ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്ക് ശേഷം ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. നിവിന്‍ പോളി നായകനായ ചിത്രത്തിന് ഷാരിസ് മുഹമ്മദായിരുന്നു തിരക്കഥ ഒരുക്കിയത്.
ഷാരിസ് മുഹമ്മദിനൊപ്പം തുടര്‍ച്ചയായി ഡിജോ മൂന്നാമതും ഒരു സിനിമക്കായി ഒന്നിച്ചു എന്ന പ്രത്യേകതയും മലയാളി ഫ്രം ഇന്ത്യക്കുണ്ടായിരുന്നു. സിനിമയില്‍ നിവിന്‍ പോളിയുടെ അമ്മയായ സുമ എന്ന കഥാപാത്രമായി എത്തിയത് മഞ്ജു പിള്ളയായിരുന്നു.
സിനിമയിലെ തന്റെ ആദ്യ ഷോട്ട് എടുത്തതിന് ശേഷമുണ്ടായ രസകരമായ അനുഭവത്തെ കുറിച്ച് പറയുകയാണ് താരം. ആദ്യ ഷോട്ട് കഴിഞ്ഞപ്പോള്‍ എല്ലാവരും മാറിനിന്ന് തന്നെ കുറിച്ച് എന്തോ ചര്‍ച്ച ചെയ്യുന്നത് കണ്ട് താന്‍ ടെന്‍ഷനിലായെന്നാണ് മഞ്ജു പറയുന്നത്.
‘സിനിമയിലെ ഫസ്റ്റ് ഷോട്ട് എടുത്ത് കഴിഞ്ഞതും ഞാന്‍ നോക്കുമ്പോള്‍ കാണുന്നത് ഡയറക്ഷന്‍ സൈഡും ക്യാമറ സൈഡും മൊത്തം ഡിസ്‌കഷനാണ്. മാറി നിന്നിട്ടാണ് ഇവരുടെ ഈ ഡിസ്‌കഷന്‍ നടക്കുന്നത്. അതോടെ ചെയ്തത് ശരിയായില്ലേ എന്ന ടെന്‍ഷനിലായി ഞാന്‍. എന്തായിരിക്കും ദൈവമേ, വേറെ എന്തെങ്കിലുമാകുമോ എന്ന് ഞാന്‍ ചിന്തിച്ചു.
അവസാനം അസോസിയേറ്റിന്റെ അടുത്ത് ചെന്ന് ഞാന്‍ കാര്യം ചോദിച്ചു. ഒന്നുമില്ല ചേച്ചി, ഞങ്ങള് പറയാമെന്ന് മാത്രമേ മറുപടി പറഞ്ഞുള്ളൂ. അവിടെ അപ്പോഴും ഡിസ്‌കഷനാണ്. ആകെ കൂടെ ഞാന്‍ ടെന്‍ഷനിലായി. അവസാനമാണ് എന്നോട് കാര്യം പറയുന്നത്. ചേച്ചിയെ നിവിന്റെ അമ്മയായി തോന്നുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്,’ മഞ്ജു പിള്ള പറഞ്ഞു.
Content Highlight: Manju Pillai Talks About Malayali From India Movie