|

ലളിതാമ്മ മരിച്ച ദിവസം തന്നെ സുബിയും പോയി; വാക്കുകള്‍ ഇടറി മഞ്ജു പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടിയും അവതാരകയുമായി സുബി സുരേഷിന്റെ വേര്‍പാടില്‍ വാക്കുകള്‍ ഇടറി അടുത്ത സുഹൃത്ത് മഞ്ജു പിള്ള. എന്താവശ്യമുണ്ടെങ്കിലും തന്നോടാണ് പറയാറുള്ളതെന്നും സുബിക്ക് അടുപ്പമുള്ള ഏക പെണ്‍ സുഹൃത്ത് താനായിരുന്നുവെന്നും മഞ്ജു പറഞ്ഞു. കെ.പി.എ.സി ലളിത പോയി ഒരു വര്‍ഷം തികയുന്ന ദിവസം തന്നെ ഏറ്റവും അടുത്ത മറ്റൊരാള്‍ പോകുന്നത് വളരെയധികം വേദനിപ്പിക്കുന്നുണ്ടെന്നും മഞ്ജു പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

‘സുബിയുമായി വര്‍ഷങ്ങളായുള്ള പരിചയമുണ്ട്. സുബിക്ക് കൂടുതലും ആണ്‍സുഹൃത്തുക്കളായിരുന്നു ഉണ്ടായിരുന്നത്. ഏതെങ്കിലും ഒരു പെണ്ണിനോട് അടുപ്പം കാണിച്ചിട്ടുണ്ടെങ്കില്‍ അത് മഞ്ജുവിനോട് മാത്രമായിരിക്കുമെന്ന് മമ്മി പറയുമായിരുന്നു. തിരുവന്തപുരത്ത് പോകുമ്പോള്‍ സുബിയുടെ വീട്ടില്‍ പോയി നില്‍ക്കാറുണ്ട്. അവിടെ വേറൊരു വീട്ടിലും പോവാറില്ല. എന്തെങ്കിലും ആവശ്യം വന്നാല്‍ സുബി എന്റെ വീട്ടിലാണ് വരാറുള്ളത്. ഞാനില്ലെങ്കിലും അവള്‍ എന്റെ വീട്ടില്‍ പോയി നില്‍ക്കാറുണ്ട്. എന്റെ അമ്മയുമായി അത്ര അടുപ്പമുണ്ടായിരുന്നു.

ശാരീരികമായി ഒരുപാട് അസുഖങ്ങളുള്ള കുട്ടിയായിരുന്നു. വളരെ അടുത്ത കുറച്ച് ആളുകള്‍ക്ക് മാത്രമാണ് അതൊക്കെ അറിയാവുന്നത്. പലപ്പോഴും ക്രിട്ടിക്കല്‍ സ്‌റ്റേജില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാവാറുണ്ടെങ്കിലും ശക്തമായി തിരിച്ച് വരുമായിരുന്നു. സീരിയസാണെന്ന് അറിഞ്ഞപ്പോഴും അവള്‍ ഇത്ര പെട്ടെന്ന് പോകുമെന്ന് വിചാരിച്ചില്ല.

ഒറ്റക്ക് പോരാടി നേടിയെടുത്ത ജീവിതമായിരുന്നു സുബിയുടേത്. ലളിതാമ്മ പോയിട്ട് ഒരു വര്‍ഷം തികയുന്ന ദിവസമാണിന്ന്. വളരെ അടുപ്പമുള്ള രണ്ട് പേര് ഒരേദിവസം പോവുക എന്ന് പറയുന്നത് വേദനയുണ്ടാക്കുന്നതാണ്,’ മഞ്ജു പറഞ്ഞു.

കരള്‍ സംബന്ധമായ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച രാവിലെയോടെയായിരുന്നു സുബിയുടെ അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു.

മഞ്ഞപിത്തം വന്നതിനെ തുടര്‍ന്ന് രോഗം കരളിനെ ബാധിക്കുകയും കരള്‍ മാറ്റിവെക്കേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്തിരുന്നു. കരള്‍ മാറ്റിവെക്കുന്നതിനും സങ്കീര്‍ണതകള്‍ വന്നതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നീട്ടിവെക്കുകയായിരുന്നു. ഇതിനിടക്കാണ് മരണം സംഭവിച്ചത്. കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പക്കാര്‍ പറയുന്നത്.

Content Highlight: manju pillai shares her memories with subi suresh

Latest Stories