എനിക്ക് ആ സിനിമക്ക് ശേഷം ഓസ്‌കര്‍ ലെവലില്‍ കിട്ടിയ ഒരു അഭിപ്രായമുണ്ട്; അതില്‍ സന്തോഷം തോന്നി: മഞ്ജു പിള്ള
Entertainment
എനിക്ക് ആ സിനിമക്ക് ശേഷം ഓസ്‌കര്‍ ലെവലില്‍ കിട്ടിയ ഒരു അഭിപ്രായമുണ്ട്; അതില്‍ സന്തോഷം തോന്നി: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th May 2024, 5:41 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. താരത്തിന്റെ ഓരോ സിനിമകളിലെയും കഥാപാത്രങ്ങള്‍ ഏറെ പ്രശംസ ലഭിച്ചവയാണ്. മലയാളി ഫ്രം ഇന്ത്യയാണ് മഞ്ജുവിന്റേതായി ഏറ്റവും പുതുതായി പുറത്തുവന്ന ചിത്രം. സിനിമയില്‍ നിവിന്‍ പോളിയുടെ അമ്മയായ സുമ എന്ന കഥാപാത്രമായാണ് മഞ്ജു എത്തിയത്.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ആ കഥാപാത്രത്തിന് നല്ല അഭിപ്രായമാണ് തനിക്ക് ലഭിച്ചതെന്ന് പറയുകയാണ് മഞ്ജു പിള്ള. അതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് പറയുന്ന താരം തനിക്ക് ഓസ്‌കര്‍ ലെവലില്‍ തോന്നിയ ഒരു അഭിപ്രായത്തെ കുറിച്ചും സംസാരിച്ചു.

‘മലയാളി ഫ്രം ഇന്ത്യക്ക് നല്ല റെസ്‌പോണ്‍സാണ് കിട്ടുന്നത്. വളരെ നാച്ചുറലായി ചെയ്തിരിക്കുന്നു എന്നാണ് പറയുന്നത്. അതിലൊക്കെ ഒരുപാട് സന്തോഷമുണ്ട്. എല്ലാവരും അത് തന്നെയാണ് പറയുന്നത്.
എനിക്ക് കൂടുതല്‍ സന്തോഷം കിട്ടിയ അല്ലെങ്കില്‍ ഒരു ഓസ്‌കര്‍ ലെവലില്‍ കിട്ടിയ ഒരു അഭിപ്രായമുണ്ട്.

ലളിതാമ്മയുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണല്ലോ. അതിലേക്ക് ഞാന്‍ വരുമോ എന്ന ചോദ്യം ചോദിച്ചു. അതിലേക്ക് ഞാന്‍ എത്തിയെന്നല്ല പറഞ്ഞത്. ആ ചോദ്യം കേട്ടപ്പോള്‍ ഒരുപാട് സന്തോഷവും അഭിമാനവും സങ്കടവും തോന്നി. കാരണം ലളിതാമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്.

മാത്രവുമല്ല ലളിതാമ്മ വേറെ ലെവലാണ്. ഒരിക്കലും ഞാന്‍ ലളിതാമ്മയുടെ സ്ഥാനത്തേക്ക് എത്തില്ല. ഞങ്ങളെ കമ്പാരിസണ്‍ ചെയ്യാന്‍ പറ്റില്ല. അത്രമാത്രം ഞാന്‍ എത്തിയിട്ടില്ല. എങ്കില്‍ പോലും ലളിതാമ്മ എന്റെ ഫേവറൈറ്റായിരുന്നു.

എനിക്ക് മലയാള സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട നടി കെ.പി.എസ്.ഇ. ലളിതയാണെന്ന് ഞാന്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. ഇഷ്ടമുള്ള നായിക ഉര്‍വശിയാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ നടിയെന്ന് പറയുമ്പോള്‍ നായിക കോണ്‍സെപ്റ്റ് വേറെയാണല്ലോ. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. മാത്രവുമല്ല ലളിതാമ്മയുടെ കൂടെ കുറേ വര്‍ഷം ഒരുമിച്ച് ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് ഞാന്‍.

ഞങ്ങള്‍ ഒരുമിച്ച് ഒരു ഫ്‌ളാറ്റിലായിരുന്നു താമസം, ഒരേ ബില്‍ഡിങ്ങിലായിരുന്നു. ലളിതാമ്മ തന്നെയാണ് എന്നെ ആ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകുന്നത്. എന്നെ ഒരു മകളെ പോലെയാണ് അമ്മ കണ്ടത്. പത്തു പന്ത്രണ്ട് വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പിന്നെ യാത്രകളും ഷോപ്പിങ്ങും സിനിമ കാണാന്‍ പോകുന്നതുമൊക്കെ ഒരുമിച്ചായിരുന്നു.

പ്രൊഫഷണല്‍ ബന്ധമല്ലാതെ ഒരു വ്യക്തി ബന്ധവും ഉള്ളത് കൊണ്ട് ആക്ടിങ്ങില്‍ കുറേയൊക്കെ അമ്മയോട് സാമ്യമുണ്ടാകാം. പിന്നെ അമ്മയുടെ റെഫറന്‍സ് എടുത്തിട്ടുണ്ട്. ലളിതാമ്മയുടെ ഒരുപാട് സിനിമകള്‍ ഞാന്‍ കാണാറുണ്ട്. ഇഷ്ടമാണ് അവരെ. അത്രയേറെ അടുപ്പവും ഇഷ്ടവും സ്‌നേഹവുമൊക്കെയാണ്,’ മഞ്ജു പിള്ള പറഞ്ഞു.


Content Highlight: Manju Pillai Talks About A Positive Response After Malayali From India