തന്റെ അഭിനയത്തിന്റെ ഏറ്റവും വലിയ വിമര്‍ശക താന്‍ തന്നെയാണെന്നും ഒരിക്കല്‍ പോലും ചെയ്ത കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ ആസ്വദിക്കാന്‍ പറ്റില്ലെന്നും പറയുകയാണ് മഞ്ജു വാര്യര്‍.
തന്റെ ഒരു സീന്‍ പോലും ‘കൊള്ളാം, നന്നായി ചെയ്തിട്ടുണ്ട്’, എന്ന് തോന്നാറില്ലെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.
ഒരു ആക്ടര്‍ എന്ന നിലയില്‍ സ്വയം എങ്ങനെ വിലയിരുത്തുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മഞ്ജു.
”എന്നെ സംബന്ധിച്ച് ഞാനെന്റെ ഏറ്റവും വലിയ വിമര്‍ശകയാണ്. ഞാന്‍ ചെയ്ത കഥാപാത്രങ്ങളൊന്നും സ്‌ക്രീനില്‍ കാണുമ്പോള്‍ എനിക്ക് ആസ്വദിക്കാന്‍ പറ്റില്ല. എനിക്കതില്‍ കുറ്റങ്ങളും കുറവുകളും മാത്രമേ കാണാന്‍ പറ്റൂ.
ആയിഷയാണെങ്കില്‍ പോലും ഓരോ സീനും കാണുമ്പോഴും, അയ്യോ ഇത് കുറച്ചുകൂടി നന്നാക്കാമായിരുന്നു, ഇങ്ങനെ ചെയ്യാമായിരുന്നു എന്നൊക്കെ തോന്നും. അത് പണ്ട് തൊട്ടേ, ആദ്യത്തെ സിനിമ മുതലേ അങ്ങനെയാണ്, ഇപ്പോഴും അങ്ങനെ തന്നെയാണ്.
മാര്‍ക്കിടാന്‍ പോലും എനിക്ക് ധൈര്യമില്ല.
എന്നുവെച്ച് ഞാന്‍ ഭയങ്കരമായി ഇംപ്രൂവ് ചെയ്യുന്നു എന്നുമില്ല (ചിരി). പക്ഷെ ചിലത് കാണുമ്പോള്‍, ആ ഇത് കൊള്ളാം ഞാന്‍ നന്നായി ചെയ്തിട്ടുണ്ട്, എന്ന് എനിക്ക് തോന്നിയിട്ടില്ല,” മഞ്ജു വാര്യര്‍ പറഞ്ഞു.
ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന മഞ്ജു ചിത്രം ആയിഷ റിലീസിനൊരുങ്ങി നില്‍ക്കുകയാണ്. മഞ്ജുവിന് പുറമെ നടി രാധികയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഒരേ സമയം മലയാളത്തിലും അറബിയിലും റിലീസ് ചെയ്യുന്ന ആയിഷയുടെ കോറിയോഗ്രഫി ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്.
അജിത്ത് നായകനായ തുനിവ് ആണ് മഞ്ജുവിന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. വലിമൈക്ക് ശേഷം എച്ച്. വിനോദും അജിത്തും ഒന്നിച്ച ചിത്രം ജനുവരി 11നായിരുന്നു തിയേറ്ററുകളിലെത്തിയത്.
മഞ്ജു വാര്യറുടെ ആക്ഷന് രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്.
Content Highlight: Manju Warrier about her evaluation of her own acting