മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെ അഭിനയജീവിതം ആരംഭിച്ച മഞ്ജു വളരെ ചെറിയ കാലത്തിനുള്ളില്‍ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി മാറി. 1999ല്‍ റിലീസായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു 2014ല്‍ റിലീസായ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. പിന്നീട് മികച്ച സിനിമകള്‍ മാത്രം തെരഞ്ഞെടുത്ത് പഴയ സ്ഥാനം മഞ്ജു വീണ്ടെടുത്തു.
മലയാളത്തിന് പുറമെ തമിഴിലും മഞ്ജു തന്റെ സാന്നിധ്യമറിയിച്ചു. വെട്രിമാരന്‍ സംവിധാനം അസുരനിലെ പച്ചൈയമ്മാള്‍ എന്ന കഥാപാത്രം എല്ലാവരെയും ഞെട്ടിച്ചിരുന്നു. അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവില്‍ ആക്ഷന്‍ ഹീറോയിനായി വന്ന് വീണ്ടും ഞെട്ടിച്ചു.
ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനിലും മഞ്ജു ഭാഗമാകുന്നുണ്ട്. ചിത്രത്തിലെ മനസിലായോ എന്ന പാട്ടിലെ മഞ്ജുവിന്റെ എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രജിനികാന്തിന്റെ നായികയായ താര എന്ന കഥാപാത്രത്തെയാണ് മഞ്ജു വേട്ടയ്യനില്‍ അവതരിപ്പിക്കുന്നത്.
തുനിവും വേട്ടയ്യനും താന്‍ കമ്മിറ്റ് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മഞ്ജു. തീരന്‍ അധികാരം ഒണ്‍ട്ര് ചെയ്ത വിനോദ് തന്നെ വിളിച്ചപ്പോള്‍ കഥ കേട്ടെന്നും ഉടനെ താന്‍ ഓക്കെ പറഞ്ഞെന്നും മഞ്ജു പറഞ്ഞു. അജിത്താണ് നായകനെന്ന് അപ്പോള്‍ പറഞ്ഞില്ലായിരുന്നില്ലെന്നും അറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
വേട്ടയ്യനിലും ഇതേ അവസ്ഥയായിരുന്നുവെന്നും ജയ് ഭീം ചെയ്ത ജ്ഞാനവേല്‍ കഥ പറയാന്‍ വിളിച്ചപ്പോള്‍ താന്‍ കഥ കേട്ട ഉടനെ ഓക്കെ പറഞ്ഞെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. രജിനിയുടെ ഭാര്യയാണെന്ന് അറിഞ്ഞപ്പോള്‍ കിളിപോയ അവസ്ഥയായെന്നും കേട്ടത് സത്യമാണോ എന്നറിയാന്‍ ഒന്നുകൂടെ ചോദിച്ചെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. സണ്‍ മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.
‘തമിഴില്‍ ആദ്യം ചെയ്തത് അസുരനായിരുന്നു. ആ സിനിമക്ക് ശേഷം പല കഥകളും എന്നെത്തേടി വന്നു. പലതും പച്ചൈയമ്മാളിനെപ്പോലുള്ള വേഷങ്ങളായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് വിനോദ് എന്നെ വിളിക്കുന്നത്. തീരന്‍ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. അയാള്‍ എന്നെ വിളിച്ച് കഥ പറഞ്ഞു. മലയാളത്തിലായാലും തമിഴിലായാലും ഇതുവരെ ചെയ്യാത്ത വേഷമായിരുന്നു.
കഥ കേട്ടപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. രണ്ടാമത് വിളിച്ചപ്പോഴാണ് അജിത് സാറാണ് നായകനെന്നറിഞ്ഞത്. വേട്ടയ്യനിലും അതേ അവസ്ഥയായിരുന്നു. ജയ് ഭീം ചെയ്ത ജ്ഞാനവേല്‍ വിളിച്ചു, കഥ പറഞ്ഞു. ഗംഭീരമായി തോന്നി. ഞാനിത് ചെയ്യാമെന്ന് ജ്ഞാനവേലിനോട് പറഞ്ഞു. അപ്പോഴാണ് ഇതില്‍ രജിനി സാറിന്റെ ഭാര്യയുടെ വേഷമാണെന്ന് പറഞ്ഞത്. പെട്ടെന്ന് ഞാന്‍ ‘ങ്‌ഹേ?’ എന്ന് ചോദിച്ചു. കേട്ടത് സത്യമാണെന്ന് മനസിലാക്കാന്‍ കുറച്ച് സമയമെടുത്തു,’ മഞ്ജു വാര്യര്‍ പറഞ്ഞു.
Content Highlight: Manju Warrier about Thunivu and Vettaiyan movie