Entertainment
ഏത് സൂപ്പർസ്റ്റാർ ആണെന്ന് പറഞ്ഞാലും എന്റെ ക്യാരക്ടർ പറയാൻ ബുദ്ധിമുട്ടുള്ള സിനിമയിൽ അഭിനയിക്കില്ല: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 09, 10:25 am
Sunday, 9th March 2025, 3:55 pm

മലയാള സിനിമാ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന നടിയാണ് മഞ്ജു പിള്ള. സത്യവും മിഥ്യയും എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് കുടുംബ ചിത്രങ്ങൾ, പരമ്പരകൾ എന്നിവയിൽ അഭിനയിച്ചു. ഹാസ്യ വേഷങ്ങളിലാണ് മഞ്ജു ആദ്യം അഭിനയിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

2021ൽ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിൽ മഞ്ജു അഭിനയിച്ച ആനിയമ്മ എന്ന കഥാപാത്രം ഏറെ പ്രേക്ഷക നിരൂപണം ലഭിച്ച കഥാപാത്രമാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന മഹാ പരമ്പരയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തന്നെ അന്യഭാഷ സൂപ്പർസ്റ്റാറിൻ്റെ സിനിമയിലേക്ക് വിളിച്ചിട്ടുണ്ടെന്നും എന്നാൽ തൻ്റെ ക്യാരക്ടറിനെപ്പറ്റി ചോദിച്ചപ്പോൾ അത് പറഞ്ഞില്ലെന്നും അതിനാൽ അതു വേണ്ടെന്നുവെച്ചുവെന്നും മഞ്ജു പറഞ്ഞു.

ബന്ധങ്ങളുടെ പേരിൽ ചെയ്ത ചില വർക്കുകൾ മോശമായിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. മൂവിവേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.

‘ഒരു വർക്ക് വന്നാൽ അത് ആലോചിച്ചിട്ടാണ് മറുപടി പറയുന്നത്. അതെനിക്ക് ഇതുവരെ തെറ്റിയിട്ടില്ല. വർക്കിൻ്റെ കാര്യത്തിൽ ഞാൻ വേണ്ട എന്ന് വെച്ചതിൽ നഷ്ടബോധം വന്നിട്ടില്ല. എന്നാൽ വേണമെന്ന് വിചാരിച്ച് ചെയ്ത ചില വർക്കുകൾ മോശമായിട്ടുണ്ട്. അതില്ലായെന്ന് പറയുന്നില്ല. അത് ബന്ധങ്ങളുടെ പേരിൽ പോയി ചെയ്തതാണ്.

സിനിമയാണെങ്കിലും ജീവിതമാണെങ്കിലും അത് നമ്മുടെ കയ്യിലല്ല. സിനിമ ചിലത് വിജയിക്കും ചിലത് മോശമാകും. അന്യഭാഷ സൂപ്പർസ്റ്റാറിൻ്റെ ഒരു സിനിമ എന്നെ വിളിച്ചു. പൈസ പ്രശ്നമാണെന്ന് പറഞ്ഞപ്പോഴും വിട്ടുകളയേണ്ട, നല്ലൊരു അവസരമല്ലേയെന്ന് കരുതി. ആറ് ദിവസമാണ് ചോദിച്ചത്.

അന്യഭാഷാ ചിത്രങ്ങളിൽ അങ്ങനെ പറഞ്ഞാലും അത് നീണ്ടു പോകാറുണ്ട്. എന്നാലും കുഴപ്പമില്ല ചെയ്യാമെന്ന് വിചാരിച്ചു. എന്നാൽ സിനിമയിലെ എൻ്റെ ക്യാരക്ടറിനെപ്പറ്റി ചോദിച്ചപ്പോൾ അത് റിവീൽ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. അതെന്താ എന്ന് ചോദിച്ചപ്പോൾ എല്ലാവരുടെയും അങ്ങനെയാണെന്ന് പറഞ്ഞു. അതെന്തായെന്ന് എനിക്ക് മനസിലാകുന്നില്ല. എന്ത് ടൈപ് ഓഫ് ക്യാരക്ടറാണെന്ന് എനിക്ക് അറിയണ്ടെ? ഞാനത് ചെയ്യുന്നില്ലെന്ന് പറഞ്ഞു.

ഏത് സൂപ്പർസ്റ്റാർ ആണെന്ന് പറഞ്ഞാലും എന്റെ ക്യാരക്ടർ പറയാൻ ബുദ്ധിമുട്ടുള്ള സിനിമയിൽ അഭിനയിക്കില്ല. അതെൻ്റെ അവകാശമാണ്. അത് ആ ക്യാരക്ടറിനെപ്പറ്റി മനസ്സിലാക്കാനും പഠിക്കാനും വേണ്ടിയിട്ടാണ്. മലയാളത്തിൽ നിന്നും വന്നവരാരും അങ്ങനെ പറഞ്ഞിട്ടില്ല,’ മഞ്ജു പിള്ള പറയുന്നു.

മഞ്ജു പിള്ളയ്ക്ക് 2000-2001ൽ വി.എൻ. മോഹൻദാസിന്റെ ദേവരഞ്ജിനി, വേണു നായരുടെ സേതുവിന്റെ കഥകൾ എന്നീ സീരിയലുകളുടെ പ്രകടനത്തിന് മികച്ച ടെലിവിഷൻ അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്കാരം, 2002-2003ൽ അലി അക്ബറിൻ്റെ സുന്ദരന്മാരും സുന്ദരികളും എന്ന സീരിയലിലെ അഭിനയത്തിന് ഫിലിം ക്രിട്ടിക്സ് അവാർഡുകളും ലഭിച്ചിട്ടുണ്ട്

Content Highlight: Manju Pillai saying she rejected a Tamil movie