മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച മഞ്ജു വാര്യര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കളിയാട്ടം, കന്മദം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് എന്നീ സിനിമകളിലെ പ്രകടനം നിരവധി പ്രശംസ നേടി. കരിയറില്‍ വലിയൊരു ഇടവേള എടുത്തതിന് ശേഷം തിരിച്ചുവരവിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു.
മോഹന്‍ലാല്‍ നായകനായ ഒടിയനില്‍ നായികയായ പ്രഭയെ അവതരിപ്പിച്ചത് മഞ്ജുവായിരുന്നു. വന്‍ ഹൈപ്പില്‍ വന്ന ഒടിയന്‍ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. നിരവധി ട്രോളുകള്‍ക്ക് ചിത്രം ഇരയായി. മലയാളത്തിലെ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടിയ ഒടിയനിലെ പല ഡയലോഗുകളും ട്രോളിനിരയായി.
മോഹന്‍ലാലിനോട് മഞ്ജുവാര്യറിന്റെ കഥാപാത്രം ‘കഞ്ഞിയെടുക്കട്ടേ മാണിക്യാ’ എന്ന് ചോദിക്കുന്നത് വലിയ രീതിയില്‍ ട്രോളിനിരയായി. അത്തരം ട്രോളുളുകളെല്ലാം താന്‍ കാണാറുണ്ടെന്ന് പറയുകയാണ് മഞ്ജു വാര്യര്‍.
ഓരോ സിനിമയിലും താന്‍ പറയുന്ന ഡയലോഗുകളെയും തന്റെ പ്രവര്‍ത്തികളെയും ഓരോരുത്തരും എങ്ങനെയാണ് കാണുന്നതെന്ന് മനസിലാക്കാന്‍ ഇത്തരം ട്രോളുകള്‍ സഹായിക്കാറുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. പുതിയ ചിത്രമായ ഫൂട്ടേജിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യര്‍ ഇക്കാര്യം പറഞ്ഞത്.
‘ആ സിനിമ ഇറങ്ങിയ സമയത്ത് തന്നെ ആ ഡയലോഗ് വൈറലായിരുന്നു. കുറേ ട്രോളുകള്‍ ആ ഡയലോഗുമായി ബന്ധപ്പെട്ട് ഉണ്ടായി. അത്രയും റീച്ച് ആ ഒരൊറ്റ ഡയലോഗിന് ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഇപ്പോഴും ആ ഡയലോഗിലെ സീനുകള്‍ വെച്ച് ട്രോളുകള്‍ വരുന്നുണ്ട്. പല കോണ്‍ടെക്‌സ്റ്റിലും ആളുകള്‍ അതിനെ പ്ലെയ്‌സ് ചെയ്തിട്ടുണ്ട്.
പല ട്രോളുകളും ഞാന്‍ കാണാറുണ്ട്. അത് ഒരു തരത്തില്‍ എനിക്ക് ചെറിയ രീതിയിലൊക്കെ ഹെല്‍പ് ചെയ്തിട്ടുണ്ട്. ഇങ്ങനത്തെ ട്രോളുകള്‍ കാണുമ്പോള്‍ നമുക്ക് മനസിലാകും, നമ്മള്‍ എന്ത് പറഞ്ഞാലാണ് അല്ലെങ്കില്‍ എന്ത് ചെയ്താലാണ് ട്രോളാകുന്നതെന്ന് ഐഡിയ കിട്ടും. പിന്നെ, ചില സമയത്ത് നമ്മുടെ മൂഡ് മോശമായിരിക്കുമ്പോള്‍ ഇതൊക്കെ കാണുമ്പോള്‍ ഓക്കെയാകാറുണ്ട്,’ മഞ്ജു വാര്യര്‍ പറഞ്ഞു.
Content Highlight: Manju Warrier about the trolls about her dialogue in Odiyan