാഹരണം സുജാത’, ‘ജാക്ക് ആന്‍ഡ് ജില്‍’, ഏറ്റവും ഒടുവില്‍ ‘മരയ്ക്കാറും’ . ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം. എവിടെയോ വായിച്ച ഓര്‍മയില്‍ ഞാന്‍ ഇടയ്ക്ക് കളിയായി വിളിക്കുമായിരുന്നു..’കൊടുമുടി വേണു’ അത്രയും ഉയരത്തിലായിരുന്നു എന്നും അദ്ദേഹം.
അഭിനയത്തിലും ജീവിതത്തിലും. പലതും പഠിപ്പിച്ച, തണലും തണുപ്പും തന്ന ഒരു പര്‍വതം. മനസുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓര്‍മയായി മനസിലുണ്ടാകും എന്നും… വേദനയോടെ വിട,’ എന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്.
കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ കഴിയവെയായിരുന്നു നെടുമുടി വേണു അന്തരിച്ചത്.
നെടുമുടി വേണുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റുചില ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്.
തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി അവസാനം റിലീസ് ചെയ്തിട്ടുള്ളത്.
ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു.
തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Manju warrier condoles on the death of Actor Nedumudi Venu