തൃശ്ശൂര്‍: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ശ്രീകുമാര്‍ മേനോന്‍ സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും മോശക്കാരിയാക്കാന്‍ ശ്രമിച്ചുവെന്നും മഞ്ജു മൊഴി നല്‍കി. തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് എ.സി.പി സി.ഡി ശ്രീനിവാസനാണ് മൊഴിയെടുത്തത്.
സ്ത്രീകളോട് അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അന്വേഷണത്തിന്റെ ആദ്യ പടിയായിട്ടാണ് മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടര്‍നടപടികള്‍.ഒരാഴ്ചക്കകം ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന.
ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയക്കുന്നതായും മഞ്ജു വാര്യര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. താന്‍ ഒപ്പിട്ടു നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു. ഒടിയന്‍ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ശ്രീകുമാറാണന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള ‘പുഷ്’ കമ്പനിയുമായുളള കരാര്‍ പ്രകാരം 2013 മുതല്‍ നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2017-ല്‍ കരാര്‍ റദ്ദാക്കിയതിന്റെ വിദ്വേഷത്തില്‍ സമൂഹത്തില്‍ തന്റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് ശ്രീകുമാര്‍ മേനോന്റെ ഭാഗത്തുണ്ടാകുന്നതെന്നും ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം, പരാതിക്കു മറുപടിയായി ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവവും മഞ്ജുവിന്റെ കൂടെപ്പിറപ്പാണെന്നും ശ്രീകുമാര്‍ ആരോപിച്ചിരുന്നു.