| Monday, 6th May 2024, 9:47 pm

ഗോപിയോട് പറയുന്ന ആ ഡയലോഗുകള്‍ എന്റെ അമ്മയുടേത്; ഓവറാക്കാതെ ചില സീനുകളില്‍ കൊണ്ടുവരികയായിരുന്നു: മഞ്ജു പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്ക് ശേഷം ഡിജോയുടെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു നായകനായത്.

ഷാരിസ് മുഹമ്മദിനൊപ്പം തുടര്‍ച്ചയായി ഡിജോ മൂന്നാമതും ഒരു സിനിമക്കായി ഒന്നിച്ചു എന്ന പ്രത്യേകതയും മലയാളി ഫ്രം ഇന്ത്യക്കുണ്ടായിരുന്നു. സിനിമയില്‍ നിവിന്‍ പോളിയുടെ അമ്മയായ സുമ എന്ന കഥാപാത്രമായി എത്തിയത് മഞ്ജു പിള്ളയായിരുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മലയാളി ഫ്രം ഇന്ത്യയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് താരം.

‘നമ്മുടെ അമ്മമാരൊക്കെ പലപ്പോഴും വീട്ടില്‍ ഒറ്റക്കാകും. എന്റെ അമ്മയൊക്കെ വീട്ടില്‍ ഒറ്റക്കാണ്. അച്ഛന്‍ ഉണ്ടെങ്കില്‍ പോലും മുമ്പത്തേക്കാള്‍ സംസാരങ്ങള്‍ കുറഞ്ഞു. ഞാന്‍ തിരക്കിലായത് കൊണ്ട് അവിടെ ഉണ്ടാകില്ല. പലപ്പോഴും സഹോദരനും ഉണ്ടാകില്ല.

വീട്ടില്‍ അമ്മയും അച്ഛനും മാത്രമാണ് ഉണ്ടാകുക. അവര്‍ക്ക് ഉള്ളില്‍ കുറേ പ്രഷറുകളും വിഷമങ്ങളും ഉണ്ടാകാം. അതൊക്കെ ആരോടും പറയാതെ ഉള്ളില്‍ ഒതുക്കി അങ്ങനെ നില്‍ക്കുമ്പോഴാകും ഒരു അവസരം വരുമ്പോള്‍ അവര്‍ അത് പരാതിപോലെ പറയുന്നത്. അവരുടെ ദുഃഖങ്ങളാകും അതൊക്കെ.

അതുതന്നെയാണ് മലയാളി ഫ്രം ഇന്ത്യയില്‍ പറയുന്നത്. മകന്‍ നന്നായില്ലല്ലോ എന്നുള്ള വിഷമം തന്നെയാണ് പരാതികളായി പറയുന്നതും പിന്നെ ചീത്ത വിളിക്കുന്നതും. ഈ സിനിമയില്‍ ‘അവന്റെ അമ്മേടെ…’ എന്ന് പറയുന്ന കുറച്ചു ഡയലോഗുകളുണ്ട്. ഇത് എന്റെ അമ്മ വീട്ടില്‍ പറയുന്നതാണ്.

ദേഷ്യം വരുമ്പോള്‍ അമ്മ എന്റെ അനിയനോട് പറയുമെന്നത് കേട്ടിട്ടുണ്ട്. ‘അയ്യേ ഇന്ന് സാമ്പാറാണോ? ചിക്കനില്ലേ?’ എന്ന് അവന്‍ ചോദിക്കുമ്പോള്‍ ‘അവന്റെ അമ്മേടെ ചിക്കന്‍. വേണേല്‍ കഴിച്ചിട്ട് എഴുന്നേറ്റ് പോടാ’ എന്ന് അമ്മ പറയും. അങ്ങനെയുള്ള കുറേ സിറ്റുവേഷനുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

ഇത് ഞാന്‍ സിനിമയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഞാന്‍ ഡിജോയോട് ‘എന്റെ അമ്മ ഇടക്ക് ഇങ്ങനെ പറയാറുണ്ട്. അത് ഞാന്‍ ഇതില്‍ ഇട്ടോട്ടെ’ എന്ന് ചോദിക്കുകയായിരുന്നു. ഡിജോക്ക് അത് ഇഷ്ടമാകുകയും അങ്ങനെ പറയാന്‍ സമ്മതിക്കുകയും ചെയ്തു. ഓവറാക്കാതെ രണ്ടുമൂന്ന് സ്ഥലങ്ങളില്‍ മാത്രം ആ ഡയലോഗ് ഞാന്‍ കൊണ്ടുവന്നു,’ മഞ്ജു പിള്ള പറഞ്ഞു.


Content Highlight: Manju Pillai Talks About A dialogue In Malayali From India

We use cookies to give you the best possible experience. Learn more