Entertainment news
ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടേയില്ലെന്നാണ് തോന്നുന്നത്: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 10, 07:01 am
Monday, 10th March 2025, 12:31 pm

മലയാള സിനിമാ-സീരിയല്‍ രംഗത്ത് സജീവമാണ് നടി മഞ്ജു പിള്ള. 1991-ല്‍ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിലിമിലാണ് മഞ്ജു പിള്ള ആദ്യമായി അഭിനയിക്കുന്നതെങ്കിലും സത്യവും മിഥ്യയും ആയിരുന്നു മഞ്ജുവിന്റെ ആദ്യത്തെ സീരിയല്‍. പിന്നീട് സിനിമകളിലും, സീരിയലുകളിലും സജീവമായി. ഹാസ്യ വേഷങ്ങളാണ് ആദ്യം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് സ്വഭാവവേഷങ്ങളും അവതരിപ്പിച്ചു.

2021ല്‍ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തില്‍ മഞ്ജു അഭിനയിച്ച ആനിയമ്മ എന്ന കഥാപാത്രം ഏറെ പ്രേക്ഷക നിരൂപണം ലഭിച്ച കഥാപാത്രമാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന മഹാ സീരിയലിലും മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമ ചെയ്യുമ്പോള്‍ കഥാപാത്രങ്ങള്‍ താന്‍ തന്നെയാണെന്ന് സങ്കല്‍പ്പിക്കുമെന്നും, സങ്കടമാണ് കഥാപാത്രത്തിന്റെ ശൈലിയെങ്കില്‍ തനിക്ക് അതുവന്നാല്‍ എങ്ങനെയാകുമെന്ന് ചിന്തിക്കുമെന്നും പറയുകയാണ് മഞ്ജു പിള്ള. അങ്ങനെ ചെയ്യുമ്പോള്‍ ആ കഥാപാത്രം സ്വാഭാവികമായി വരുമെന്നും കൂടി പറയുന്നുണ്ട് നടി. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജുപിള്ള.

‘ഞാന്‍ സിനിമ ചെയ്യുമ്പോള്‍ ആ ക്യാരക്ടര്‍ ഞാനായിട്ട് തന്നെ സങ്കല്‍പിക്കും. എന്റെ കൂടെയുള്ള ആള്‍ക്കാരൊക്കെ എന്റെയാണെന്ന് വിചാരിക്കും. അതിനുശേഷം ഇങ്ങനെ എനിക്ക് വന്നാല്‍ എങ്ങനെയാണെന്ന് സങ്കല്‍പിക്കും. അതാണ് ശരിക്കുള്ള പ്രോസസ്. അങ്ങനെ ചെയ്യുമ്പോള്‍ ആ ക്യാരക്ടര്‍ അറിയാതെ വന്നുപോകും.

അതിപ്പോ സങ്കടമാണെങ്കിലും, ഹാപ്പിനെസ് പൊതുവെയെനിക്കുണ്ടല്ലോ? കോമഡി ചെയ്യാനെനിക്ക് പൊതുവെ ബുദ്ധിമുട്ട് വന്നിട്ടില്ല. ഞാന്‍ കോണ്‍ഷ്യസില്ലാതെ ചെയ്ത രണ്ട് സിനിമയാണ് ഹോം, ഫാലിമി എന്നിവ. കാര്യക്ടറിനെക്കുറിച്ചറിയാം എന്ത് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും. ഫാലിമിയില്‍ എനിക്ക് തോന്നുന്നു ഞാന്‍ അഭിനയിച്ചിട്ടേയില്ല, എല്ലാമൊരു നിര്‍ജ്ജീവമായിരുന്നു,’ മഞ്ജു പിള്ള പറയുന്നു.


നിരവധി ടി.വി ചാനലുകളിലും ജനപ്രിയ പരിപാടികളിലും പരസ്യങ്ങളിലും അഭിനയിച്ച മഞ്ജു ഹാസ്യരംഗങ്ങള്‍ തന്മയത്വമായി അവതരിപ്പിക്കുന്ന നടിയാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ നാലുപെണ്ണുങ്ങളിലും എം.പി. സുകുമാരന്‍ നായരുടെ രാമാനം, ജലാംശം എന്നീ സിനിമകളിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

CONTENT HIGLIGHTS: Manju Pillai talks about acting in Falimi