മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മഞ്ജു പിള്ള. സിനിമാ-സീരിയല്‍ രംഗത്ത് ഒരുപോലെ സജീവമായ നടി വര്‍ഷങ്ങളോളം ഹാസ്യ വേഷങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്.
എന്നാല്‍ മഞ്ജു പിന്നീട് സ്വഭാവവേഷങ്ങളും അവതരിപ്പിച്ചു തുടങ്ങി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന മഹാ സീരിയലിലും മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
മഞ്ജുവിന് ഏറെ ഇഷ്ടപ്പെട്ട നടനാണ് മമ്മൂട്ടി. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് അപ്പുറത്തേക്ക് മമ്മൂട്ടി എന്ന വ്യക്തിയുടേയും ഫാനാണ് താനെന്ന് പറയുകയാണ് മഞ്ജു പിള്ള. മനോരമ ന്യൂസിലെ നേരെ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു നടി.
‘മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് അപ്പുറത്തേക്ക് മമ്മൂട്ടി എന്ന വ്യക്തിയുടേയും ഫാനാണ് ഞാന്‍. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍, നമ്മളോടുള്ള പെരുമാറ്റമാണ് കാരണം.
പണ്ടൊക്കെ അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ വളരെ സീരീയസായ ആളാണെന്ന് പറയുമായിരുന്നു. പണ്ട് എനിക്ക് ഉള്‍പ്പെടെ മമ്മൂക്കയെ പേടിയായിരുന്നു. എന്റെ ആദ്യ കൊമേഴ്ഷ്യല്‍ മൂവി അദ്ദേഹത്തിന്റെ ഒപ്പമായിരുന്നു.
പിന്നെയാണ് മഴയെത്തും മുന്‍പേ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. ആ പടം ചെയ്തതോടെ മമ്മൂക്കയെന്ന നടനോട് എനിക്ക് ബഹുമാനം തോന്നി തുടങ്ങി.
എനിക്ക് പലപ്പോഴും വളരെ വലിയൊരാളെ കാണുമ്പോള്‍ തോന്നുന്ന ഭയമായിരുന്നു തോന്നിയത്. പ്രിന്‍സിപാളിനെ കാണുമ്പോള്‍ ഭയം തോന്നില്ലേ, അങ്ങനെയുള്ള ഭയമായിരുന്നു തോന്നിയത്.
പക്ഷെ മമ്മൂക്ക വളരെ പാവമാണ്. മഴയെത്തും മുന്‍പേയുടെ സമയത്ത് നമ്മള്‍ പാട്ടുപാടി ബഹളം വെയ്ക്കുമ്പോള്‍ മമ്മൂക്ക അത് വഴി പോകുകയാണെങ്കില്‍ അടുത്തേക്ക് വരും.
അപ്പോള്‍ ഞങ്ങള്‍ക്ക് പേടി കാരണം പാടാന്‍ പറ്റില്ല. കീര്‍ത്തിയും ആനിയുമൊക്കെ കൂടെ ഉണ്ടായിരുന്നു. പക്ഷെ മമ്മൂക്ക ഞങ്ങളോട് പാടിക്കോളൂവെന്ന് പറയും,’ മഞ്ജു പിള്ള പറയുന്നു.
Content Highlight: Manju Pillai Says she has a fear of Mammootty like a principal