| Saturday, 16th November 2024, 7:48 pm

ഇന്ദ്രന്‍സിന്റെ ഭാര്യയായി ഹോമില്‍ അഭിനയിക്കുന്നതില്‍ കുഴപ്പമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു: മഞ്ജു പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ഹോം. ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലെന്‍, ദീപ തോമസ്, കൈനകരി തങ്കരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 2021 ഓഗസ്റ്റ് 19ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയത്.

ഹോം സിനിമയിലേക്കുള്ള തന്റെ സെക്കന്‍ഡ് എന്‍ട്രിയാണെന്ന് പറയുകയാണ് നടി മഞ്ജു പിള്ള. സിനിമയിലേക്ക് തന്നെ വിളിച്ചത് ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ വിജയ് ബാബുവാണെന്നും ഇന്ദ്രന്‍സിന്റെ ഭാര്യയായി അഭിനയിക്കുന്നതില്‍ കുഴപ്പമൊന്നും ഇല്ലലോയെന്ന് ചോദിച്ചെന്നും മഞ്ജു പിള്ള പറയുന്നു.

ഒന്ന് രണ്ട് നടിമാര്‍ ഇന്ദ്രന്‍സാണ് നായകനെന്നറിഞ്ഞപ്പോള്‍ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും വിജയ് ബാബു പറഞ്ഞെന്ന് താരം കൂട്ടിച്ചേര്‍ത്തു. ഫിലിമി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള.

‘എന്റെ സിനിമയിലേക്കുള്ള സെക്കന്റ് എന്‍ട്രിയാണ് ഹോം സിനിമ. എന്റെ അടുത്ത് വിജയ് ബാബു വിളിച്ചാണ് ഈ സിനിമയുടെ കാര്യം പറയുന്നത്. വിജയേട്ടന്‍ എന്റെ കുടുംബ സുഹൃത്തും കൂടിയാണ്. ഒരു കൊവിട് സമയത്ത് ഞാന്‍ ഫാം തുടങ്ങി അതില്‍ പണിയെടുക്കുമ്പോഴാണ് എന്നെ വിളിക്കുന്നത്. അപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചിട്ട് ഇങ്ങനെ ഒരു സംഭവമുണ്ട് ചെയ്യാമോ എന്ന് ചോദിച്ചു.

സിനിമയെല്ലാം നിര്‍ത്തിവച്ചിരുന്ന സമയമായിരുന്നു അപ്പോള്‍. സിനിമകളെല്ലാം കുറവായിരുന്നു. അത് കേട്ടപ്പോള്‍ എനിക്കൊരു ത്രില്‍ ആയിരുന്നു. ഞാന്‍ ഉടനെ ചെയ്യാമെന്ന് പറഞ്ഞു. എന്തെങ്കിലും പ്രശ്‌നമാകുമോയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഏയ് കുഴപ്പമൊന്നും ആകില്ല എല്ലാ മുന്‍കരുതലുകളും എടുത്തിട്ടാണ് നമ്മള്‍ സിനിമ ചെയ്യുന്നതെന്ന് വിജയ് ബാബു എന്റെ അടുത്ത് പറഞ്ഞു.

അതെല്ലാം പറഞ്ഞ് കഴിഞ്ഞിട്ട് അദ്ദേഹം ‘ഇന്ദ്രന്‍സിന്റെ ഭാര്യയായിട്ടാണ് കുഴപ്പമുണ്ടോ’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു എന്ത് കുഴപ്പമെന്ന്. ഒന്ന് രണ്ട് നടിമാര്‍ ഇന്ദ്രന്‍സന്റെ ഭാര്യയായെന്ന് പറഞ്ഞപ്പോള്‍ നോ പറഞ്ഞെന്ന് അപ്പോള്‍ വിജയേട്ടന്‍ എന്നോട് പറഞ്ഞു. എനിക്കെന്ത് കുഴപ്പം, എന്റെ കഥാപാത്രത്തെ ഞാന്‍ നോക്കിയാല്‍ പോരെ, എന്റെ ഓപ്പോസിറ്റ് നില്‍ക്കുന്നത് ആരായാലും എനിക്ക് പ്രശ്നമില്ലെന്ന് ഞാന്‍ പറഞ്ഞു,’ മഞ്ജു പിള്ള പറയുന്നു.

Content Highlight: Manju Pillai Talks About Home Movie And Vijay Babu

We use cookies to give you the best possible experience. Learn more