വസ്ത്രം മാറാന്‍ ലുങ്കിയുടെ മറ, പൊട്ടിപൊളിഞ്ഞ ബാത്ത്‌റൂം; അടുത്ത ദിവസം ഞാന്‍ ഷൂട്ടിന് പോയില്ല: മഞ്ജു പിള്ള
Entertainment
വസ്ത്രം മാറാന്‍ ലുങ്കിയുടെ മറ, പൊട്ടിപൊളിഞ്ഞ ബാത്ത്‌റൂം; അടുത്ത ദിവസം ഞാന്‍ ഷൂട്ടിന് പോയില്ല: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th April 2024, 3:03 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. ഒരുപാട് കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് അവര്‍. ഹാസ്യതാരമായി തന്റെ കരിയര്‍ തുടങ്ങിയ മഞ്ജു ഇന്ന് മലയാളത്തില്‍ മികച്ച സിനിമകളുടെ ഭാഗമാണ്.

ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ സിനിമകളില്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മഞ്ജു പിള്ള. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായിരുന്നു താരം.

‘നമ്മള്‍ തെരഞ്ഞെടുക്കുന്നത് പോലെയിരിക്കും എല്ലാ കാര്യങ്ങളും. ഞാന്‍ എപ്പോഴും നല്ല പ്രൊഡക്ഷന്‍ നോക്കിയാണ് സിനിമ തെരഞ്ഞെടുക്കുന്നത്. ഞാന്‍ കുറച്ച് സീനിയറായത് കൊണ്ടാകും എനിക്ക് സിനിമയില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ല.

സീനിയര്‍ ആയത് കൊണ്ടും എനിക്ക് അങ്ങനെയൊരു ബാക്ഗ്രൗണ്ട് ഉള്ളത് കൊണ്ടുമാകും. പക്ഷേ ഒരിക്കല്‍ മാത്രം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇപ്പോഴല്ല പണ്ട് നടന്ന സംഭവമാണ്. ഒരു വൃത്തിയിലാത്ത ടോയ്ലറ്റില്‍ പോവേണ്ടി വന്നു. ഒട്ടും വൃത്തിയില്ലാത്ത ടോയ്‌ലറ്റായിരുന്നു അത്.

പഴയ വീട്ടിലാണ് അന്ന് ഷൂട്ടിങ് നടന്നത്. അതിന്റെ ബാത്ത്‌റൂം വീടിന്റെ പുറത്തായിരുന്നു. ആകെ പൊട്ടിപൊളിഞ്ഞ് പാമ്പുണ്ടോയെന്ന് പോലും അറിയില്ലായിരുന്നു. എനിക്ക് അത് വലിയ ബുദ്ധിമുട്ടായി. സ്ത്രീകളെ സംബന്ധിച്ച് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.

അന്ന് ഞാന്‍ എനിക്ക് നല്ല ബാത്ത്റൂം വേണമെന്ന് പറഞ്ഞു. അല്ലെങ്കില്‍ അടുത്തുള്ള വീടുകളില്‍ എവിടെയെങ്കിലും അതിനുള്ള സൗകര്യം ഒരുക്കി തരണമെന്ന് പറഞ്ഞു. പക്ഷേ അവര്‍ ഒന്നും ചെയ്തു തന്നില്ല. ആണുങ്ങള്‍ക്ക് ടോയ്‌ലറ്റ് ഇല്ലെങ്കിലും കുഴപ്പമില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് അങ്ങനെയല്ലല്ലോ.

അത്തരം ബുദ്ധിമുട്ട് വന്നിട്ടുണ്ട്. പിറ്റേന്ന് ഞാന്‍ ഷൂട്ടിന് പോയില്ല. അന്ന് ഡ്രസ് ചേഞ്ച് ചെയ്തിരുന്നത് വീടിന്റെ ഒരു കോര്‍ണറില്‍ നിന്നാണ്. അതും കൂടെയുള്ളവര്‍ ലുങ്കിയൊക്കെ ഉയര്‍ത്തി പിടിച്ച് മറ ഉണ്ടാക്കിയിട്ടാണ് ഞാന്‍ ഡ്രസ് ചേഞ്ച് ചെയ്യുന്നത്.

പണ്ട് സീരിയല്‍ ചെയ്യുന്ന സമയത്ത് കോസ്റ്റ്യൂം മാറുമ്പോള്‍ ഒളിഞ്ഞു നോട്ടം ഉണ്ടാകുമായിരുന്നു. അന്ന് ഡ്രസ് അഴിക്കുന്നതിന് ഇടയില്‍ മുകളിലേക്ക് നോക്കുമ്പോള്‍ അവിടെ രണ്ട് കണ്ണുകള്‍ ഉണ്ടാകുമെന്ന് നീന ചേച്ചി (നീന കുറുപ്പ്) പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയിലോ സീരിയലിലോ ഉള്ളവരാകില്ല ഇത്. ആരോ ചെയ്യുന്നതാണ്. അങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. ഇന്നാണ് ക്യാരവാനൊക്കെ വരുന്നത്,’ മഞ്ജു പിള്ള പറഞ്ഞു.


Content Highlight: Manju Pillai Talks About A Bad Experience In Movie