| Tuesday, 30th July 2024, 11:11 am

ആയിഷയ്ക്ക് ശേഷം എന്തുകൊണ്ട് മലയാള സിനിമകള്‍ ചെയ്തില്ല; മറുപടിയുമായി മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആയിഷ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരുടേതായി മറ്റ് സിനിമകള്‍ മലയാളത്തില്‍ റിലീസ് ചെയ്തിരുന്നില്ല. മലയാള സിനിമയില്‍ നിന്ന് മഞ്ജു വിട്ടുനില്‍ക്കുകയാണോ എന്ന ചോദ്യവും ഈ സമയത്ത് ഉയര്‍ന്നിരുന്നു.

വെള്ളരിപ്പട്ടണം, ജാക്ക് ആന്‍ഡ് ജില്‍, ലളിതം സുന്ദരം തുടങ്ങി തുടര്‍ച്ചയായി എത്തിയ മഞ്ജുവിന്റെ സിനിമകള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാനുമായിരുന്നുമില്ല. എന്തുകൊണ്ടാണ് ആയിഷയ്ക്ക് ശേഷം മലയാളത്തില്‍ സിനിമകള്‍ ചെയ്യാതിരുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു.

മനപൂര്‍വം മലയാളത്തില്‍ നിന്ന് വിട്ടുനിന്നതല്ലെന്നും തമിഴില്‍ നിന്നും ഈ സമയത്ത് നല്ല പ്രൊജക്ടുകള്‍ വന്നെന്നുമാണ് മഞ്ജു പറയുന്നത്.

‘തമിഴ് സിനിമകളില്‍ ബോധപൂര്‍വം ഫോക്കസ് ചെയ്യുന്നതല്ല, അറിഞ്ഞോ അറിയായെയോ തമിഴില്‍ നിന്നാണ് നല്ല പ്രൊജക്ട് വന്നത്. ഒരേ സമയത്താണ് എല്ലാത്തിന്റേയും ഷൂട്ട് പ്ലാന്‍ ചെയ്തത്. എനിക്ക് തോന്നുന്നു ആയിഷയ്ക്ക് ശേഷം എന്റെ മലയാള സിനിമയായിട്ട് പുറത്തുവരുന്നത് ഫൂട്ടേജാണ്. ഇതും ശരിക്കൊരു മലയാള സിനിമ എന്ന് തീര്‍ത്തുപറയാന്‍ പറ്റില്ല. ഏത് ഭാഷയില്‍ വേണമെങ്കിലും ഇതിനെ നമുക്ക് പ്ലേസ് ചെയ്യാന്‍ പറ്റും.

തുടര്‍ച്ചയായിട്ട് ഞാന്‍ കുറച്ച് നാള്‍ തമിഴ് സിനിമയുടെ ഷൂട്ടിങ്ങില്‍ തന്നെയായിരുന്നു. ഏതാണ്ട് കഴിഞ്ഞ ഒരു വര്‍ഷമായിട്ട്. മിസ്റ്റര്‍ എക്‌സ് എന്നൊരു സിനിമയുണ്ട് മനു ആനന്ദാണ് അതിന്റെ സംവിധായകന്‍. ആര്യയാണ് അഭിനയിക്കുന്നത്.

അതുപോലെ വിടുതലൈ 2 വില്‍ വെട്രിമാരന്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്തു. വിജയ് സേതുപതിയാണ് അഭിനയിക്കുന്നത്. പിന്നെ വേട്ടൈയാന്‍ രജിനിസാറിന്റെ കൂടെ ജ്ഞാനവേല്‍ എന്ന സംവിധായകന്റെ കൂടെ അഭിനയിച്ചു. അതിനിടെ എമ്പുരാന്റെ ഷൂട്ടിങ്ങും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഞാന്‍ കുറച്ച് ഭാഗങ്ങള്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. ഇനിയിപ്പോള്‍ ബാക്കി ഭാഗങ്ങള്‍ കൂടി ചെയ്യാനുണ്ട്,’ മഞ്ജു പറഞ്ഞു.

രജിനികാന്ത് ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയായിട്ടാണ് താന്‍ എത്തുന്നതെന്നും അതിനേക്കാള്‍ എക്സൈറ്റഡായ മറ്റൊരു കാര്യമുണ്ടെന്നും അഭിമുഖത്തില്‍ മഞ്ജു പറഞ്ഞിരുന്നു.

‘ ചിത്രത്തില്‍ രജിനിസാറിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. ചിത്രം ഒരു ഔട്ട് ആന്‍ഡ് ഔട്ട് രജിനീകാന്ത് പടമാണ്. ജയ് ഭീം എന്ന നല്ലൊരു സിനിമ സംവിധാനം ചെയ്ത ജ്ഞാനവേല്‍ സാറാണ് സംവിധായകന്‍. രജിനീകാന്ത് എന്ന വലിയ സ്റ്റാറിനൊപ്പം അഭിനയിക്കുന്നതുപോലെ തന്നെ അല്ലെങ്കില്‍ അതിനേക്കാള്‍ എക്സൈറ്റ്മെന്റ് ജ്ഞാനവേല്‍ സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നു.

കാരണം രസമുള്ള ഒരു സിനിമായിരിക്കുമല്ലോ. രജിനീകാന്ത് എന്ന സ്റ്റാര്‍ഡം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിനോടൊപ്പം തന്നെ ജയ് ഭീം എന്ന സിനിമയില്‍ നമ്മള്‍ കണ്ട ഒരു ക്വാളിറ്റി കൂടി ഉണ്ടാകും. ഇത് രണ്ടിന്റേയും ഗുണം സിനിമയ്ക്കുണ്ടാകുമെന്നാണ് കരുതുന്നത്.

സിനിമയുടെ റിലീസ് ഡേറ്റ് അറിയില്ല. ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ റിലീസ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഷൂട്ടിങ് പൂര്‍ണമായും കഴിഞ്ഞു. ഡബ്ബിങ് കഴിഞ്ഞിട്ടില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്,’ മഞ്ജു പറഞ്ഞു.

Content Highlight: Manju Warrier about Why he didnt act malayalammovies after Ayisha

We use cookies to give you the best possible experience. Learn more