കമൽ ഹാസൻ നായകനായ ‘മന്മഥൻ അമ്പു’ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മഞ്ജു പിള്ള. കമൽ ഹാസന് തന്നെ കാണണമെന്ന് പറഞ്ഞിട്ട് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വരാൻ പറഞ്ഞ് വിളിച്ചിരുന്നെന്ന് മഞ്ജു പറഞ്ഞു. ആ ഒരു യാത്രയിൽ കമൽ ഹാസന്റെ വിനയം എന്താണെന്ന് തനിക്ക് മനസിലായെന്നും മഞ്ജു പറയുന്നുണ്ട്.
താൻ അവിടെ എത്തിയിട്ട് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടാണ് കമൽ ഹാസൻ വന്നതെന്നും എന്നാൽ ഓരോ 15 മിനുട്ടിലും അദ്ദേഹത്തിന്റെ മാനേജറെ വിളിച്ചിട്ട് നേരം വൈകുന്നതിന് തന്നോട് സോറി പറയാൻ പറഞ്ഞെന്നും മഞ്ജു കൂട്ടിച്ചേർത്തു. കമൽ ഹാസന് അതൊന്നും പറയേണ്ട ആവശ്യമില്ലെന്നും മഞ്ജു മൈൽ സ്റ്റോൺ മേക്കേഴ്സിനോട് പറഞ്ഞു.
‘കമൽ സാറിന്റെ ഓഫീസിൽ നിന്ന് വിളിച്ചു. കമൽ സാറിന് എന്നെ ഒന്ന് കാണണം, വരാൻ പറഞ്ഞു. രാവിലത്തെ ഫ്ലൈറ്റിനു പോകുന്നു, വൈകുന്നേരത്തെ ഫ്ലൈറ്റിന് തിരിച്ചു വരുന്നു. ആ ഒരു യാത്രയിൽ തന്നെ കമൽ സാറിന്റെ വിനയം എനിക്ക് മനസ്സിലായി. ഞാൻ അവിടെ പോയിട്ട് ഒന്നര രണ്ടു മണിക്കൂറിനു ശേഷമാണ് സാർ വരുന്നത്.
സാർ ട്രാഫിക്കിൽ സ്റ്റക്ക് ആയിപ്പോയി. ഈ ഓരോ 15 മിനുട്ടിലും സാറിന്റെ ഓഫീസിലെ മാനേജറെ വിളിച്ചിട്ട് സോറി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഞാനിവിടെ എത്തി, ട്രാഫിക്കിൽ പെട്ടിരിക്കുകയാണ്, അവരോട് സോറി പറയണം എന്നൊക്കെ പറഞ്ഞു. തിരിച്ചെത്തിയിട്ടും ആ മനുഷ്യൻ സോറി പറയുകയാണ്. ഒന്നും വിചാരിക്കരുത് സോറി എന്ന്. ഒരാളെ ആദ്യമായി കാണുമ്പോൾ അങ്ങനെ പറയേണ്ട ആവശ്യമില്ലല്ലോ.
ഞാൻ സെറ്റിൽ നിന്ന് മനസിലാക്കിയ ഒരു കാര്യം എന്താണെന്ന് വെച്ചാൽ പ്രൊഡക്ഷൻ ബോയ് മുതൽ തലപ്പത്തിരിക്കുന്ന പ്രൊഡ്യൂസർ വരെ അദ്ദേഹം ഒരേപോലെ കാണും എന്നതാണ്. എല്ലാവരെയും ഒരേപോലെ ട്രീറ്റ് ചെയ്യുകയുള്ളൂ. നമ്മുടെ ഇൻഡസ്ട്രിയിൽ ഉള്ള ആളുകൾ അങ്ങനെ തന്നെയാണ്. ഞാൻ കമൽ സാറിന്റെ കാര്യം ചോദിച്ചു കൊണ്ട് പറഞ്ഞതാണ്.
ഞാനൊക്കെ കമൽ സാറിനെ മനസിൽ അങ്ങനെ കാണുന്ന സമയത്താണ് ഞാൻ തമിഴിൽ പോകുന്നത്. നമ്മുടെ ഇൻഡസ്ട്രിയിൽ മമ്മൂക്ക ആണെങ്കിലും ലാലേട്ടൻ ആണെങ്കിലും ഇതേ പോലെയാണ്. എനിക്കത് ഭയങ്കര അത്ഭുതം ആയിരുന്നു,’ മഞ്ജു പിള്ള പറഞ്ഞു.
Content Highlight: Manju pillai shares kamal hasan meet