മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമാ-സീരിയല്‍ നടിയാണ് മഞ്ജു പിള്ള. 1991ല്‍ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിലിമിലൂടെയാണ് മഞ്ജു തന്റെ കരിയര്‍ ആരംഭിക്കുന്നത്.
മലയാള സിനിമകളിലെ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര – നാടക നടനായ എസ്.പി. പിള്ളയുടെ കൊച്ചുമകള്‍ കൂടിയാണ് മഞ്ജു പിള്ള. ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുള്ള മഞ്ജു മമ്മൂട്ടിയോടൊപ്പവും അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് മഞ്ജു. തന്റെ അപ്പൂപ്പന്‍ മരിച്ച സമയത്ത് മരണവീട്ടിലേക്ക് മമ്മൂട്ടി മാത്രമായിരുന്നു നായക സ്ഥാനത്ത് നിന്ന് വന്നിരുന്നത് എന്നാണ് മഞ്ജു പറയുന്നത്.
‘ഗോളാന്തര വാര്‍ത്തയുടെ സമയത്താണ് മമ്മൂക്കയെ ഞാന്‍ ആദ്യമായിട്ട് കാണുന്നത്. അന്ന് മാറിനിന്ന് അദ്ദേഹത്തെ ആരാധനയോടെ നോക്കി നില്‍ക്കുമായിരുന്നു. പേടിച്ചിട്ടാകും അത്.
പിന്നെ മഴയെത്തും മുന്‍പേ എന്ന സിനിമയില്‍ എത്തിയപ്പോള്‍ അതൊക്കെ മാറി. ആ സമയത്താണോ മമ്മൂക്കയുമായി അടുത്തതെന്ന് ചോദിച്ചാല്‍, കുറച്ചൊക്കെ അടുത്തു. പേടിയൊക്കെ പോയത് ആ സമയത്താണ്.
പിന്നെയും കുറേ കഴിഞ്ഞാണ് ഓക്കെയായത്. എന്റെ അപ്പൂപ്പന്‍ മരിച്ച സമയത്ത് മമ്മൂക്ക മാത്രമായിരുന്നു നായക സ്ഥാനത്ത് നിന്ന് വന്നിരുന്നത്. അദ്ദേഹം ഏറ്റുമാനൂരില്‍ വന്ന് അപ്പൂപ്പനെ കണ്ടിട്ട് പോയി.
ഞാന്‍ അന്ന് ചെറുതായിരുന്നു. ഞാന്‍ അദ്ദേഹത്തെ എത്തിനോക്കി കണ്ടിരുന്നു. പക്ഷെ അന്നൊന്നും മമ്മൂക്കയുടെ കൂടെ നില്‍ക്കാന്‍ പറ്റുമെന്നോ അദ്ദേഹത്തെ കാണാന്‍ പറ്റുമെന്നോ അഭിനയിക്കാന്‍ പറ്റുമെന്നോ കരുതിയില്ല,’ മഞ്ജു പിള്ള പറയുന്നു.
Content Highlight: Manju Pillai Talks About Death Of Her Grand Father SP Pillai And Mammootty