|

ആ സിനിമ കണ്ട് ഹിമാലയത്തില്‍ നിന്നൊരു സ്വാമിവരെ വിളിച്ച് നന്നായിയെന്ന് പറഞ്ഞു: മഞ്ജു പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ഹാസ്യതാരമായി തന്റെ കരിയര്‍ തുടങ്ങിയ മഞ്ജു ഇന്ന് മലയാളത്തില്‍ മികച്ച സിനിമകളുടെ ഭാഗമാണ്. സിനിമയില്‍ എന്ന പോലെ റിയാലിറ്റി ഷോകളിലും സീരിയലുകളിലും മഞ്ജു പിള്ള സജീവമാണ്. ഹോം എന്ന സിനിമയിലൂടെ തന്റെ കരിയറിലെ രണ്ടാം ഫേസിലേക്ക് കടന്ന താരം ഇന്ന് മികച്ച സിനിമകളുടെ ഭാഗമാണ്.

ഹോം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള. .30 വര്‍ഷത്തോളമായി താന്‍ സിനിമ മേഖലയില്‍ ഉണ്ടെന്നും കുട്ടിയമ്മയെപ്പോലെ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു കഥാപാത്രം അവതരിപ്പിക്കാനായതില്‍ പൂര്‍ണ സംതൃപ്തി ഉണ്ടെന്നും മഞ്ജു പിള്ള പറഞ്ഞു.

‘വര്‍ഷങ്ങളായി ഞാന്‍ ഇന്‍ഡസ്ട്രിയിലുണ്ട്. ‘ഹോമി’ലെ കുട്ടിയമ്മയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആ വരവേല്‍പ്പ് സത്യമായും ഞാന്‍ പ്രതീക്ഷിച്ചതല്ല. 30 വര്‍ഷത്തോളമാകുന്നു ഞാന്‍ ഇന്‍ഡസ്ട്രിയിലെത്തിയിട്ട്. കുട്ടിയമ്മയെപ്പോലെ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു കഥാപാത്രം അവതരിപ്പിക്കാനായതില്‍ പൂര്‍ണ സംതൃപ്തിയുണ്ട്.

ഒലിവര്‍ ട്വിസ്റ്റാണ് സിനിമയുടെ നട്ടെല്ല്. കഥ പറഞ്ഞ് കേട്ടപ്പോള്‍ കുട്ടിയമ്മക്ക് ഇത്രയും പ്രധാന്യം ഉണ്ടാകുമെന്ന് കരുതിയില്ല. അതുകൊണ്ടുതന്നെ അത്ര മാത്രം ശ്രദ്ധിക്കപ്പെടുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. വാര്‍ധക്യത്തിലെത്തിയ ശരീരഭാഷയില്‍ ഒരുപാട് പ്രത്യേകതകളുള്ള വേഷമായിരുന്നു അത്. കുട്ടിയമ്മയെ അവതരിപ്പിക്കുന്നത് അല്പം വെല്ലുവിളിയായിരുന്നു.

സിനിമ 2021ല്‍ പുറത്തിറങ്ങിയപ്പോള്‍ ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരുപാടുപേര്‍ അഭിനന്ദനങ്ങളുമായി വിളിച്ചപ്പോഴാണ് ഞാനത് മനസിലാക്കുന്നത്. കേരളത്തിലുള്ളവരും പുറത്തുതാമസിക്കുന്ന മലയാളികളും സുഹൃത്തുക്കളുമൊക്കെ വിളിച്ച് ഗംഭീരമായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.

സിനിമയിറങ്ങിയ സമയത്ത് ഹിമാലയത്തില്‍ നിന്നൊരു സ്വാമി വിളിച്ചിരുന്നു. ഹോം കണ്ടുവെന്നും നന്നായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കോള്‍ എന്നെ തേടിയെത്തി. അത് മറ്റാരുമായിരുന്നില്ല, ലാലേട്ടനായിരുന്നു. കൂടാതെ സംവിധായകന്‍ രഞ്ജിത്ത് സാറും വിളിച്ചിരുന്നു. എന്നെ സംബന്ധി ച്ച് അതെല്ലാം വലിയ അംഗീകാരവും പ്രോത്സാഹനവുമാണ്,’ മഞ്ജു പിള്ള പറയുന്നു.

Content highlight: Manju Pillai talks about Home movie