താരസംഘടനയായ അമ്മയില്‍ നടക്കാനിരുന്നത് മഞ്ജു വാര്യരും രേവതിയും ഉള്‍പ്പെടെ ഉള്ള താരങ്ങളുടെ രാജി. രാജി വെച്ച നടിമാരൊടൊപ്പം നിലപാട് എഴുതി തയ്യാറാക്കിയെങ്കിലും ചില കാരണങ്ങള്‍ കൊണ്ട് ഇത് നീട്ടിവെയ്ക്കുക ആയിരുന്നു.
വുമണ്‍ ഇന്‍ സിനിമാ കലക്ടിവ് പ്രവര്‍ത്തകരായ സിനിമാ താരം പാര്‍വ്വതി, സംവിധായകയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോൻ, മുതിര്‍ന്ന താരങ്ങളായ രേവതി, മഞ്ജു വാര്യര്‍ തുടങ്ങിയര്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
അച്ഛന്‍ മരിച്ച കാരണം കൊണ്ടും, ഇതുമായി ബന്ധപ്പെട്ടുള്ള യാത്രകളിലും ചടങ്ങുകളിലും പങ്കെടുക്കേണ്ടതനാലുമാണ് ഡബ്ല്യൂ.സി.സി പ്രവര്‍ത്തകയും, ദിലീപിന്റെ മുന്‍ഭാര്യയും ആയ മഞ്ജു വാര്യര്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാത്തത് എന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
തന്റെ സിനിമയായ മൈ സ്റ്റോറി ഉടന്‍ പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് പാര്‍വതി വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നും അറിയുന്നു. ഇപ്പോള്‍ അമേരിക്കയിലുള്ള പാര്‍വതി ചിത്രത്തിന്റെ റിലീസിന് ശേഷം അനുയോജ്യമായ സമയത്ത് നിലപാട് സ്വീകരിച്ചേക്കും.
എല്ലാവരും ഒന്നിച്ച് രാജി വെയ്‌ക്കേണ്ടതില്ലെന്നും, കുറച്ചുപേര്‍ സംഘടനയ്ക്ക് അകത്ത് നിന്ന് പ്രതിരോധം തീര്‍ക്കണമെന്നാണ് തീരുമാനം എന്നും നേരത്തെ സംവിധായകയായ വിധു വിന്‍സന്റ് വ്യക്തമാക്കിയിരുന്നു.
യുവതാരമായ പൃഥ്വിരാജ് നേരത്തെ തന്നെ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവത്തെപ്പറ്റി യുവതാരങ്ങളായ പൃഥ്വിരാജോ, ഫഹദ് ഫാസിലോ ഇതുവരെ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. ഇവരും അമ്മയ്ക്കൊപ്പം
നിലയുറപ്പിക്കില്ലെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ വലിയ തിരിച്ചടിയാണ് താരസംഘടന നേരിടുക.
നാല് നടിമാരാണ് ഇതുവരെ അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജി സമര്‍പ്പിച്ചത്. ആക്രമണത്തെ അതിജീവിച്ച നടിയും ഇതില്‍ ഉള്‍പ്പെടും.
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.