മലയാള സിനിമാ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നടിയാണ് മഞ്ജു പിള്ള. സത്യവും മിഥ്യയും എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് കുടുംബ ചിത്രങ്ങള്‍, പരമ്പരകള്‍ എന്നിവയില്‍ അഭിനയിച്ചു. ഹാസ്യ വേഷങ്ങളിലാണ് മഞ്ജു ആദ്യം അഭിനയിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 2021ല്‍ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തില്‍ മഞ്ജു അഭിനയിച്ച ആനിയമ്മ എന്ന കഥാപാത്രം ഏറെ പ്രേക്ഷക നിരൂപണം ലഭിച്ച കഥാപാത്രമാണ്.
ഇപ്പോള്‍ തന്റെ ഫേവറിറ്റ് ആക്ടറിനെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള. തന്റെ ഫേവറിറ്റ് മമ്മൂട്ടിയാണെന്നും അന്നും ഇന്നും താന്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും മഞ്ജു പിള്ള പറയുന്നു. ഫാലിമി എന്ന സിനിമ കണ്ടെന്നും നമുക്ക് ഒരുമിച്ച് സിനിമ ചെയ്യേണ്ടെയെന്നും ഒരിക്കല്‍ മമ്മൂട്ടി ചോദിച്ചെന്നും അങ്ങനെ ഒരു സിനിമക്കായി താന്‍ കാത്തിരിക്കുകയാണെന്നും മഞ്ജു പറഞ്ഞു. മനോരമ ന്യൂസ് നേരെ ചൊവ്വയില്‍ സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള.
‘എന്റെ ഫേവറിറ്റ് ആക്ടര്‍ മമ്മൂക്കയാണ്. ഞാന്‍ അന്നും ഇന്നും ഒരു ഹാര്‍ഡ്‌കോര്‍ മമ്മൂക്ക ഫാനാണ്. ഒരു ദിവസം ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മമ്മൂക്ക എന്നെ അടുത്തേക്ക് വിളിച്ചിട്ട് ‘ഫാലിമി കണ്ടു. എല്ലാം അടിപൊളിയാകുന്നുണ്ട്’ എന്ന് പറഞ്ഞു.
എന്റെ ഫേവറിറ്റ് ആക്ടര്‍ മമ്മൂക്കയാണ്
ഓക്കെ മമ്മൂക്ക എന്ന് പറഞ്ഞ് ഞാന്‍ പോകാന്‍ നിന്നപ്പോള്‍ ‘നമുക്കൊരു സിനിമ ചെയ്യേണ്ടേ?’ എന്ന് ചോദിച്ചു. പിന്നെ വേണ്ടേ, വേഗം ചെയ്യാമെന്ന് ഞാനും പറഞ്ഞു. ആ വിളിയും കാത്തിരിക്കുകയാണ്,’ മഞ്ജു പിള്ള പറയുന്നു.
ഹോം, ഫാലിമി എന്നീ സിനിമകള്‍ കണ്ട ശേഷം മോഹന്‍ലാലില്‍ നിന്നും മമ്മൂട്ടിയില്‍ നിന്നും ലഭിച്ച റെസ്പോണ്‍സിനെ കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു.
‘ഹോം കഴിഞ്ഞപ്പോഴും ഫാലിമി വന്നപ്പോഴുമൊക്കെ ഒരുപാട് നല്ല റെസ്പോണ്‍സ് ലഭിച്ചിരുന്നു. ഹോം സിനിമ കണ്ടിട്ട് ലാലേട്ടന്‍ എന്നെ ഫോണ്‍ ചെയ്തിരുന്നു. ‘ഹോം കണ്ടു. അസലായി’ എന്ന് പറഞ്ഞു.
അതുപോലെ മമ്മൂക്ക ഫാലിമി കണ്ടിട്ട് വിളിച്ചിരുന്നു. അദ്ദേഹം എന്നെ നേരിട്ട് കണ്ടപ്പോള്‍ ‘നന്നാകുന്നുണ്ട്. അടിപൊളി ആകുന്നുണ്ട്’ എന്നൊക്കെ പറഞ്ഞു. അത്തരത്തില്‍ ഒരുപാട് നല്ല റെസ്പോണ്‍സ് എനിക്ക് ലഭിച്ചിരുന്നു. അതൊന്നും ഞാന്‍ മറക്കില്ല,’ മഞ്ജു പിള്ള പറഞ്ഞു.
Content Highlight: Manju Pillai Says Mammootty Is Her Favorite Actor