| Wednesday, 14th September 2022, 7:36 pm

ലൂസിഫറിലെ ആ സീന്‍ ചെയ്യുമ്പോള്‍ എന്റെ മനസില്‍ ഒരു കടല്‍ ഇരമ്പുന്നുണ്ടായിരുന്നു, ആ സമയത്ത് മനസില്‍ മുഴുവനും അച്ഛനായിരുന്നു: മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യര്‍. നിരവധി സിനിമകളില്‍ അഭിനയിച്ച നടിയെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

ഫ്‌ളവേഴ്‌സ് ഒരു കോടിയുടെ ഓണം സ്‌പെഷ്യല്‍ എപ്പിസോഡില്‍ അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. മഞ്ജു അഭിനയത്തിലേക്ക് വരുന്നത് അച്ഛന് താല്‍പര്യമുണ്ടായിരുന്നോ എന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചപ്പോഴായിരുന്നു അച്ഛനെക്കുറിച്ച് അവര്‍ പറഞ്ഞു തുടങ്ങിയത്.

ലൂസിഫര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അച്ഛന്‍ മരിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടുണ്ടായിരുന്നുവെന്നും സിനിമയില്‍ ചിത കത്തുന്ന രംഗം ഷൂട്ട് ചെയ്യുമ്പോള്‍ അച്ഛനെയാണ് ഓര്‍ത്തതെന്നും മഞ്ജു പറയുന്നു.

‘പലപ്പോഴും തിരക്ക് പിടിച്ച അലച്ചിലാണ് സിനിമ ലൊക്കേഷന്‍, ഇങ്ങനെ പോകുന്ന സമയത്ത് അച്ഛനെ ഓര്‍മ വരുന്ന നിരവധി സമയങ്ങളുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ വലിയ ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ നില്‍ക്കുമ്പോഴായിരിക്കും പെട്ടെന്ന് അച്ഛന്‍ ഇല്ലല്ലോ എന്ന ഒരു തോന്നല്‍ വരിക. അത് ചിലപ്പോള്‍ ഒറ്റയ്ക്ക് ഉള്ളപ്പോളായിരിക്കും മറ്റു ചിലപ്പോള്‍ ഭയങ്കര തിരക്കിനിടയില്‍ നില്‍ക്കുമ്പോഴായിരിക്കും.

അതിന് അങ്ങനെ സമയമില്ല, എപ്പോഴാണ് അത് ഹിറ്റ് ചെയ്യുക എന്ന് പറയാന്‍ പറ്റില്ല. അച്ഛന്‍ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ലൂസിഫര്‍ ചെയ്തത്. ആ സിനിമയില്‍ അച്ഛന്റെ ചിത കത്തിക്കുന്ന സീനുണ്ട്. അതൊക്കെ ചെയ്യുമ്പോള്‍ വലിയൊരു മാനസിക സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. ആ സീനില്‍ ഉള്ളിലൊരു ഇമോഷണല്‍ കടല്‍ ഒഴുകുന്നുണ്ടായിരുന്നു. അത് പക്ഷേ പുറത്ത് കാണിച്ചിട്ടില്ലായിരുന്നു. ചിത കത്തുമ്പോള്‍ ഞാന്‍ അച്ഛനെ ഓര്‍ത്തിരുന്നു,” മഞ്ജു പറഞ്ഞു.

യുവജനോത്സവത്തില്‍ കലാതിലകമായി തെരഞ്ഞെടുത്തതിന്റെ ഫോട്ടോ കണ്ടാണ് സിനിമയിലേക്ക് വിളിയെത്തുന്നതെന്നും മഞ്ജു പറയുന്നു. ആ സമത്തൊക്കെ സിനിമ നിര്‍ത്തിയാലും ഒരു കാരണവശാലും ഡാന്‍സ് നിര്‍ത്തരുതെന്ന് അച്ഛന്‍ പറഞ്ഞിരുന്നുവെന്നും മഞ്ജു പറയുന്നു.

”സിനിമ കാണാന്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. പക്ഷേ സിനിമാ നടിയാകുമെന്ന ചര്‍ച്ച ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. യുവജനോത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ പൊതുവേയുള്ള ഒരു പ്രവണതയായിരുന്നു അത്. കലാതിലകമായി അതിന്റെ ഫോട്ടോ കണ്ടാണ് സിനിമയിലേക്ക് വിളിക്കുന്നത്.

കലാതിലകമായ ഒട്ടുമിക്ക ആളുകളും അന്ന് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടാവും. പക്ഷേ അതൊന്നും വിചാരിച്ചിട്ടല്ല ഞങ്ങള്‍ ഡാന്‍സിന് പോയത്. ഡാന്‍സ് പഠിക്കുക എന്ന ആഗ്രഹത്തോടെയാണ് യുവജനോത്സവത്തില്‍ പങ്കെടുത്തത്,” മഞ്ജു പറഞ്ഞു.

”അച്ഛന്‍ വാത്സല്യനിധിയായിരുന്നു എന്നാലും അച്ഛന്‍ എപ്പോഴും പറയുന്ന ഒരു കാര്യമായിരുന്നു, അഭിനയം നിര്‍ത്തിയാലും ഡാന്‍സ് നിര്‍ത്തരുതെന്ന്. വീണ്ടും സിനിമയിലൊക്കെ അഭിനയിച്ച് തുടങ്ങിയപ്പോഴും അത് തന്നെയാണ് പറഞ്ഞത്.

ഏത് കാലത്താണെങ്കിലും ഡാന്‍സ് തുടരണമെന്നാണ് അച്ഛന്‍ പറഞ്ഞത്. സിനിമയുടെ സെറ്റിലൊന്നും അച്ഛന്‍ വരാറില്ല. പക്ഷേ ഡാന്‍സ് പ്രോഗ്രാമിന് അച്ഛന്‍ കാണാന്‍ മുന്നില്‍ തന്നെയുണ്ടാകും,” മഞ്ജു കൂട്ടിച്ചേര്‍ത്തു.

നികത്താന്‍ പറ്റാത്ത നഷ്ടം അച്ഛന്റെ വിയോഗമാണോ എന്ന് ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചപ്പോള്‍ ” ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ വേദന അച്ഛന്റെ വിയോഗമാണ്. എന്തൊക്കെ വാക്കുകള്‍ കേട്ടാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം അവിടെ തന്നെയുണ്ടാകുമെന്നാണ് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നത്,’ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

Content Highlight: Manju Warrier about her father

We use cookies to give you the best possible experience. Learn more