'അത് പറയാനുള്ള വേദിയല്ല ഇത്, നൊ കമന്റസ് സോറി'; പാര്‍വതിക്കെതിരായ സോഷ്യല്‍മീഡിയ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തോട് മഞ്ജുവിന്റെ പ്രതികരണം
kasaba controversy
'അത് പറയാനുള്ള വേദിയല്ല ഇത്, നൊ കമന്റസ് സോറി'; പാര്‍വതിക്കെതിരായ സോഷ്യല്‍മീഡിയ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തോട് മഞ്ജുവിന്റെ പ്രതികരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st January 2018, 8:17 pm

തിരുവനന്തപുരം: മമ്മൂട്ടി ചിത്രം കസബയ്‌ക്കെതിരായ വിമര്‍ശനത്തെ തുടര്‍ന്ന് ചലചിത്രതാരം പാര്‍വതിയ്‌ക്കെതിരെ നടക്കുന്ന സോഷ്യല്‍മീഡിയ അക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകാതെ നടി മഞ്ജു വാര്യര്‍. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയിലെ പ്രസംഗത്തിനു ശേഷം ചോദ്യത്തോര വേളയില്‍ ഒരു പെണ്‍കുട്ടിയുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് താരം വിഷയത്തില്‍ അഭിപ്രായം പറയാതെ ഒഴിഞ്ഞു മാറിയത്.

“ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ നടി പാര്‍വതി സോഷ്യല്‍ മീഡിയകളിലൂടെ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?” എന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിനു മഞ്ജു നല്‍കിയ ഉത്തരം “അത് പറയാനുള്ള വേദിയല്ല ഇത്. നൊ കമന്റസ് സോറി” എന്നായിരുന്നു.

ചലച്ചിത്ര രംഗത്ത് പാര്‍വതിയുടെ പരാമര്‍ശവും താരത്തിനെതിരായ സോഷ്യല്‍മീഡിയ ആക്രമണവും വിവാദമായി നില്‍ക്കുന്നവേളയിലാണ് വിവാദത്തില്‍ ഉള്‍പ്പെടാന്‍ തയ്യാറാകാതെ മഞ്ജു ചോദ്യത്തില്‍ നിന്നു ഒഴിഞ്ഞു മാറിയത്. നേരത്തെ കസബയ്‌ക്കെതിരായ ുപരാമര്‍ശത്തെത്തുടര്‍ന്ന് പാര്‍വതിയെ അധിക്ഷേപിച്ച നിരവധിപേര്‍ സോഷ്യല്‍മീഡിയയിലെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് താരം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.