ഇഷ്ടപ്പെട്ട് തന്നെയാണ് ചെയ്തത്, ഇപ്പോള്‍ വെള്ളരി പട്ടണത്തെ പറ്റി സംസാരിക്കാം; ജാക്ക് ആന്‍ഡ് ജില്ലിനെ പറ്റിയുള്ള ചോദ്യത്തോട് മഞ്ജു വാര്യര്‍
Film News
ഇഷ്ടപ്പെട്ട് തന്നെയാണ് ചെയ്തത്, ഇപ്പോള്‍ വെള്ളരി പട്ടണത്തെ പറ്റി സംസാരിക്കാം; ജാക്ക് ആന്‍ഡ് ജില്ലിനെ പറ്റിയുള്ള ചോദ്യത്തോട് മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th March 2023, 7:59 pm

ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രം ഇഷ്ടപ്പെട്ട് തന്നെയാണ് ചെയ്തതെന്നും എന്നാല്‍ പ്രേക്ഷകര്‍ക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ലെന്നും മഞ്ജു വാര്യര്‍. പ്രേക്ഷകര്‍ക്ക് അവരവരുടേതായ അഭിപ്രായമുണ്ടെന്നും ആരേയും കുറ്റം പറയാനാവില്ലെന്നും മഞ്ജു പറഞ്ഞു. വെള്ളരി പട്ടണം എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിലായിരുന്നു അവരുടെ പ്രതികരണം.

‘ഏത് സിനിമ ചെയ്യുമ്പോഴും നന്നായിരിക്കണം, പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം എന്നുള്ള ആഗ്രഹത്തിലും ആത്മാര്‍ത്ഥതയിലുമാണ് ചെയ്യുന്നത്. ജാക്ക് ആന്‍ഡ് ജില്‍ ചെയ്യുമ്പോഴും ആ സ്‌നേഹത്തോടുകൂടി തന്നെയാണ് ചെയ്തത്. അതേപോലെ തന്നെയാണ് വെള്ളരി പട്ടണവും. ഈ സിനിമയുടെ വിധി എന്താണെന്ന് പ്രേക്ഷകര്‍ കണ്ട് സത്യസന്ധമായ അഭിപ്രായം പറയണം. അപ്പോഴാണ് സിനിമയുടെ വിധി നിശ്ചയിക്കപ്പെടുന്നത്. ആ ഒരു പ്രതീക്ഷയിലാണ് ഞാനും സൗബിനുമെല്ലാവരും കാത്തിരിക്കുന്നത്.

ജാക്ക് ആന്‍ഡ് ജില്‍ ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. പ്രേക്ഷകര്‍ക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. അതില്‍ ആരെ കുറ്റം പറയാന്‍ പറ്റും. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളില്ലേ. അതിനെ അതിന്റേതായ വിലയോട് കൂടെ ഞങ്ങള്‍ മനസിലാക്കുന്നു,’ മഞ്ജു പറഞ്ഞു.

ഭൂരിപക്ഷം പ്രേക്ഷകരെ ജാക്ക് ആന്‍ഡ് ജില്‍ തൃപ്തിപ്പെടുത്തിയോ എന്ന ചോദ്യത്തിന് അതൊന്നും തനിക്ക് അറിയില്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഈ സിനിമയെ പറ്റി സംസാരിക്കാം കേട്ടോ എന്നും മഞ്ജു പറഞ്ഞു.

മാര്‍ച്ച് 24നാണ് വെള്ളരി പട്ടണം റിലീസ് ചെയ്തത്. മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം സംവിധാനം ചെയ്തത് മഹേഷ് വെട്ടിയാരാണ്.

Content Highlight: manju warrier about jack and jill