ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്ക് ശേഷം ഡിജോയുടെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. നിവിന്‍ പോളി നായകനായ ചിത്രത്തിന് ഷാരിസ് മുഹമ്മദായിരുന്നു തിരക്കഥ ഒരുക്കിയത്.
സിനിമയില്‍ നിവിന്‍ പോളിയുടെ അമ്മയായ സുമ എന്ന കഥാപാത്രമായി എത്തിയത് മഞ്ജു പിള്ളയായിരുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ആളുകള്‍ മലയാളി ഫ്രം ഇന്ത്യ ആടുജീവിതത്തിന്റെ സ്പൂഫ് ആണെന്ന് പറയുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു.
‘ആടുജീവിതത്തിന്റെ സ്പൂഫ് ആണോയെന്ന് ആളുകള്‍ ചോദിക്കുന്നുണ്ട്. പക്ഷേ ഒരു നജീബ് മാത്രമല്ലല്ലോ ആടുജീവിതത്തിന് ഇരയായിട്ടുള്ളത്. ഒരുപാട് നജീബുമാര്‍ വേറെ എവിടെയൊക്കെയോ ജീവിച്ചിരിപ്പുണ്ട്. അതൊന്നും നമുക്ക് അറിയില്ല. ഇതിനെ ഒരു സ്പൂഫായി വേണമെങ്കില്‍ കാണാം.
ഇങ്ങനെ പറയുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് സിനിമ ഷൂട്ട് ചെയ്തത്. ഇന്റര്‍വെല്ലിന് ശേഷം മുഴുവനും കാണിച്ചിരിക്കുന്നത് മരുഭൂമിയാണ്. അതിന് മുമ്പേ തന്നെ ആടുജീവിതത്തിന്റെ ഷൂട്ടിങ് നടക്കുന്നത് കൊണ്ട് നമുക്ക് ഊഹിക്കാമല്ലോ. എന്നുകരുതി നമുക്ക് ഒരു ദുബായ് കഥ എടുക്കാതെയിരിക്കാന്‍ കഴിയില്ലല്ലോ,’ മഞ്ജു പിള്ള പറഞ്ഞു.
സിനിമയിലെ മഞ്ജുവിന്റെ സുമ എന്ന കഥാപാത്രത്തിന് നല്ല അഭിപ്രായമാണ് തനിക്ക് ലഭിച്ചതെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. അതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് പറയുന്ന മഞ്ജു തനിക്ക് ഓസ്‌കര്‍ ലെവലില്‍ തോന്നിയ ഒരു അഭിപ്രായത്തെ കുറിച്ചും സംസാരിച്ചു.
‘മലയാളി ഫ്രം ഇന്ത്യക്ക് നല്ല റെസ്പോണ്‍സാണ് കിട്ടുന്നത്. വളരെ നാച്ചുറലായി ചെയ്തിരിക്കുന്നു എന്നാണ് പറയുന്നത്. അതിലൊക്കെ ഒരുപാട് സന്തോഷമുണ്ട്. എല്ലാവരും അത് തന്നെയാണ് പറയുന്നത്.
എനിക്ക് കൂടുതല്‍ സന്തോഷം കിട്ടിയ അല്ലെങ്കില്‍ ഒരു ഓസ്‌കര്‍ ലെവലില്‍ കിട്ടിയ ഒരു അഭിപ്രായമുണ്ട്.
ലളിതാമ്മയുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണല്ലോ. അതിലേക്ക് ഞാന്‍ വരുമോ എന്ന ചോദ്യം ചോദിച്ചു. അതിലേക്ക് ഞാന്‍ എത്തിയെന്നല്ല പറഞ്ഞത്. ആ ചോദ്യം കേട്ടപ്പോള്‍ ഒരുപാട് സന്തോഷവും അഭിമാനവും സങ്കടവും തോന്നി. കാരണം ലളിതാമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്.
മാത്രവുമല്ല ലളിതാമ്മ വേറെ ലെവലാണ്. ഒരിക്കലും ഞാന്‍ ലളിതാമ്മയുടെ സ്ഥാനത്തേക്ക് എത്തില്ല. ഞങ്ങളെ കമ്പാരിസണ്‍ ചെയ്യാന്‍ പറ്റില്ല. അത്രമാത്രം ഞാന്‍ എത്തിയിട്ടില്ല. എങ്കില്‍ പോലും ലളിതാമ്മ എന്റെ ഫേവറൈറ്റായിരുന്നു,’ മഞ്ജു പിള്ള പറഞ്ഞു.
Content Highlight: Manju Pillai Talks About Aadujeevitham And Malayali From India