പൊളിറ്റിക്‌സിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സിനിമ തെരഞ്ഞെടുക്കുമ്പോള്‍ പ്രേക്ഷകര്‍ അതിനെ എങ്ങനെയെടുക്കുമെന്ന ടെന്‍ഷനുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മഞ്ജു പിള്ള. അങ്ങനെയുള്ള ടെന്‍ഷനൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് താരം പറയുന്നത്.
സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും ഒരു പ്രത്യേക പാര്‍ട്ടിയില്‍ പോയവരെയോ പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നവരെയോ ആളുകള്‍ വെറുതെ വിടുന്നുണ്ടോ എന്നാണ് മഞ്ജു ചോദിച്ചത്. തന്റെ ഏറ്റവും പുതിയ ചിത്രമായ മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘അങ്ങനെയുള്ള ടെന്‍ഷനൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും ഒരു പ്രത്യേക പാര്‍ട്ടിയില്‍ പോയവരെയോ പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നവരെയോ ആളുകള്‍ വെറുതെ വിടുന്നുണ്ടോ. നമ്മള്‍ ഒരു പോസ്റ്റിട്ടാല്‍ ഉടനെ നമ്മള്‍ സംഘികളായില്ലേ. അങ്ങനെയുള്ള ഒരു കാലമല്ലേയിത്.
ഞാന്‍ അങ്ങനെ ചെയ്യാറില്ല. മതവും രാഷ്ട്രീയവുമില്ലാത്ത ആളാണ് ഞാന്‍. മനുഷ്യത്വത്തിലും മനുഷ്യനിലും വിശ്വസിക്കുന്ന ആളാണ് ഞാന്‍. എനിക്ക് സിനിമ തെരഞ്ഞെടുക്കുമ്പോള്‍ അങ്ങനെ ഒരു പേടി വരാറില്ല. വെറുതെ ഇരിക്കുന്നവരുടെ മേല്‍ കയറാന്‍ ഒരു കാരണം കിട്ടാന്‍ കാത്തിരിക്കുന്നവരാണ്.
തുമ്മിയാല്‍ അവന് കൊവിഡ് ആണെന്ന് പറയുന്ന കാലമാണ്. അതുകൊണ്ട് എനിക്ക് പേടിയില്ല. ഈ സിനിമ പറയുന്നതും അത് തന്നെയല്ലേ. മതഭ്രാന്തോ രാഷ്ട്രീയഭ്രാന്തോ അല്ല നമുക്ക് വേണ്ടത്, മനുഷ്യത്വവും നന്മയുമാണ് എന്നാണ് സിനിമ പറയുന്നത്,’ മഞ്ജു പിള്ള പറഞ്ഞു.
മലയാളി ഫ്രം ഇന്ത്യയില്‍ നിവിന്‍ പോളിയുടെ അമ്മയായ സുമ എന്ന കഥാപാത്രമായാണ് മഞ്ജു എത്തിയത്. ആ കഥാപാത്രത്തിന് നല്ല അഭിപ്രായമാണ് തനിക്ക് ലഭിച്ചതെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. അതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് പറയുന്ന മഞ്ജു തനിക്ക് ഓസ്‌കര്‍ ലെവലില്‍ തോന്നിയ ഒരു അഭിപ്രായത്തെ കുറിച്ചും സംസാരിച്ചു.
‘മലയാളി ഫ്രം ഇന്ത്യക്ക് നല്ല റെസ്പോണ്‍സാണ് കിട്ടുന്നത്. വളരെ നാച്ചുറലായി ചെയ്തിരിക്കുന്നു എന്നാണ് പറയുന്നത്. അതിലൊക്കെ ഒരുപാട് സന്തോഷമുണ്ട്. എല്ലാവരും അത് തന്നെയാണ് പറയുന്നത്.
എനിക്ക് കൂടുതല്‍ സന്തോഷം കിട്ടിയ അല്ലെങ്കില്‍ ഒരു ഓസ്‌കര്‍ ലെവലില്‍ കിട്ടിയ ഒരു അഭിപ്രായമുണ്ട്.
ലളിതാമ്മയുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണല്ലോ. അതിലേക്ക് ഞാന്‍ വരുമോ എന്ന ചോദ്യം ചോദിച്ചു. അതിലേക്ക് ഞാന്‍ എത്തിയെന്നല്ല പറഞ്ഞത്. ആ ചോദ്യം കേട്ടപ്പോള്‍ ഒരുപാട് സന്തോഷവും അഭിമാനവും സങ്കടവും തോന്നി. കാരണം ലളിതാമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്.
മാത്രവുമല്ല ലളിതാമ്മ വേറെ ലെവലാണ്. ഒരിക്കലും ഞാന്‍ ലളിതാമ്മയുടെ സ്ഥാനത്തേക്ക് എത്തില്ല. ഞങ്ങളെ കമ്പാരിസണ്‍ ചെയ്യാന്‍ പറ്റില്ല. അത്രമാത്രം ഞാന്‍ എത്തിയിട്ടില്ല. എങ്കില്‍ പോലും ലളിതാമ്മ എന്റെ ഫേവറൈറ്റായിരുന്നു,’ മഞ്ജു പിള്ള പറഞ്ഞു.
Content Highlight: Manju Pillai Talks About Politics And Religion