കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതു മുതല്‍ ചര്‍ച്ചകളില്‍ ഇടം നേടിയ ചിത്രമാണ് “രാമലീല”. പ്രതിഷേധങ്ങള്‍ ഭയന്ന് ചിത്രത്തിന്റെ റിലീസ് പലതവണയാണ് അണിയറപ്രവര്‍ത്തകര്‍ മാറ്റിവെച്ചത്. ചിത്രം റിലീസിനെത്തുന്നതിനു മുന്നേ സിനിമ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി സോഷ്യല്‍മീഡിയയില്‍ പലരും രംഗത്തെത്തുകയും ചെയ്തു.
സിനിമയെ പിന്തുണച്ചും വിമര്‍ശിച്ചും സോഷ്യല്‍മീഡിയ രണ്ടുതട്ടിലായപ്പോള്‍ നടി മഞ്ജു വാര്യരുടെ നിലപാടും വാര്‍ത്തകളില്‍ ഇടം നേടി. ആക്രമിക്കപ്പെട്ട നടിക്ക് ആദ്യം മുതല്‍ ഉറച്ച പിന്തുണ നല്‍കിയ മഞ്ജു വാര്യര്‍ ദിലീപ് ചിത്രത്തിനു പിന്തുണ പ്രഖ്യാപിച്ചതിനെക്കുറിച്ചും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ നടന്നു.
ഒടുവില്‍ താനെന്തുകൊണ്ടാണ് രാമലീലയ്ക്ക പിന്തുണ നല്‍കിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. “ഇന്‍ഡ്യാഗ്ലിറ്റ്‌സ്” എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാടിനു പിന്നിലെ കാരണം വ്യക്തമാക്കിയത്.
“ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞ കാര്യം തന്നെയാണ് ഇപ്പോഴും പറയുന്നത്. സിനിമ എന്നാല്‍ ഒരു കൂട്ടായ്മയാണ്. ഞാന്‍ അഭിനയിച്ച ഉദാഹരണം സുജാതയും ഒരു ടീം വര്‍ക്കാണ്. നല്ല സിനിമകള്‍ വിജയിക്കുക എന്നത് മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ആവശ്യമാണ്.”
“എല്ലാ സിനിമയ്ക്കും അത് അര്‍ഹിക്കുന്ന അംഗീകാരം കിട്ടണം എന്നാണ് എന്റെ ആഗ്രഹം. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ എന്റെ ആഗ്രഹവും അതു തന്നെയാണ്. നല്ല ഉദ്ദേശത്തോടുകൂടി തന്നെയാണ് ഞാന്‍ രാമലീലയ്ക്ക് പിന്തുണ നല്‍കിയത്” മഞ്ജു വാര്യര്‍ പറഞ്ഞു.