സല്ലാപം എന്ന സിനിമയിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് മഞ്ജു വാര്യര്‍. സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ കഥാപാത്രത്തിന് ശേഷം നായികയായി മഞ്ജു എത്തിയ ആദ്യ ചിത്രമായിരുന്നു സല്ലാപം.
ലോഹിതദാസിന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ആദ്യത്തെ മുഴുനീള വേഷമായിട്ടും ഏറെ നാളത്തെ അഭിനയ പരിചയമുള്ള ഒരാളെപ്പോലെ പകര്‍ന്നാടാന്‍ മഞ്ജുവിന് സാധിച്ചിരുന്നു. സല്ലാപം സിനിമയുമായി ബന്ധപ്പെട്ട ചില ഓര്‍മകള്‍ ഫ്‌ളവേഴ്‌സ് ഒരു കോടി പരിപാടിയില്‍ പങ്കുവെക്കുകയാണ് നടി മഞ്ജു വാര്യര്‍.
ലോഹി സാറിന്റെ രണ്ട് മൂന്ന് കഥാപാത്രങ്ങള്‍ എനിക്ക് വീണു കിട്ടിയിട്ടുണ്ട്. എന്നെ നേര്‍ച്ചക്കോഴിയെന്ന് അദ്ദേഹം പറയുമായിരുന്നു. അന്ന് അതെന്താണ് എന്ന് എനിക്ക് മനസിലായിരുന്നില്ല. സല്ലാപം ഇറങ്ങിക്കഴിഞ്ഞ ശേഷമാണ് നേര്‍ച്ചകോഴി എന്ന് വിളിച്ചതിന്റെ കാരണം അദ്ദേഹം പറഞ്ഞുതന്നത്.
സല്ലാപത്തിന്റെ ഷൂട്ട് നടക്കുന്ന സമയം. ഞാന്‍ ചെയ്താല്‍ ശരിയാകുമോ ഇല്ലയോ എന്ന സംശയത്തിലാണ് ഷൂട്ടിങ് മുന്നോട്ടുപോയ്‌ക്കൊണ്ടിരുന്നത്. ആദ്യത്തെ സിനിമയാണ്. അത്രയും വലിയ കഥാപാത്രമാണ്. എക്‌സ്പീരിയന്‍സില്ലാത്ത ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഞാന്‍ ചെയ്താല്‍ ശരിയായില്ലെങ്കില്‍ സേഫായിട്ട് ചെയ്യാന്‍ കഴിയുന്ന ഒരു നടിയുടെ ഡേറ്റ് കൂടി വാങ്ങിച്ചുവെച്ചിരുന്നു എന്ന് പിന്നീട് അറിഞ്ഞു.
ആനി ചേച്ചിയുടെ ഡേറ്റ് വാങ്ങിയെന്നാണ് പറഞ്ഞത്. എന്നെ പേടിപ്പിക്കാന്‍ പറഞ്ഞതാണോ എന്നറിയില്ല. പക്ഷേ ഞാന്‍ ചെയ്താല്‍ ശരിയാകുമെന്ന് ആ മൊത്തം ടീമിന് ഉറപ്പുകൊടുത്ത ആളാണ് ലോഹിസര്‍. ചെയ്യാന്‍ പറ്റുമെന്ന് അദ്ദേഹം ധൈര്യം തരുമായിരുന്നു. അദ്ദേഹം നമുക്ക് ഒരു സീന്‍ പറഞ്ഞുതരുന്ന രീതിയുണ്ട്. അത് ഞാന്‍ അധികം പേരില്‍ കണ്ടിട്ടില്ല.
ആ കഥാപാത്രത്തിന്റെ കുട്ടിക്കാലം തൊട്ട് നമ്മളോട് പറഞ്ഞുതരും. അത് സിനിമയിലൊന്നും ഉണ്ടാവില്ല. സിനിമയില്‍ ആ കഥാപാത്രം എന്താണെന്ന് എല്ലാവര്‍ക്കും ധാരണയുണ്ടാകും. എന്നാല്‍ ലോഹിസാര്‍ ആ കഥാപാത്രം എവിടെ ജനിച്ചു, ആ കഥാപാത്രത്തിന്റെ കുട്ടിക്കാലം എങ്ങനെയായിരുന്നു, അതുപോലെ കൗമാരം എല്ലാത്തിനെ കുറിച്ചും പറഞ്ഞുതരും.
അത് ആ കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ നമ്മളെ സഹായിക്കും. ലോഹിസാറിന്റെ ജീവിത അനുഭവങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എന്ന് തോന്നിയിട്ടുണ്ട്. സല്ലാപം, തൂവല്‍ക്കൊട്ടാരം, കന്മദം ഈ മൂന്ന് കഥാപാത്രങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് എനിക്ക് ലഭിച്ചത്. ഇപ്പോഴും എന്റെ കഥാപാത്രങ്ങള്‍ പറയുമ്പോള്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ് കന്മദത്തിലെ ഭാനുവെന്ന കഥാപാത്രം, മഞ്ജു വാര്യര്‍ പറഞ്ഞു.
Content Highlight: Manju Warrier about sallapam character and Lohithadas