Advertisement
Entertainment
ചെറിയൊരു ഗസ്റ്റ് റോള്‍ എന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്, അവസാനം രണ്ട് പാട്ടൊക്കെയുള്ള വലിയ റോളായി മാറി: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 14, 09:40 am
Saturday, 14th December 2024, 3:10 pm

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന മഞ്ജു വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്ക് നടന്നുകയറി. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു വാര്യര്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു.

ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് മഞ്ജുവിനെ തേടിയെത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തന്റെ സാന്നിധ്യമറിയിക്കാന്‍ മഞ്ജുവിന് സാധിച്ചു. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലൂടെയാണ് മഞ്ജു തമിഴില്‍ അരങ്ങേറിയത്. വെട്രിമാരന്റെ ഏറ്റവും പുതിയ ചിത്രമായ വിടുതലൈ 2വിലും മഞ്ജു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ചിത്രത്തിലേക്ക് ആദ്യം കാമിയോ റോളിലേക്കാണ് തന്നെ വിളിച്ചതെന്ന് പറയുകയാണ് മഞ്ജു വാര്യര്‍. വെട്രിമാരനുമായി വര്‍ക്ക് ചെയ്യാന്‍ തനിക്ക് എപ്പോഴും ആഗ്രഹമുണ്ടെന്നും ചെറിയ വേഷമാണെങ്കിലും വിടുതലൈ 2 ചെയ്തത് അതുകൊണ്ടാണെന്നും മഞ്ജു പറഞ്ഞു. താന്‍ ആ സിനിമയില്‍ ജോയിന്‍ ചെയ്തപ്പോള്‍ 70 ശതമാനത്തോളം ഷൂട്ട് ചെയ്ത് കഴിഞ്ഞിരുന്നെന്നും പിന്നീട് തന്റെ കഥാപാത്രത്തിന്റെ ദൈര്‍ഘ്യം കൂട്ടിയെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് പാട്ടുള്‍പ്പെടെ വലിയൊരു വേഷമായി പിന്നീട് തന്റെ കഥാപാത്രം മാറിയെന്നും മഞ്ജു പറഞ്ഞു. താന്‍ ആ സിനിമയില്‍ ഏറ്റവുമൊടുവിലാണ് ജോയിന്‍ ചെയ്തതെന്നും മറ്റുള്ളവര്‍ അതിനകം കഥയുടെ സോളിലേക്ക് ഇറങ്ങി ചെന്നിരുന്നെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. വിജയ് സേതുപതിയുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ഗലാട്ടാ പ്ലസ്സിനോട് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

‘വെട്രി സാറുമായി വര്‍ക്ക് ചെയ്യണമെന്ന് എപ്പോഴും എനിക്ക് ആഗ്രഹമുണ്ട്. അസുരന് ശേഷം അദ്ദേഹത്തിന്റെ കൂടെ ഇനി എപ്പോള്‍ വര്‍ക്ക് ചെയ്യാന്‍ പറ്റുമെന്ന് ചിന്തിച്ച് ഇരിക്കുമായിരുന്നു. വിടുതലൈയെപ്പറ്റി വെട്രി സാര്‍ എന്നോട് സംസാരിക്കുമ്പോളെല്ലാം അതില്‍ അഭിനയിക്കാന്‍ പറ്റുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം വെട്രി സാര്‍ എന്നെ വിളിച്ച് ‘വിടുതലൈ 2വില്‍ ഒരു ചെറിയ കാമിയോ റോളുണ്ട്, ചെയ്യാന്‍ പറ്റുമോ’ എന്ന് ചോദിച്ചത്.

ചെറിയ വേഷമാണെങ്കിലും ചെയ്യാം എന്ന ചിന്തയില്‍ ജോയിന്‍ ചെയ്തു. പിന്നീട് എന്റെ ക്യാരക്ടര്‍ കുറച്ചുകൂടി വലുതായി. രണ്ട് പാട്ടൊക്കെ എനിക്ക് കിട്ടി. ഈ സിനിമയിലേക്ക് ഏറ്റവും ഒടുവില്‍ ജോയിന്‍ ചെയ്തത് ഞാനാണ്. ബാക്കിയുള്ളവര്‍ സിനിമയുടെ സോളിലേക്ക് അതിനോടകം ഇറങ്ങിച്ചെന്നിരുന്നു. അതുപോലെ വിജയ് സേതുപതിയുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചു എന്നുള്ളതാണ് എന്നെ അട്രാക്ട് ചെയ്ത മറ്റൊരു കാര്യം,’ മഞ്ജു വാര്യര്‍ പറഞ്ഞു.

Content Highlight: Manju Warrier about her character in Viduthalai 2