മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു സുനിച്ചന്‍. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് സിനിമകളിലും സീരിയലുകളിലും താരം സജീവമായി. അടുത്തിടെ മലയാളം ബിഗ് ബോസിലും മഞ്ജു പങ്കെടുത്തിരുന്നു. തന്റെ പുതിയ സിനിമാ സീരിയല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍.
താന്‍ ഇപ്പോള്‍ അറിയപ്പെടുന്നത് തന്റെ കഥാപാത്രങ്ങളുടെ പേരിലാണെന്ന് മഞ്ജു പറഞ്ഞു. നാട്ടുമ്പുറത്ത് കാരിയായ ഒരാളായിരുന്നു താനെന്നും എന്ത് ചെയ്യണമെങ്കിലും ഭര്‍ത്താവ് കൂടെ വേണമായിരുന്നു എന്നും താരം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ഇപ്പോള്‍ എന്നെ എല്ലാവരും തിരിച്ചറിയുന്നത് തങ്കം എന്ന പേരിലാണ്. നൈറ്റിയിട്ട് മുടിയൊന്നും ചീകി കെട്ടാതെ നടക്കുന്ന പെണ്ണാണ് തങ്കം. നിലത്തിരുന്നാണ് ഭക്ഷണം കഴിക്കാന്‍ തോന്നുന്നതെങ്കില്‍ അവര്‍ അങ്ങനെ ചെയ്യും. അങ്ങനെ സ്ഥിരമായി വീട്ടില്‍ ചെയ്യുന്ന ഓരോ കാര്യങ്ങളാണ് അളിയന്‍സില്‍ എന്റെ കഥാപാത്രം ചെയ്യുന്നത്.
ഇപ്പോള്‍ ഞാന്‍ കുറച്ച് മോഡേണ്‍ വസ്ത്രമിട്ടാല്‍ നിങ്ങള്‍ക്കിത് ചേരില്ല, സാരിയാണ് ചേരുക, ഞങ്ങളുടെ തങ്കം ഇങ്ങനെയല്ല എന്നൊക്കെയാണ് പലരുടെയും കമന്റുകള്‍ വരുന്നത്. പക്ഷേ മഞ്ജു പത്രോസും തങ്കവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ ഒരുപാട് സന്തോഷമുണ്ട് എനിക്ക്.
ഞാന്‍ സിനിമയില്‍ ഒരുപാട് അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷനില്‍ നിന്നാണ് കൂടുതല്‍ ജനപ്രീതി കിട്ടിയിട്ടുള്ളത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ല.
2012ലാണ് ഞാന്‍ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. അവിടെ വരുന്നതിന് മുമ്പ് ഞങ്ങളുടെ വീടിന്റെ അതുവഴി പോകുന്ന രണ്ട് ബസില്‍ മാത്രമേ ഞാന്‍ കയറിയിട്ടുള്ളു. എസ്‌കലേറ്ററില്‍ പോലും കയറാന്‍ അറിയാത്ത വളരെ സാധാരണക്കാരിയായൊരു സ്ത്രീയായിരുന്നു ഞാന്‍. അതുവരെ സുനിച്ചന്റെ വാലില്‍ തൂങ്ങി മാത്രമാണ് ഞാന്‍ നടന്നിരുന്നത്.
അന്നൊക്കെ സേഫ്റ്റി പിന്‍ വാങ്ങണമെങ്കില്‍ പോലും സുനിച്ചന്‍ കൂടെ വരണമായിരുന്നു. ഒരു ദിവസം സുനിച്ചന് തിരക്കായതുകൊണ്ട് ന്യൂക്ലിയസ് മാളില്‍ ചുരിദാര്‍ വാങ്ങിക്കാന്‍ ഞാന്‍ തനിച്ച് പോയി. അന്ന് ഞാന്‍ എന്റെയൊരു കൂട്ടുകാരിയെ വിളിച്ചെങ്കിലും അവള്‍ വന്നില്ല. ഒരു അന്യഗ്രഹജീവി കയറി പോകുന്നത് പോലെയാണ് അവിടേക്ക് ഞാന്‍ പോയത്. അവിടെ എത്തിയപ്പോള്‍ എസ്‌കലേറ്റര്‍ കണ്ടതോടെ ഞാന്‍ തിരികെ പോന്നു. അതിനകത്ത് കയറാന്‍ അറിയില്ലെന്ന് മാത്രമല്ല പേടിയുമായിരുന്നു.
പിന്നീട് മറിമായത്തിലേക്ക് അഭിനയിക്കാന്‍ വന്നപ്പോള്‍ ഞാനൊരു ആര്‍ട്ടിസ്റ്റാണെന്ന് എനിക്ക് പോലും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. അവിടെ ഒരു സഹായത്തിനോ അല്ലെങ്കില്‍ നേരംപോക്കിനോ ആണ് എന്നെ വിളിച്ചതാണെന്നാണ് കരുതിയത്. ഇടയ്ക്ക് ചില സീനുകള്‍ ശരിയാകാതെ വരുമ്പോള്‍ ചേച്ചി അത് ഒരിക്കല്‍കൂടി എടുക്കാമെന്ന് പറയും. എന്റെ ജോലി ഇതൊന്നുമല്ലല്ലോ, എനിക്കിത് അറിയുകയുമില്ലല്ലോ എന്നാണ് ഞാന്‍ അന്ന് കരുതിയത്. പക്ഷെ അവര്‍ എനിക്ക് ശമ്പളം തരുന്നുണ്ടെന്നും ഇതാണെന്റെ ജോലിയെന്നും ഒരുപാട് മുന്നോട്ട് പോയതിന് ശേഷമാണ് എനിക്ക് മനസിലായത്,’ മഞ്ജു സുനിച്ചന്‍ പറഞ്ഞു.
content highlight: manju sunichan talks about her life