കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് നടി മഞ്ജു പിള്ള. ഹാസ്യതാരമായി തന്റെ കരിയർ തുടങ്ങിയ മഞ്ജു ഇന്ന് മലയാളത്തിൽ മികച്ച സിനിമകളുടെ ഭാഗമായി കൊണ്ടിരിക്കുകയാണ്. സിനിമയിലും സീരിയലിലും റിയാലിറ്റി ഷോയിലും നിറസാന്നിധ്യമാണ് മഞ്ജു.
താൻ നഷ്ടപ്പെടുത്തിയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് താരം. നഷ്ടപ്പെട്ട സിനിമകൾ എന്ന് പറയാൻ പറ്റില്ലെന്നും താൻ നഷ്ടപ്പെടുത്തിയ സിനിമകളുണ്ടെന്നും മഞ്ജു പിള്ള പറഞ്ഞു. വെള്ളിമൂങ്ങയിലെ വീണ ചെയ്ത കഥാപാത്രം ആദ്യം തനിക്കാണ് വന്നതെന്നും മഞ്ജു മൈൽ സ്റ്റോൺ മേക്കേഴ്സിനോട് പറഞ്ഞു.
‘നഷ്ടപ്പെട്ട സിനിമകൾ എന്ന് പറയാൻ പറ്റില്ല. ഞാൻ നഷ്ടപ്പെടുത്തിയ സിനിമകളുണ്ട്. വെള്ളിമൂങ്ങ സിനിമയിൽ വീണ ചെയ്ത കഥാപാത്രത്തിന് ആദ്യം എന്നെയാണ് വിളിക്കുന്നത്. ഞാൻ തന്ന ദാനമാണ് നിന്റെ ലൈഫ് എന്ന് വീണയുടെ അടുത്ത് പറയും. ആ സമയം മോള് ചെറുതായതുകൊണ്ട് എനിക്ക് വിട്ടു നിൽക്കാൻ പറ്റാത്തതുകൊണ്ട് വേണ്ടന്ന് വെച്ചതായിരുന്നു ജിനുവിൻ്റെ പടം,’ മഞ്ജു പിള്ള പറയുന്നു.
ഫാലിമി സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ടപെട്ട സീനിനെക്കുറിച്ചും മഞ്ജു പിള്ള അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഫാലിമിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീനുണ്ട്. ബസിൽ നിന്ന് ഞാൻ ഇറങ്ങിയിട്ട് വൊമിറ്റ് ചെയ്യും. വൊമിറ്റ് ചെയ്തു കഴിഞ്ഞിട്ട് ഒരു മണിക്കൂർ കൂടി വെയിറ്റ് ചെയ്യാമായിരുന്നില്ലേ അമ്മയ്ക്ക് എന്ന് ബേസിൽ ചോദിക്കും. ഒരു മണിക്കൂറത്തെ കാര്യമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയുമ്പോൾ അതേടാ എന്ന് പറഞ്ഞ് മറുപടി പറയുന്നുണ്ട്.
ഒരു മണിക്കൂർ നമ്മൾ ഈ ചർദ്ദി എങ്ങനെ പിടിച്ചു വെക്കും. ചർദിച്ച് കഴിഞ്ഞിട്ട് ഞാൻ ഇങ്ങനെ നോക്കുമ്പോൾ ജഗദീഷേട്ടൻ പാക്ക് ചവച്ചുകൊണ്ടിരിക്കുന്ന ഒരു സീൻ ഉണ്ട്. അപ്പോൾ ഞാൻ പറയും എന്ത് കിട്ടിയാലും വലിച്ചു കയറ്റിക്കോണം എന്ന്.
അത് പറയുമ്പോൾ പുള്ളി തുപ്പുന്നതെല്ലാം ഒരു ടൈമിങ് ആണ്. അവിടെ അത്രയും ആർട്ടിസ്റ്റുകൾ ഒരു ഗിവ് ആൻഡ് ടേക്ക് ചെയ്തത് കൊണ്ടാണ് ആ സീൻ നന്നാവുന്നത്. അതുകൊണ്ടാണ് നമുക്ക് നല്ല രീതിയിൽ പെർഫോം ചെയ്യാൻ പറ്റുന്നത്. നമ്മുടെ അപ്പുറത്ത് നിൽക്കുന്ന ആളുകളുടെ കഴിവ് അനുസരിച്ചിരിക്കും നമ്മുടെ കഴിവ്,’ മഞ്ജു പിള്ള പറഞ്ഞു.
Content Highlight: Manju pillai about lost movies