| Tuesday, 21st September 2021, 10:35 am

ഞാന്‍ ഇതുവരെ സിനിമകളില്‍ ചെയ്യാത്ത പല പരീക്ഷണങ്ങളും ആ സിനിമയില്‍ അദ്ദേഹം ചെയ്യിപ്പിച്ചിട്ടുണ്ട്; മഞ്ജു വാര്യര്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന്റെ വിശേഷണള്‍ പങ്കുവെക്കുകയാണ് നടി മഞ്ജു വാര്യര്‍. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ താരം പങ്കുവെച്ചത്.

ഭയങ്കര ഫണ്‍ ആയിട്ടുള്ള ഒരു ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍ എന്നും തന്റെ കഥാപാത്രവും അങ്ങനെ തന്നെയാണെന്നും മഞ്ജു പറയുന്നു.

‘കഥാപാത്രം ഫണ്ണിയാണ്. അതേസമയം അഡ്വന്‍ഞ്ചറുമാണ്. ഞാന്‍ ഇതുവരെ ചെയ്യാത്ത പുതിയ പുതിയ പരീക്ഷണങ്ങളും ആ സിനിമയില്‍ എന്നെക്കൊണ്ട് സന്തോഷേട്ടന്‍ ചെയ്യിപ്പിച്ചിട്ടുണ്ട്. അതൊക്കെ സന്തോഷേട്ടന്റെ റിസ്‌കാണ്.

സിനിമയെ കുറിച്ച് കേള്‍ക്കുന്ന കാലം തൊട്ടേ കേള്‍ക്കുന്ന പേരാണ് സന്തോഷ് ശിവന്റെ ക്യാമറയെ കുറിച്ച്. അദ്ദേഹത്തിന്റെ ഒരു ഫ്രെയിമിലെങ്കിലും നില്‍ക്കാന്‍ കഴിയണേയെന്ന് പണ്ടൊക്കെ ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍, അതിലുപരി ഒരു നല്ല മനുഷ്യന്റെ കൂടെ ഏകദേശം ഒന്നരമാസത്തോളം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. നല്ല അനുഭവങ്ങളായിരുന്നു അതെല്ലാം. അതിലുപരി നല്ലൊരു മനസിന് ഉടമകൂടിയാണ് അദ്ദേഹം.

എന്തൊക്കെയായിരുന്നു അതെന്ന് ചോദിച്ചപ്പോള്‍ അത് സിനിമ ഇറങ്ങുമ്പോള്‍ കാണാമെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. എന്നാല്‍ ചിത്രത്തില്‍ മഞ്ജുവിനെക്കൊണ്ട് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിപ്പിട്ടുണ്ടെന്നും തമിഴില്‍ ഒരു പാട്ടു പാടിച്ചിട്ടുണ്ടെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. ഇതോടെ താന്‍ രഹസ്യമാക്കി വെച്ച കാര്യങ്ങളെല്ലാം പറഞ്ഞുകളഞ്ഞല്ലോയെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

തമിഴിലെ എന്റെ ആദ്യത്തെ പാട്ടായിരിക്കും ഇതെന്നും അത്യാവശ്യം നല്ല രീതിയിലുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും മഞ്ജു പറഞ്ഞു. നേരത്തെ ചില ചിത്രങ്ങളില്‍ ചെറിയ രീതിയിലുള്ള ആക്ഷന്‍ സ്വീകന്‍സുകള്‍ ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ അത്യവശ്യം നന്നായി ആക്ഷന്‍ ഉണ്ട്. സിനിമയ്ക്ക് വേണ്ടി ഏകദേശം ഒരു മാസത്തോളം മിക്‌സ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ചെന്നും താരം പറഞ്ഞു.

ചിത്രത്തില്‍ മഞ്ജു ആലപിച്ച കാന്താ കാതോര്‍ത്തിരിപ്പു ഞാന്‍ എന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജുവിനും കാളിദാസിനും പുറമെ സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം, നെടുമുടി വേണു, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങി നിരവധി താരങ്ങള്‍ ഒരുമിക്കുന്നുമുണ്ട്. ശ്രീഗോകുലം മൂവീസ്, സേവാസ് ഫിലിംസ് ബാനറില്‍ ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം. പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Manju Warrier About Jack and Jill Movie Experiance

We use cookies to give you the best possible experience. Learn more