കമൽ ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ‘മന്മഥൻ അമ്പു’. ചിത്രത്തിൽ മലയാളി താരങ്ങളായ കുഞ്ചനും മഞ്ജു പിള്ളയും അഭിനയിച്ചിട്ടുണ്ട്. താൻ ഈ ചിത്രത്തിൽ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള. കമൽ ഹാസന്റെ പടത്തിലേക്ക് വിളിക്കുമ്പോൾ തന്റെ മകൾ ചെറുതായിരുന്നെന്ന് മഞ്ജു പറഞ്ഞു.
കുഞ്ചനാണ് തന്നെ ആ സിനിമയിലേക്ക് സജസ്റ്റ് ചെയ്യുന്നതെന്നും ആ കഥാപാത്രം ചെയ്യാനിരുന്നത് കോവൈ സരള ആയിരുന്നെന്നും മഞ്ജു പറയുന്നുണ്ട്. പിന്നീട് ബിന്ദു പണിക്കറിലേക്ക് എത്തിയെന്നും അതിന് ശേഷമാണ് തന്നിലേക്ക് എത്തുന്നതെന്നും മഞ്ജു കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘കമൽ സാർ എന്നെ വിളിക്കുമ്പോൾ എന്റെ മോൾക്ക് ഒരു വയസോ രണ്ട് വയസോ ആയിട്ടുള്ളു. അവൾ കുഞ്ഞാണ്. എന്നെ വിളിക്കുന്നത് കുഞ്ചേട്ടനാണ്. അത് ശരിക്കും കോവൈ സരള ചെയ്യാനിരുന്നതാണ്. അതുകഴിഞ്ഞ് ബിന്ദു പണിക്കർക്ക് വന്നു. ബിന്ദു ചേച്ചിക്ക് വന്നിട്ടാണ് എന്റെ അടുത്തേക്ക് വരുന്നത്. ചേച്ചിക്ക് അത് ചെയ്യാൻ പറ്റിയില്ല.
അന്ന് കുഞ്ചേട്ടന്റെ മകളുടെ കല്യാണം ക്ഷണിക്കാൻ വേണ്ടിയിട്ട് കമൽ സാറിന്റെ അടുത്ത് പോയതാണ്. അന്ന് ഈ സ്റ്റോറി കുഞ്ചേട്ടന്റെ അടുത്ത് പറഞ്ഞു. മലയാളി പ്രൊഡ്യൂസേഴ്സ് ആയിരുന്നു. അവർക്ക് രണ്ട് മലയാളികളെ വേണം. ഒന്ന് കുഞ്ചൻ അഭിനയിക്കും വേറെ ആളെ കിട്ടിയിട്ടില്ല എന്ന് പറഞ്ഞു.
ചേട്ടനാണ് എന്റെ പേര് സജസ്റ്റ് ചെയ്യുന്നത്. കുഞ്ചേട്ടൻ ആണ് എന്നെ വിളിച്ചിട്ട് കമൽ സാറിന്റെ പടം ചെയ്യുമോയെന്ന് ചോദിക്കുന്നത്. ചേട്ടാ മോള് കുഞ്ഞല്ലേ എന്ന് ചോദിച്ചു. അവളെ ഇവിടെ ഇട്ടിട്ട് ഒരുമാസം മാറി നിൽക്കണം, പുറത്തായിരുന്നു ഷൂട്ട്.
അതെങ്ങനെ വരുന്നത്? എന്ന് ചോദിച്ചപ്പോൾ ‘ഈ ഒരു മാസം അവൾ വലുതായി കെട്ടിക്കാൻ ഒന്നും ആകില്ല. ആ ഒരുമാസം അവൾ അവിടെ നിൽക്കും നിന്റെ അമ്മയില്ലേ? നീ വന്നു ചെയ്യ് നല്ലൊരു പ്രൊഡക്ഷൻ ആണ്. വേണ്ടതെന്ന് വെക്കരുത്’ ചെയ്യാൻ പറഞ്ഞു. അങ്ങനെയാണ് ഞാൻ അത് ചെയ്യുന്നത്,’ മഞ്ജു പിള്ള പറഞ്ഞു.
Content Highlight: Manju pillai about how she acted in kamal hasan’s movie