ടീച്ചര്‍ എന്ന സിനിമയിലെ തന്റെ അഭിനയം കണ്ടിട്ട് താന്‍ തന്നെ അമ്പരന്ന് പോയെന്ന് നടി മഞ്ജു പിള്ള. സിനിമയിലെ താനടക്കമുള്ള എല്ലാ കഥാപാത്രങ്ങളും അസാധ്യ പ്രകടനമാണ് കാഴ്ചവെച്ചത് എന്നും താരം പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ടീച്ചര്‍ സിനിമയിലെ എന്റെ അഭിനയം കണ്ടിട്ട് ഞാന്‍ തന്നെ അമ്പരന്ന് പോയി. അത് ഞാന്‍ തന്നെയാണോ എന്ന് എനിക്ക് തോന്നിപ്പോയി. കാരണം ഞാന്‍ അഭിനയിക്കുന്ന സീനില്‍ ഞാനും അമലയും മാത്രമെ ഉണ്ടായിരുന്നുള്ളു. വേറെ ആരും ആഭിനയിക്കുന്നത് ഞാന്‍ കണ്ടില്ലായിരുന്നു.
ശരിക്കും പറഞ്ഞാല്‍ ആ സിനിമയില്‍ എല്ലാ അഭിനേതാക്കളും ഞെട്ടിക്കുന്ന അനുഭവമാണ് കാഴ്ചവെച്ചത്. കാരണം വിവേക് എന്ന ഡയറക്ടര്‍ തന്നെയാണ്. വിവേക് വിചാരിച്ചതു പോലെ തന്നെ കഥാപാത്രത്തിനെ കിട്ടാന്‍ എത്ര വേണമെങ്കിലും കഷ്ടപ്പെടും. സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് നമുക്ക് ആവശ്യത്തിന് മോട്ടിവേഷനൊക്കെ അദ്ദേഹം തരും.
ഈ സിനിമയില്‍ ഞാനൊരു പാട്ട് പാടുന്നുണ്ട്. അതിന് മുമ്പ് ഒരു നാല് മിനിറ്റ് നീളുന്ന പ്രസംഗമുണ്ട്. അയ്യോ അത് പറയുന്നത് വലിയ കഷ്ടപ്പാടായിരുന്നു. അതൊരു മൂന്ന് പേജ് ഡയലോഗുണ്ട്. നാല് ദിവസം മുമ്പ് എനിക്ക് തിരക്കഥ തന്നിരുന്നു. എന്നിട്ടും എനിക്കത് പഠിക്കാന്‍ പ്രയാസമായിരുന്നു.
കാരണം അത് നമ്മുടെ മലയാളമായിരുന്നില്ല. അതുകൊണ്ട് തന്നെ പറയാനും പഠിക്കാനും ബുദ്ധിമുട്ടായിരുന്നു. അതിനുശേഷമാണ് ആ പാട്ട് വരുന്നത്. എന്റെ ഭര്‍ത്താവ് പാടിയതാണെന്നും പറഞ്ഞാണ് ആ പാട്ട് ഞാന്‍ പാടുന്നത്. ആ പാട്ടില്‍ ഞാന്‍ നാല് ദിവസം മാത്രമാണ് വര്‍ക്ക് ചെയ്തത്. അതുകൊണ്ട് ആ പാട്ടിലെ വരി പോലും എനിക്ക് ഓര്‍മയില്ല,’ മഞ്ജു പിള്ള പറഞ്ഞു.
അതിരന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് ടീച്ചര്‍. ഹക്കിം ഷാ, ചെമ്പന്‍ വിനോദ്, മഞ്ജു പിള്ള തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
ടെക്‌നോളജി വളരെ അപ്ഡേറ്റഡായ, എന്തും സംഭവിക്കാമെന്ന അവസ്ഥയുള്ള ഇക്കാലത്ത് നടക്കുന്ന കഥയാണ് ‘ടീച്ചറി’ന്റെ പ്രമേയമെന്നും, ഇമോഷണല്‍ ത്രില്ലര്‍ ഴോണറിലുള്ള ചിത്രമാണിതെന്നുമാണ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ പറയുന്നത്. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററിലെത്തിയത്.
content highlight: manju pillai talks about her new movie