മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലെത്തിയ മലയാളി ഫ്രം ഇന്ത്യയാണ് മഞ്ജുവിന്റേതായി ഏറ്റവും പുതുതായി പുറത്തുവന്ന ചിത്രം. നിവിന്‍ പോളിയുടെ അമ്മയായ സുമയായിട്ടായിരുന്നു താരം സിനിമയില്‍ എത്തിയത്.
ആ ചിത്രത്തിന് ശേഷം ഒരാള്‍ പറഞ്ഞ അഭിപ്രായത്തെ കുറിച്ച് പങ്കുവെക്കുകയാണ് മഞ്ജു പിള്ള. മലയാളി ഫ്രം ഇന്ത്യക്ക് നല്ല റെസ്പോണ്‍സാണ് കിട്ടുന്നതെന്നും അതില്‍ തനിക്ക് ഓസ്‌കര്‍ ലെവലില്‍ കിട്ടിയ ഒരു അഭിപ്രായമുണ്ടെന്നും മഞ്ജു പറയുന്നു.
കെ.പി.എ.സി ലളിതയുള്ള സ്ഥാനത്തേക്ക് താന്‍ വരുമോയെന്ന് ഒരാള്‍ ചോദിച്ചെന്നും ആ ചോദ്യം കേട്ടപ്പോള്‍ ഒരുപാട് സന്തോഷവും അഭിമാനവും ഒപ്പം സങ്കടവും തോന്നിയെന്നും താരം പറഞ്ഞു. മലയാളി ഫ്രം ഇന്ത്യയുടെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള.
‘മലയാളി ഫ്രം ഇന്ത്യക്ക് നല്ല റെസ്പോണ്‍സാണ് കിട്ടുന്നത്. വളരെ നാച്ചുറലായി ചെയ്തിരിക്കുന്നു എന്നാണ് പറയുന്നത്. അതിലൊക്കെ ഒരുപാട് സന്തോഷമുണ്ട്. എല്ലാവരും അത് തന്നെയാണ് പറയുന്നത്.
എനിക്ക് കൂടുതല്‍ സന്തോഷം കിട്ടിയ അല്ലെങ്കില്‍ ഒരു ഓസ്‌കര്‍ ലെവലില്‍ കിട്ടിയ ഒരു അഭിപ്രായമുണ്ട്.
ലളിതാമ്മയുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണല്ലോ. അതിലേക്ക് ഞാന്‍ വരുമോ എന്ന ചോദ്യം ചോദിച്ചു. അതിലേക്ക് ഞാന്‍ എത്തിയെന്നല്ല പറഞ്ഞത്. ആ ചോദ്യം കേട്ടപ്പോള്‍ ഒരുപാട് സന്തോഷവും അഭിമാനവും ഒപ്പം സങ്കടവും തോന്നി. കാരണം ലളിതാമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്.
മാത്രവുമല്ല ലളിതാമ്മ വേറെ ലെവലാണ്. ഒരിക്കലും ഞാന്‍ ലളിതാമ്മയുടെ സ്ഥാനത്തേക്ക് എത്തില്ല. ഞങ്ങളെ കമ്പാരിസണ്‍ ചെയ്യാന്‍ പറ്റില്ല. അത്രമാത്രം ഞാന്‍ എത്തിയിട്ടില്ല. എങ്കില്‍ പോലും ലളിതാമ്മ എന്റെ ഫേവറൈറ്റായിരുന്നു,’ മഞ്ജു പിള്ള പറഞ്ഞു.
Content Highlight: Manju Pillai Talks About Malayali From India And KPAC Lalitha