സംവിധാന രംഗത്തേക്ക് എപ്പോഴാണ് കടക്കുക എന്ന ചോദ്യത്തിന് മറുപടിയുമായി മഞ്ജു വാര്യര്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിന്റെ റിലീസിന് മുന്നോടിയായി പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മഞ്ജു.
”ഇപ്പോള്‍ അങ്ങനെ ഒരു ഉദ്ദേശവുമില്ല. സംവിധാനത്തിലേക്ക് കടക്കണമെങ്കില്‍ ഒരു കഴിവ് വേണം. അതിന് അപാരമായ വിഷന്‍ വേണം, ക്ലാരിറ്റി വേണം, കോണ്‍ഫിഡന്‍സ് വേണം.
ഇപ്പോള്‍ എനിക്കത് ഇല്ല. ഈ നിമിഷം വരെ സംവിധാനം ചെയ്യണമെന്ന ഒരു പ്ലാന്‍ ഇല്ല,” മഞ്ജു പറഞ്ഞു.
സന്തോഷ് ശിവനാണ് ജാക്ക് ആന്‍ഡ് ജില്‍ സംവിധാനം ചെയ്യുന്നത്. മഞ്ജുവിനെ നായികയാക്കി സന്തോഷ് ശിവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.
മഞ്ജു വാര്യരുടെ രംഗങ്ങളടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ട്രെയിലറില്‍ മഞ്ജുവിന്റെ ഒരു കിടിലന്‍ ഇംഗ്ലീഷ് ഡയലോഗുമുണ്ടായിരുന്നു. പത്രസമ്മേളനത്തില്‍ വെച്ച് ഈ ഡയലോഗും മഞ്ജു ആവര്‍ത്തിക്കുന്നുണ്ട്. അത് എത്ര ടേക്ക് പോയി എന്ന ചോദ്യത്തിന്, ‘കിട്ടിയാല്‍ കിട്ടി എന്ന് പറഞ്ഞ് പോയതാ, ഇതിന് അധികം ടേക്കൊന്നും വേണ്ടി വന്നില്ല എന്ന് തോന്നുന്നു,’ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
സയന്‍സ് ഫിക്ഷന്‍ കോമഡി ട്രാക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ചിത്രത്തിലെ കിം കിം എന്ന് തുടങ്ങുന്ന ഗാനവും നേരത്തെ ശ്രദ്ധ നേടിയിരുന്നു.
Content Highlight: Manju Warrier about her plan to to enter into movie direction and about Jack and Jill movie